കൊച്ചി: പൾസർ സുനിയുടെ പക്കൽ കൂടുതൽ നടിമാരുടെ പീഡന ദൃശ്യങ്ങൾ ഉണ്ടെന്ന് സംശയം. ചിലരെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം ബ്ലാക്ക്മെയിൽ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ചോദ്യംചെയ്തപ്പോൾ യുവനടിയെ ആക്രമിച്ച കേസിന്റെ നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് അറിയുന്നത്. യഥാർഥദൃശ്യങ്ങൾ എവിടെയെന്ന് കണ്ടെത്താനാകാത്തത് കേസിൽ ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. വിഐപിയെ തൊടാൻ പൊലീസിനും പേടിയെന്നാണ് സൂചന. ഷൈൻ ടോം ചാക്കോ നടത്തിയ ചില പരാമർശങ്ങളുമായി ബന്ധമുള്ളയാൾക്കെതിരെയാണ് സംശയങ്ങൾ നീളുന്നത്.

മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ കസ്റ്റഡിയിലാണ് സുനി. വ്യാഴാഴ്ച അസി. കമ്മിഷണർ കെ. ലാൽജി, സിഐ അനന്തലാൽ എന്നിവരുടെ നേതൃത്വത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ, പൊന്നുരുന്നി, വൈറ്റില, റമദ റിസോർട്ട് എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. കേസിലെ മറ്റ് പ്രതികൾ റിമാൻഡിലാണ്. ഇവരെക്കൂടി കസ്റ്റഡിയിൽ കിട്ടിയാലേ മുതിർന്നനടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച വാഹനം കസ്റ്റഡിയിലെടുക്കാനാവൂ. സിനിമയിലെ തട്ടിക്കൊണ്ട് പോകലിനെല്ലാം പിന്നിൽ മയക്കുമരുന്ന് മാഫിയയയുമായി ബന്ധമുള്ള വ്യക്തിക്ക് പങ്കുണ്ടെന്ന് പൊലീസിലെ ഒരു വിഭാഗം കരുതുന്നു. എന്നാൽ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവനായ ഇയാൾക്കെതിരെ ചെറുവിരൽ അനക്കാൻ പൊലീസിന് കഴിയുന്നുമില്ല.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നു. ദിലീപ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ബിനാമി ഇടപാടിൽ ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി കണ്ടെത്തിയതായി സൂചനകളുണ്ട്.ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടായിരുന്നോയെന്ന കാര്യം പൊലീസ് അന്വേഷിക്കും. കാക്കനാട്ട് താമസിക്കുന്ന നടിക്ക് ദിലീപുമായി അടുത്ത സൗഹൃദമുള്ളത് ഇവർ തമ്മിലുള്ള പണമിടപാടുകളിൽ നിർണായകമായെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദിലീപിന്റെ ഭാര്യ കാവ്യയുമായും ഈ നടിക്ക് അടുത്ത സൗഹൃദമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തിൽ ഈ നടി ആദ്യാവസാനം സജീവമായുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇവരെക്കുറിച്ച് കൂടുതലന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ ദിലീപും നടിയും തമ്മിലുള്ള ഒരുപാട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചനകൾ. പൾസർ സുനി 2011-ൽ നടത്തിയ തട്ടിക്കൊണ്ടുപോകൽ ക്വട്ടേഷനിലെ പരിചയസമ്പത്താണ് പുതിയ ക്വട്ടേഷൻ നൽകാൻ ദിലീപിനെ പ്രേരിപ്പിച്ചത്.

സുനിക്ക് നേരിട്ടാണ് ദിലീപ് ക്വട്ടേഷൻ നൽകിയതെന്നും പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഇത് സ്ഥാപിക്കാനുള്ള ചില തെളിവുകൾ കൂടി സുനിയുടെ ഇപ്പോഴത്തെ കസ്റ്റഡി ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുമെന്ന് പൊലീസ് കരുതുന്നു. അതിനിടെ ദിലീപിന്റെ മാനേജരായ അപ്പുണ്ണി എന്ന എ.എസ്. സുനിൽരാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരനല്ലെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയിൽ പറയുന്നു.

ദിലീപിനെ കേസുമായി ബന്ധപ്പെടുത്താൻ പൊലീസിന് ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. തന്നെയോ ദിലീപിന്റെ സുഹൃത്ത് നാദിർഷയെയോ മാപ്പുസാക്ഷിയാക്കാൻ ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു. കേസിലുൾപ്പെട്ട മണികണ്ഠന്റെ ജാമ്യാപേക്ഷ, വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റിയിട്ടുണ്ട്. കേസിൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഹർജിക്കാരനെ കൂടുതൽ ചോദ്യംചെയ്യേണ്ടിവന്നേക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് സർക്കാരിന്റെ നിലപാട്.