ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് എന്ന സിനിമയിൽ സായ്കുമാർ അവതരിപ്പിച്ച വേഷം അവതരിപ്പിക്കാൻ ആദ്യം ക്ഷണിച്ചത് തിലകനെ ആയിരുന്നു. എന്നാൽ തിലകനെ വെട്ടി ഈ വേഷം ചെയ്യാൻ സായ്കുമാറിനെ എത്തിച്ചതും ദിലീപ് തന്നെ. അന്ന് തിലകൻ ദിലീപിനെ തന്റെ നമ്പർ വൺ ശത്രു എന്നാണ് വിശേഷിപ്പിച്ചത്.

ഒരുകാലത്ത് മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായിരുന്നു തുളസീദാസ്. പിന്നീട് അദ്ദേഹവും തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആരും അന്വേഷിച്ചില്ല. എന്നാൽ ഇപ്പോൾ അദ്ദേഹവും തുറന്ന് പറഞ്ഞിരിക്കുകയാണ്. മോഹൻ ലാലും മമ്മൂട്ടിയേയും വെച്ച് പോലും സിനിമ ഒരുക്കിയ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ദിലീപ് തന്നെയായിരുന്നു.

വർഷം 2007, ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് സംവിധായകൻ തുളസിദാസ് വരുന്നു. കുറേക്കാലംമുമ്പ് അഡ്വാൻസ് കൈപ്പറ്റി ഡേറ്റ് നൽകിയിരുന്നുവെങ്കിലും ഷൂട്ടിങ് തുടങ്ങാൻ തയ്യാറാകാത്തതിനെക്കുറിച്ച് ചർച്ചചെയ്യുകയാണ് ഉദ്ദേശ്യം. പലകഥകൾ പറഞ്ഞുവെങ്കിലും ഒന്നും ഇഷ്ടമാകുന്നില്ലെന്നുപറഞ്ഞ് ഓരോതവണയും മടക്കിയയക്കുകയായിരുന്നു ദിലീപ്.

ഇത്തവണ രണ്ടിലൊന്നറിയണം എന്ന നിലപാടിലാണ് തുളസിയുടെ വരവ്. കസേരയിലിരുന്ന ദിലീപ് സംവിധായകനെ കണ്ടതും മുന്നിൽക്കിടന്ന മറ്റൊരുകസേരയിലേക്ക് കാൽ നീട്ടിവെച്ചു. അവിടെ വേറെ ഇരിപ്പിടങ്ങളില്ല. അന്നത്തെ ഹിറ്റ് സംവിധായകരിലൊരാളായ തുളസിയെ ദിലീപ് ഏറെനേരം നിർത്തിക്കൊണ്ട് സംസാരിച്ചു. ഒടുവിൽ അഭിനയിക്കാൻ തയ്യാറല്ലെന്നും അറിയിച്ചു.

അപമാനിതനായി മടങ്ങിയ തുളസിദാസ് സംവിധായകരുടെ സംഘടനയ്ക്ക് പരാതിനൽകി. അവരത് സിനിമയിലെ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ മാക്ട ഫെഡറേഷന് കൈമാറി. വിനയനാണ് സംഘടനയുടെ പ്രസിഡന്റ്. ദിലീപിനെ വിലക്കാനായിരുന്നു തീരുമാനം. അതവസാനിച്ചത് മാക്ടഫെഡറേഷന്റെ പിളർപ്പിലും ഫെഫ്ക എന്ന പുതിയ സംഘടനയുടെ പിറവിയിലും. അന്ന് വിനയനൊപ്പം നിന്നവരെ അടർത്തിയെടുത്ത് പുതിയ സംഘടനയ്ക്കായി ചരടുവലിച്ചത് ദിലീപായിരുന്നു.

വർഷങ്ങളായി സിനിമാറിലീസിന്മേലുള്ള അധികാരകേന്ദ്രമായി നിലകൊള്ളുകയും പലസമരങ്ങൾക്കും കളമൊരുക്കുകയുംചെയ്ത കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കുത്തക അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നിർമ്മാതാക്കളും വിതരണക്കാരും തേടിയത് ദിലീപിന്റെ സഹായമാണ്.

അത് ഭംഗിയായി നിർവഹിച്ച ദിലീപ് ഫെഡറേഷനെ നിശ്ശബ്ദമായി അവസാനിപ്പിച്ചു. പുതിയ സംഘടനയ്ക്ക് തുടക്കമിട്ടു. ഇനി വിലക്ക് എന്ന വാക്ക് മലയാളസിനിമയിലുണ്ടാകില്ലെന്ന് പറഞ്ഞ ദിലീപ് ആദ്യംചെയ്തത് ഫെഡറേഷൻപ്രസിഡന്റായിരുന്ന ലിബർട്ടി ബഷീറിന്റെ തിയേറ്ററുകൾക്ക് സിനിമ നിഷേധിക്കലാണ്. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന സ്വന്തംസംഘടനയുടെ ഉദ്ഘാടനവേദിയിലും ദിലീപിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു -തലേന്ന് 13 മണിക്കൂർ പൊലീസിന്റെ ചോദ്യങ്ങൾക്ക് ഉത്തരംപറഞ്ഞതിന്റെ നേരിയ ഭാവം പോലുമില്ലാതെ.