കൊച്ചി: മലയാള സിനിമാലോകത്ത് ഏറ്റവും നാണക്കേടുണ്ടാക്കിയ, നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ ദിലീപിനെ അന്വേഷണസംഘം അറസ്റ്റുചെയ്തു. പൾസർ സുനിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ നിർണായക വിവരങ്ങൾ ഗൂഢാലോചനക്കാര്യത്തിൽ ലഭിച്ചതോടെയാണ് ഇപ്പോൾ ദിലീപിനെ അറസ്റ്റുചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.

എറണാകുളത്തെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് ആക്രമണമവുമായി ബന്ധപ്പെട്ട് ഒരു ഫോൺ സന്ദേശം പോയിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്ന വിവരം. ഇന്നു രാവിലെ ചോദ്യംചെയ്യാനായി ദിലീപിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും തെളിവുകൾ ഉറപ്പുവരുത്തിയ ശേഷം ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

2013ലാണ് ഈ ആക്രമണത്തിന്റെ ഗൂഢാലോചന നടന്നതെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുവച്ച് നടിയെ ആക്രമിക്കാൻ മുമ്പൊരു അവസരത്തിലും ശ്രമം നടന്നതായും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിനായി പൾസർ സുനിയെ തന്നെയാണ് നിയോഗിച്ചതെന്നും അന്വേഷണസംഘം സൂചനകൾ പുറത്തുവിടുന്നുണ്ട്.

നേരത്തേ നാദിർഷായേയും ദിലീപിനേയും ഈ കേസുമായി ബന്ധപ്പെട്ട് പന്ത്രണ്ട് മണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം പൾസർ സുനിയെ ഒരുവട്ടം കൂടി ചോദ്യംചെയ്ത് കാര്യങ്ങൾ ഉറപ്പുവരുത്തി ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റ് ചെയ്ത ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ഇന്ന് രാവിലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനായി ദിലീപിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുകയുമായിരുന്നു. രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2013 മുതൽ ഈ കേസിനാസ്പദമായ സംഭവങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് പൊലീസ് വ്യക്താക്കുന്നത്.

നേരത്തെ പറഞ്ഞ് കേട്ടതു പോലെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സംഭവങ്ങൾ അല്ല മറിച്ച് വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. പൾസർ സുനിയുടെ വെളിപ്പെടുത്തലാണ് നിർണായകമായത്. ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു.

കേസുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ടുനിന്ന കോലാഹലങ്ങൾക്കൊടുവിലാണ് അറസ്റ്റ്. െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേൽനോട്ടം വഹിച്ചത്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും, വനിതാ ചലച്ചിത്ര പ്രവർത്തകർ രൂപം കൊടുത്ത 'വിമൻ ഇൻ സിനിമാ കലക്ടീവി'ന്റെ പ്രവർത്തനം അന്വേഷണ പുരോഗതിയിൽ നിർണായകമായി.

മുമ്പു നൽകിയ പല മൊഴികളും വ്യാജമാണെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് നടന്നത്. ആലുവ പൊലീസ് ക്‌ളബ്ബിൽ എത്തിച്ച ദിലീപിനെ ശക്തമായ സുരക്ഷയൊരുക്കി കൊണ്ടുപോകാനുള്ള വാഹനങ്ങളും ആലുവ പൊലീസ് ക്‌ളബ്ബിൽ എത്തിച്ചിട്ടുണ്ട്.