സിനിമ വ്യവസായത്തിലെ എല്ലാ മേഖലയിലും കൈവെച്ച ദിലീപ് കൗശലക്കാരനായ ഒരു ബിസിനസുകാരൻ കൂടിയാണ്. സഹ സംവിധായകനും സിനിമയിൽ മുഖം കാണിച്ചും പിന്നീട് നായകനായി വളർന്ന ദിലീപ് മലയള സിനിമയിലെ കിരീടം വെയ്ക്കാത്ത രാജാവായി മാറി. ഇതോടെ ദിലീപിന്റെ ശുക്ര ദശ തുടങ്ങുകയായിരുന്നു. ജനപ്രിയ നായകനിൽ നിന്നും കൗശലക്കാരനായ ഒരു വ്യവസായിയിലേക്കും വളരുകയായിരുന്നു ദിലീപ്.

അറസ്റ്റിലാകുന്നത് ദിലീപ് എന്ന താരം മാത്രമല്ല. നിർമ്മാതാവും തിയേറ്റർ ഉടമയും ഹോട്ടൽ വ്യവസായിയുമൊക്കെയാണ്. 2003ലാണ് സ്വന്തം നിർമ്മാണ കമ്പനിയുമായുണ്ടാക്കി ദിലീപ് പണം വാരാൻ തുടങ്ങിയത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രമായ 'സിഐഡി. മൂസ' ദിലീപിന് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു.

അതിനുശേഷം അന്നത്തെ ഭാര്യ മഞ്ജുവാര്യരുടെ പേരിൽ മഞ്ജുനാഥ എന്ന നിർമ്മാണക്കമ്പനി തുടങ്ങി. പെൺവേഷം കെട്ടിയാടിയ 'മായാമോഹിനി'യോടെ ദിലീപ് അന്നേവരെ മലയാളസിനിമ കണ്ടിട്ടില്ലാത്ത മറ്റൊരുതന്ത്രം പുറത്തിറക്കി. സിനിമാഭാഷയിൽ 'ഷുവർഹിറ്റ്' എന്ന് പ്രവചിക്കപ്പെട്ട ഈ സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നതിനുപകരം കൊച്ചി ഉൾപ്പെടുന്ന മേഖലയുടെ വിതരണാവകാശം സ്വന്തമാക്കുകയായിരുന്നു നടൻ. അന്നുതൊട്ട് പ്രതിഫലവും വിതരണാവകാശവുമെന്നത് പതിവായി. പിന്നെ, ആലപ്പുഴയിലെ കായലുകളിൽ ദിലീപ് എന്ന ബിസിനസുകാരന്റെ കൊടിയടയാളംപോലെ 'കൊച്ചിരാജാവ്' എന്ന ഹൗസ് ബോട്ട് ഒഴുകിനടന്നു.

മലയാളത്തിലെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളെന്ന വിശേഷണത്തിലേക്കുള്ള പ്രയാണത്തിൽ ദിലീപ് സഹോദരങ്ങളെയും ഒപ്പംകൂട്ടി. സഹോദരനെയും സഹോദരീഭർത്താവിനെയും നിർമ്മാണപങ്കാളികളാക്കി. അടുത്ത ചുവടുവെപ്പ് പ്രദർശനരംഗത്തേക്ക് ചാലക്കുടിയിൽ 'ഡി സിനിമാസ്' തുടങ്ങിയതോടെ കേരളത്തിലെ എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയിലും ദിലീപിന് ഇരിപ്പിടമായി. സിനിമയുടെ അതിപ്രധാനമായ മൂന്നുമേഖലകളിലും നേതൃസ്ഥാനം സ്വന്തമാക്കിയ ഏക സൂപ്പർസ്റ്റാറായി അതോടെ ദിലീപ്.

ഹോട്ടൽ ബിസിനസിലേക്കുള്ള സിനിമാതാരങ്ങളുടെ കടന്നുവരവിന്റെ തുടക്കവും ദിലീപിലൂടെയായിരുന്നു. നാദിർഷായ്‌ക്കൊപ്പം കൊച്ചി ഇടപ്പള്ളിയിൽ തുടങ്ങിയ 'ദേ പുട്ട്' വൻഹിറ്റായി. കോഴിക്കോട്ട് ശാഖതുറന്നു. തിരുവനന്തപുരത്ത് ഒരു സംവിധായകന്റെ ഹോട്ടൽ ഏറ്റെടുത്ത് 'ദേ പുട്ട്' ആക്കാൻ ശ്രമിച്ചെങ്കിലും അവസാനനിമിഷം ഉപേക്ഷിച്ചു. ദുബായി ശാഖയുടെ ഉദ്ഘാടനത്തിനുള്ള നീക്കങ്ങളിലേക്ക് കടക്കുമ്പോഴാണ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ വീണ്ടും ചൂടുപിടിച്ചത്. ഫോർട്ടുകൊച്ചിയിൽ യേശുദാസിന്റെ തറവാട് എന്ന നിലയിൽ പ്രസിദ്ധമായ 'ഹൗസ് ഓഫ് യേശുദാസി'ന്റെ മുകൾനിലയിൽ കോഫി ഷോപ്പും ദിലീപിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു.