കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പൾസർ സുനിക്ക് ക്വട്ടേഷൻ കിട്ടിയതു നാലുവർഷം മുമ്പ്. നടിയെ കെണിയിലാക്കാൻ സുനി മൂന്നുവട്ടം ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തൃശൂരിൽ വച്ച് ഒരു തവണ നടിയെ കെണിയിലാക്കാൻ സുനി ശ്രമിച്ചതായും വിവരം ലഭിച്ചു. അന്നു പരാജയപ്പെട്ടതിനെത്തുടർന്ന് ക്വട്ടേഷൻ നൽകിയയാൾ സുനിയെ വിളിച്ചന്വേഷിച്ചു. നടിക്കു മലയാള സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ തട്ടിക്കൊണ്ടു പോകലിനു തടസം നേരിട്ടു. പുതിയ സിനിമയിൽ അവസരം കിട്ടയതോടെ ക്വട്ടേഷൻ നടപ്പാക്കുകയായിരുന്നു. സുനിയുടെ സിനിമാ ബന്ധങ്ങളെ കുറിച്ചും പൊലീസിന് നിർണ്ണായക വിവരങ്ങൾ കിട്ടി. അത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. എന്നാൽ ദിലീപിനെ കുടുക്കേണ്ടതില്ലെന്ന ഉന്നതരുടെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം അവസാനിപ്പിച്ചേക്കും.

പൾസർ സുനിയുമായി സിനിമാ ലോകത്തിന് ഏറെ ബന്ധമുണ്ട്. മുകേഷിന്റെ ഡ്രൈവറായെത്തിയ പൾസർ ജോണി സാഗിരകയെ പോലുള്ള നിർമ്മാതാക്കൾക്കൊപ്പവും പ്രവർത്തിച്ചു. ആരെന്തു ചോദിച്ചാലും എത്തിച്ചു കൊടുക്കും. പൾസറിന്റെ സ്‌നേഹവായ്പയിൽ ചില നടന്മാരും പെട്ടു. ഇവർ ചതിക്കുഴിയിൽപ്പെട്ടു. പലരുടേയും രഹസ്യ വീഡിയോ പൾസർ സ്വന്തമാക്കി. ഇതുവച്ച് ബ്ലാക്ക് മെയിൽ ചെയ്തു. പൾസറിന്റെ ഫോൺ നഷ്ടമായതിന് കാരണം ഇതുകൊണ്ടാണ്. ഇതിൽ പലരുടേയും രഹസ്യമുണ്ട്. പൾസർ ശിക്ഷിക്കപ്പെട്ടാൽ പലരുടേയും രഹസ്യങ്ങൾ പുറത്തെത്തും. ഇത് സിനിമാലോകത്തെ വേദനിപ്പിക്കുന്നുണ്ട്.

സുനി രണ്ടു വർഷം മുൻപു മലയാളത്തിലെ മറ്റൊരു നടിയെയും സമാനമായ രീതിയിൽ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയതായി ആരോപണമുണ്ടായിരുന്നു. സിനിമാരംഗത്തെ പലർക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നെങ്കിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ തുടർന്നും സുനിലിന്റെ സജീവ സാന്നിധ്യമുണ്ടായി. പീഡനത്തിന് ഇരയായ നടി മാനഹാനി ഭയന്നു പരാതി നൽകാതിരുന്നതിനാൽ ഇതു സംബന്ധിച്ച അന്വേഷണം നടന്നില്ല. സുനിൽ ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലത്താണു നടിയെ ഉപദ്രവിച്ചതെന്നാണു പൊലീസിനു ലഭിച്ച വിവരം. നടൻ പിന്നീടു സുനിലിനെ ഒഴിവാക്കി. ഈ നടൻ മുകേഷാണെന്നാണ് സൂചന. സുനിൽ നടിയായ തന്റെ ഭാര്യയോടു മോശമായി പെരുമാറാൻ ശ്രമിച്ചതായി സിനിമാ നിർമ്മാതാവായ ഭർത്താവ് പരാതി നൽകിയിരുന്നു. ഇപ്പോഴത്തെ കേസിൽ പൊലീസിനു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യസംഭവങ്ങളിലും വിശദമായ അന്വേഷണം നടത്താനാണു തീരുമാനം.

യുവനടിയെ ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതു നാലു വർഷം പഴക്കമുള്ള ക്വട്ടേഷനെ തുടർന്നാണെന്ന സുനിയുടെ വെളിപ്പെടുത്തൽ തെളിയിക്കാൻ പൊലീസിന് ബുദ്ധിമുട്ടുകളേറെയാണ്. ലാൽ ക്രിയേഷന്റെ ബാനറിൽ നടിക്ക് അവസരം ലഭിച്ചതോടെയാണു വീണ്ടും സാധ്യത തെളിഞ്ഞത്. പൾസർ സുനി ക്വട്ടേഷൻ നൽകിയയാളെ വീണ്ടും ബന്ധപ്പെട്ടു. സുനിക്ക് വാഗ്ദാനം ചെയ്ത തുക ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പായപ്പോൾ ക്വട്ടേഷൻ വീണ്ടും സ്വീകരിക്കുകയായിരുന്നു. നടിയുമായി സൗഹൃദം സ്ഥാപിച്ച് ഗോവയിലെ ലൊക്കേഷനിലും സുനിയെത്തി. കൊച്ചിയിൽ അത് നടപ്പാക്കി. ഒന്നരക്കോടി രൂപയാണ് ഇതിനായി വാഗ്ദാനം ചെയ്തതെന്നും സുനിൽ പൊലീസിനോടു പറഞ്ഞു. ദൃശ്യങ്ങൾ പകർത്തി അതു കാണിച്ചു നടിയെ ഭീഷണിപ്പെടുത്താനുള്ള പദ്ധതി വിജയിച്ചാൻ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷൻ നൽകിയ വ്യക്തിക്കുണ്ടാകുമെന്നാണു സുനിലിന്റെ മൊഴി. ഇതു സംബന്ധിച്ചു നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ 6000 ഫോൺകോളുകൾ പരിശോധിച്ചു. സംഭവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെയും നാദിർഷയേയുംപൊലീസ് ചോദ്യം ചെയ്തിരുന്നു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കൃത്യമായ വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചില്ല. സുനിലിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ കുറെ കാര്യങ്ങൾ വസ്തുതാപരമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മൂന്നു തവണ പ്രതി ശ്രമം നടത്തിയിരുന്നു. അതിനായി നടി ജോലി ചെയ്യുന്ന സിനിമാ ലൊക്കേഷനുകളിൽ ഡ്രൈവറായി എത്തിയെങ്കിലും അവസരം കിട്ടിയില്ല. പിന്നീട്, നടിക്ക് അന്യഭാഷാ സിനിമകളിൽ അവസരം വന്നതോടെ സുനിൽകുമാർ ഈ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെയാണ് ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ നടി എത്തുന്നത്. ഇതോടെ വീണ്ടും ശ്രമം തുടങ്ങി.

ഗോവയിലെ സിനിമാ സെറ്റിൽ അമിതവിധേയത്വം കാണിച്ചു നടിയോട് അടുക്കാൻ പ്രതി ശ്രമിച്ചതിനും തെളിവുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ് ഗോവയിൽ നടക്കുമ്പോൾ പദ്ധതി നടപ്പാക്കാൻ സുനിൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതിനു ശേഷമാണ് ഫെബ്രുവരി 17നു തൃശൂർകൊച്ചി ദേശീയപാതയിൽ അങ്കമാലിക്കു സമീപം നടി സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറി കൃത്യം നിർവഹിച്ചത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുമ്പോൾ അവരുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വ്യക്തമായി വേണമെന്നു ക്വട്ടേഷൻ നൽകിയ വ്യക്തി നിർദേശിച്ചതായാണു പ്രതിയുടെ മൊഴി. അതിക്രമത്തിനിടെ നടി കരഞ്ഞപ്പോൾ ചിരിക്കാൻ പ്രതി നിർബന്ധിച്ചതായും പൊലീസിനു മൊഴി ലഭിച്ചു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന വ്യക്തമാകുന്ന തെളിവുകളിലേക്കു പൊലീസ് എത്തിയത് 6000 ഫോൺ കോളുകൾ പരിശോധിച്ചായിരുന്നു. അക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന വ്യക്തി ക്വട്ടേഷൻ സംഘവുമായി നേരിട്ടും മറ്റുള്ളവർ വഴിയും ബന്ധപ്പെട്ടതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

തെളിവുകൾ സ്ഥലകാല ക്രമത്തിൽ കോർത്തിണക്കാൻ കഴിയുന്നതോടെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിനു കഴിയും. സുനിലിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ കുറെ കാര്യങ്ങൾ വസ്തുതാപരമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. എന്നാൽ പുതിയ പൊലീസ് മേധാവിയുടെ നിലപാട് മനസ്സിലാക്കിയാകും അന്വേഷണ സംഘത്തിന്റെ ഇനിയുള്ള നീക്കങ്ങൾ.