കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കും. വീണ്ടും റിമാൻഡ് ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. എന്നാൽ കേസ് അന്വേഷണം അവസാന ഘട്ടത്തിലായതിനാൽ ഉടൻ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. ജയിലിനുള്ളിൽ ഇതിനുള്ള പ്രാർത്ഥനകൾ സജീവമാക്കുകയാണ് നടൻ. ഒരു മാസമായി ആലുവ സബ് ജയിലിലുള്ള ദിലീപിന് ചെറിയ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്.

നാളെ ജാമ്യാപേക്ഷ നൽകുന്നില്ലെങ്കിൽ കോടതി വീണ്ടും റിമാൻഡ് ചെയ്യാനാണു സാധ്യത. നിലവിലുള്ള അഭിഭാഷകനെ മാറ്റിയാണു ദിലീപ് ജാമ്യത്തിനു നീക്കം നടത്തുന്നത്. ഡ്രൈവറും സഹായിയുമായ സുനിൽരാജ് (അപ്പുണ്ണി) ഒളിവിൽ കഴിഞ്ഞ സാഹചര്യത്തിലായിരുന്നു നേരത്തേ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. അപ്പുണ്ണിയെ കണ്ടെത്തിയില്ലെന്നും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷൻ അന്നു ജാമ്യാപേക്ഷയെ എതിർത്തത്. ഈ സാഹചര്യങ്ങൾ ഇപ്പോഴില്ല. ഇതാകും കോടതിയിൽ ദിലീപിനായി ഉയർത്തുന്ന വാദം. ബി രാമൻപിള്ളയാണ് പുതിയ അഭിഭാഷകൻ. അഡ്വ രാംകുമാറിനെ മാറ്റിയാണ് രാമൻപിള്ളയെ നിയോഗിക്കുന്നത്.

നിലവിലെ റിമാൻഡ് കാലയളവിൽ ഒരുവട്ടം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാൽ പുതിയ ജാമ്യാപേക്ഷ നാളെത്തന്നെ നൽകണോ എന്ന കാര്യത്തിൽ പ്രതിഭാഗത്ത് ആശയക്കുഴപ്പമുണ്ടെന്നാണു വിവരം. പൊലീസിനു മുൻപിൽ കീഴടങ്ങിയ അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് എങ്ങനെ അനുകൂലമായി ഉപയോഗിക്കാമെന്നാണു രാമൻപിള്ള ആലോചിക്കുന്നത്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷൻ ഇനിയും ഉയർത്തും. വിചാരണ കഴിയും വരെ ദിലീപ് ജയിലിൽ കിടക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷനുള്ളത്. അതുകൊണ്ട് തന്നെ ജാമ്യാപേക്ഷയെ ഇനിയും എതിർക്കും.

നടൻ ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ട്. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ആരോഗ്യനില വഷളാക്കുന്നത്. ഇതുമൂലം ഇടയ്ക്ക് തലചുറ്റലും ഛർദിയും അനുഭവപ്പെടുന്നുണ്ട്. അമിതമായ മാനസിക സമ്മർദമുണ്ടാകുമ്പോൾ ചെവിയിലേക്കുള്ള ഞരമ്പുകളിൽ സമ്മർദം കൂടുകയും, ഇതേത്തുടർന്ന് ഫ്ളൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് പ്രശ്നമാകുന്നത്. ജയിലിൽ ദിലീപിന് മരുന്ന് നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഭാര്യ കാവ്യ മാധവനെ പൊലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമോയെന്ന ഭയവും ദിലീപിനെ അലട്ടുന്നുണ്ട്. ജയിലിലെ തറയിൽക്കിടന്ന് ഉറങ്ങേണ്ടിവരുന്നതും താരത്തെ സാരമായി ബാധിച്ചു.

ആരോഗ്യനില മോശമായതിനെത്തുടർന്ന് ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും സുരക്ഷാപ്രശ്‌നങ്ങളാൽ ഇതൊഴിവാക്കി. പിന്നീട് ഡോക്ടർമാർ ജയിലിലെത്തി പരിശോധിച്ചു. ഡോക്ടർമാർ പരിശോധനയ്ക്കെത്തുമ്പോൾ ശരിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദിലീപെന്നും സൂചനകളുണ്ട്. ഈ സാഹചര്യങ്ങളും ജാമ്യാപേക്ഷയ്‌ക്കൊപ്പം ഉയർത്തിക്കാട്ടാനാണ് നീക്കം. ശരീരിക അവശതകൾക്ക് പുറമെ കടുത്ത മാനസിക സമ്മർദ്ദവും ദിലീപിനെ അലട്ടുന്നുണ്ട്. കാവ്യയെ ചോദ്യം ചെയ്തതും കാവ്യയെ അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയും ദിലീപിനെ അലട്ടുന്നുണ്ട്. ആലുവയിലെ വീട്ടിലെത്തിയ പൊലീസ് സിസിടിവി ഘടിപ്പിച്ച സിസ്റ്റവും ഇന്റേണൽ മെമ്മറി കാർഡും അടക്കം എടുത്തുകൊണ്ട് പോയത് ദിലീപിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

അതേസമയം ആരോഗ്യനില മോശമാണെന്ന വാദം ജാമ്യം ലഭിക്കാനുള്ള ദിലീപിന്റെ അടവാണെന്നാണ് മറ്റ് തടവുകാരുടെ ആരോപണം. ആരോഗ്യനില വഷളാണെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് സഹിതം കോടതിയെ സമീപിക്കാനും അതുവഴി ജാമ്യം നേടാനുമുള്ള ശ്രമമാണ് നടൻ നടത്തുന്നതെന്നാണ് സഹതടവുകാരുടേയും ചില വാർഡന്മാരുടേയും ആരോപണം. കേസിൽ അനുബന്ധ കുറ്റപത്രം ഒരുമാസത്തിനകം നൽകാനാണ് നീക്കം. നിലവിൽ 11-ാം പ്രതിയായ നടൻ ദിലീപ് പുതിയ കുറ്റപത്രത്തിൽ രണ്ടാം പ്രതിയാകും. പൾസർ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചന നടത്തിയവർ, തെളിവ് നശിപ്പിച്ചവർ എന്നിങ്ങനെ 13 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടാവുക. കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകൾ അടക്കമാണ് സുനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കുറ്റം.

ഗൂഢാലോചന തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവും ലഭിച്ചതായി അന്വേഷണസംഘം അവകാശപ്പെടുന്നു. അതിനുമുമ്പ് നിർണായകമായ രണ്ട് അറസ്റ്റുകൂടി ഉണ്ടാകുമെന്നാണ് അറിയുന്നത്. സംവിധായകൻ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്യലിന് വീണ്ടും വിളിച്ചുവരുത്തും. കാവ്യ മാധവനെയും മാതാവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇവർക്കെതിരെ മതിയായ തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതാണ് രണ്ടാംഘട്ട മൊഴിയെടുക്കൽ വൈകാൻ കാരണം. 20 വർഷം വരെ തടവ് ലഭിക്കാനുള്ള കുറ്റങ്ങൾ ചുമത്തിയായിരിക്കും ദിലീപിനെതിരായ കുറ്റപത്രം തയാറാക്കുന്നത്. ആദ്യഘട്ടത്തിൽ പൾസർ സുനി, നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ്, ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിക്കൊടുത്ത ചാൾസ് ആന്റണി എന്നിവരായിരുന്നു പ്രതികൾ.

അനുബന്ധ കുറ്റപത്രത്തിൽ ജയിലിൽ ഫോണുപയോഗിച്ച മേസ്തിരി സുനിൽ, ഫോൺ കടത്തിയ വിഷ്ണു, കത്തെഴുതി നൽകിയ വിപിൻലാൽ, ദിലീപ്, സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ, ജൂനിയർ രാജു ജോസഫ് എന്നിവരായിരിക്കും പ്രതികൾ. പ്രധാന തെളിവായ മൊബൈൽ ഫോൺ നശിപ്പിച്ചതിനാണ് അഭിഭാഷകരെ പ്രതിയാക്കുന്നത്. സുനി സൂക്ഷിക്കാൻ ഏൽപിച്ച മൊബൈൽ ഫോണും മെമ്മറി കാർഡും ജൂനിയറായ രാജു ജോസഫിനെ ഏൽപിച്ചെന്നും അത് അദ്ദേഹം നശിപ്പിച്ചെന്നുമാണ് പ്രതീഷ് ചാക്കോ മൊഴി നൽകിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതീഷ് ചാക്കോ ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യഹരജി തള്ളിയതിനെത്തുടർന്നാണ് പൊലീസിന് മുന്നിൽ ഹാജരായത്. പിന്നീട് അറസ്റ്റിലായ രാജു ജോസഫിനെ ജാമ്യത്തിൽ വിട്ടിരുന്നു.