കൊച്ചി: പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ഇതിനൊപ്പം പ്രധാന നേതാവിന്റെ മകനും-മുൻകൂർ ജാമ്യഹർജിയിൽ കാവ്യാ മാധവൻ വിശദീകരിച്ച കാര്യങ്ങളാണ് ഇവ. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. ഇതിൽ പ്രധാന നേതാവിന്റെ മകൻ എന്നതിലൂടെ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെയാണ് കാവ്യ ഉദ്ദേശിച്ചതെന്നും വ്യക്തമായിരുന്നു. പിന്നീട് കേസിൽ പ്രതിയാകാതെ സാക്ഷി മാത്രമായി കാവ്യമാറി. മുൻകൂർ ജാമ്യത്തിന്റെ ആവശ്യവും വന്നില്ല.

സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് അന്ന് കാവ്യ പറയാതെ പറഞ്ഞത്. സിനിമാ ലോകത്തെ ഈ ഗോസിപ്പ് ആദ്യം പുറത്തുവിട്ടത് മറുനാടനായിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയുടെ ജാമ്യ ഹർജി എത്തിയത്. രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് ഇവരും പറഞ്ഞു നടന്നു. ഇത് തന്നെയാണ് മാർട്ടിനും പറയാനുള്ളത്. ശ്രീകുമാരും മഞ്ജുവാര്യരും ചേർന്നൊരുക്കിയ ഗൂഢാലോചന. കേസിലെ മുഖ്യസാക്ഷിയാണ് രമ്യാ നമ്പീശൻ. അതുകൊണ്ട് രമ്യയയേും സമ്മർദ്ദത്തിലാക്കണം. അതിന് മാർട്ടിൻ വിരൽ രമ്യയിലേക്കും നീട്ടി.

പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് ദിലീപ് ഫാൻസുകാർ പറയുന്നത്. ഈ ആരോപണത്തിലെ വിശദാംശങ്ങളാണ് മറുനാടൻ നേരത്തെ പുറത്തു വിട്ടത്. മഞ്ജു വാര്യരുടെയും ദിലീപിന്റേയും വിവാഹമോചനത്തിലും ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് കാവ്യ ജാമ്യ ഹർജിയിലൂടെ പിന്നീട് ആരോപിക്കുകയും ചെയ്തു. രണ്ടാമൂഴത്തിന്റെ പേരു പറഞ്ഞ് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയെ ശ്രീകുമാർ വിശ്വാസത്തിലെടുത്തു. ദിലീപിന് അനുകൂലമായി പലരും നിലപാട് എടുക്കാൻ കാരണം ഈ കഥയുടെ സ്വാധീനം മൂലമാണെന്നും പറയുന്നു. രണ്ടാമൂഴം എന്ന 1000 കോടിയുടെ സിനിമയ്ക്ക് അർഹമായ മുന്നൊരുക്കങ്ങളൊന്നും നടക്കുന്നില്ല. സെറ്റു കാണലും മറ്റുമാണ് പുരോഗമിക്കുന്നത്. ബാഹുബലിക്ക് വേണ്ടി രാജമൗലി എടുത്ത എഫേർട്ട് എന്തുകൊണ്ട് രണ്ടാമൂഴത്തിനില്ലെന്നതും പലരേയും അത്ഭുതപ്പെടുത്തുന്നു. ഈ ചർച്ചകൾക്ക് പുതു തലം നൽകുന്നതാണ് മാർട്ടിന്റെ ഇന്നത്തെ വെളിപ്പെടുത്തലുകൾ.

ദിലീപിന്റെ കുടുംബ പ്രശ്‌നങ്ങൾ തന്നെയാണ്രേത ശ്രീകുമാർ മേനോനും ദിലീപും തമ്മിലെ കാരണമെന്നാണ് ഗോസിപ്പുകളിൽ ഫാൻസുകാർ നിറയ്ക്കുന്നത്. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്. മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്‌നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് ദിലീപിനെതിരെ ഉയർന്ന ആരോപണമെന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിച്ചത്.

മുംബൈയിലാണ് എല്ലാ ഗൂഢാലോചനയുമെന്ന് ആദ്യമേ ദിലീപ് പറഞ്ഞതിലും ചില സൂചനകളുണ്ടായിരുന്നു. ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം മലയാളത്തിന് താങ്ങാനാവുന്നതല്ല. അതുകൊണ്ട് തന്നെ അത്തരമൊരു പ്രോജക്ട് ഒരിക്കലും നടക്കില്ല. മോഹൻലാലിനെ കൂടെ നിർത്താനും ദിലീപിന് സിനിമയിലുള്ള സ്വാധീനം കുറയ്ക്കാനുമുള്ള തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം സിനിമയെന്ന് കരുതുന്നവരും മലയാള സിനിമയിലുണ്ട്. 1000 കോടി രൂപയ്ക്ക് രണ്ടാമൂഴം മലയാളത്തിലെ സൂപ്പർതാരത്തെ വച്ചെടുക്കുന്നു. ബാഹുബലി പോലും ചെലവാക്കിയത് 450 കോടി രൂപയാണ്. പ്രഭാസിനെ പോലൊരു നായകനായിട്ടും ആദ്യ പതിപ്പ് നഷ്ടക്കച്ചവടമായി. രണ്ടാം ഭാഗത്തിലാണ് നേട്ടമുണ്ടായത്. രണ്ടാമൂഴത്തിന് ആകെയുള്ളത് എംടിയുടെ തിരക്കഥ മാത്രമാണ്-സിനിമാ ലോകത്തെ ദിലീപ് അനുകൂലികൾ പറയുന്നു.

പൊലീസും ശ്രീകുമാർ മേനോനും ബിനീഷും തമ്മിലെ ഗൂഢാലോചനയാണ് കേസെന്ന തരത്തിലാണ് കാവ്യ കോടതിയിൽ ജാമ്യ ഹർജിയും കൊടുത്തത്. എഡിജിപി ബി സന്ധ്യ മഞ്ജുവിന്റെ ആരാധികയാണ്. അതുകൂടെയായപ്പോൾ ദിലീപ് അകത്തായെന്നാണ് കാവ്യയുടെ വാദം. പൾസറുമായി യാതൊരു ബന്ധവിമില്ലെന്ന് ആവർത്തിക്കുന്നു. പൾസർ സുനി തന്റെ ഡ്രൈവറായിരുന്നെന്നും ഒരിക്കൽ തൃശൂരിൽ കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ തന്നെയും മാതാപിതാക്കളെയും സുനിയാണു കാറിൽ കൊണ്ടുപോയതെന്നുമാണു പൊലീസ് പറയുന്നത്. എന്നാൽ, രണ്ടു ഡ്രൈവർമാരുള്ള തനിക്ക് ഇത്തരമൊരാളെ ഡ്രൈവറായി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് കാവ്യ വിശദീകരിച്ചിരുന്നു. എഡിജിപി സന്ധ്യയ്‌ക്കെതിരെ ദിലീപും അതിരൂക്ഷമായ ആരോപണങ്ങൾ നടത്തിയിരുന്നു. ഇതും മഞ്ജുവുമായുള്ള അടുപ്പം ആരോപിച്ചായിരുന്നു. ഡിജിപി ബെഹ്‌റയേയും പ്രതിക്കൂട്ടിൽ നിർത്തി.

തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിച്ചിരുന്നത്. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ പറഞ്ഞിരുന്നു. പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്‌ച്ച മുൻപാണ് ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്.

കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താൻ പൊലീസിന് കൈമാറിയിരുന്നു എന്നാൽ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. റൂറൽ എസ്‌പി എവി ജോർജ്, ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ, ഡിവൈഎസ്‌പി സോജൻ വർഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും കത്തിൽ ദിലീപ് പറയുന്നുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു. നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹർജിയിലും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെ പറ്റി താൻ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ പകർത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതെല്ലാം ചർച്ചയാക്കാനും കേസിൽ സിബിഐ അന്വേഷണം സാധ്യമാക്കാനുമാണ് നീക്കം. ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് ആരോപിച്ചിരുന്നു.