- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലചന്ദ്രകുമാർ പറഞ്ഞത് ആ ഫോണുകൾ കത്തിച്ചു കളഞ്ഞുവെന്ന്! നാലു ഫോണുൾപ്പെടെ ആറെണ്ണം നാളെ ഹൈക്കോടതിക്ക് കൈമാറാൻ ദിലീപും; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാനുള്ളതിനാൽ കോടതിയെ തൽകാലം പിണക്കില്ല; ഇന്നലെ കൊടുത്തത് നിരപരാധിത്വം തെളിയിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ; നാളെ എല്ലാം വ്യക്തമാകും
കൊച്ചി: ഹൈക്കോടതിയെ പിണക്കാൻ ദിലീപ് ഇല്ല. നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഉപയോഗിച്ച ഫോണുകൾ നാളെ ഹാജരാക്കും. മുഖ്യപ്രതിയായ ദിലീപിന്റെ ഉൾപ്പെടെ നാല് ഫോണുൾപ്പെടെ ആറ് ഫോണുകൾ ഹാജരാക്കാൻ നേരത്തെ ഹൈക്കോടതി പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. ദിലീപ് മുംബൈയിൽ പരിശോനയ്ക്കായി അയച്ച രണ്ട് ഫോണുകൾ ഇന്ന് വൈകീട്ട് തിരികെ ലഭിക്കും. രാവിലെ കോടതിയിൽ എത്തിക്കും. തൽകാലം സുപ്രീംകോടതിയിൽ പോവുകയുമില്ല.
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ വെല്ലുവിളിക്കേണ്ടതില്ലെന്നാണ് കോടതി നിലപാട്. ഇന്നലെ ഹൈക്കോടതിയിൽ മുദ്രവച്ച കവറിൽ ചില രേഖകൾ ദിലീപിന്റെ അഭിഭാഷകനായ ബി രാമൻപിള്ള കൈമാറിയിരുന്നു. ഇതിൽ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട തെളിവുകളാണെന്നാണ് സൂചന. ഈ തെളിവകൾ മാത്രം മതി ദിലീപിന് ജാമ്യം കിട്ടാനെന്നാണ് രാമൻപിള്ള വക്കീലിന്റെ നിലപാട്. ഈ തെളിവുകളിലേക്കും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനി പരിശോധനകൾ നടത്തേണ്ടി വരും. ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളിയാൽ മാത്രമേ ഇനി സുപ്രീംകോടതിയെ അവർ സമീപിക്കൂ.
മൊബൈൽ ഫോണുകൾ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങൾ കള്ളത്തരമാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകൾ നശിപ്പിച്ച കളഞ്ഞതിന് താൻ ദൃക്സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ പറഞ്ഞിരുന്നു. ഈ ഫോണുകളാണ് ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കാൻ പോകുന്നതെന്നാണ് സൂചന. അതുകൊണ്ട് തന്നെ ദിലീപ് ഹാജരാക്കുന്ന ഫോണുകളിൽ ക്രൈംബ്രാഞ്ച് നടത്തുന്ന പരിശോധനയും നിർണ്ണായകമാകും.
ദിലീപ് ഉപയോഗിച്ച ഫോണുകളാണ് അതെന്ന് സ്ഥിരീകരിച്ചാൽ പഴയ ഫോണുകൾ നശിപ്പിച്ചുവെന്ന് പറഞ്ഞത് ചോദ്യം ചെയ്യപ്പെടും. ഇതിനൊപ്പം നാലാമത്തെ ഫോണിലെ അന്വേഷണവും അതിനിർണ്ണായകമാണ്. ഇതിന് സൈബർ ഡോമിന്റെ സഹായത്തോടെയുള്ള അന്വേഷണം തുടങ്ങി കഴിഞ്ഞു. നാളെ ഈ കേസിൽ ഹൈക്കോടതി നടത്തുന്ന നിരീക്ഷണമെല്ലാം അതിനിർണ്ണായകമാകും. നാലു ഫോണുകളും സ്വീകരിച്ച് ഹൈക്കോടതി ദിലീപിന് മുൻകൂർ ജാമ്യം നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഏഴു ഫോണുകൾ കൈമാറണമെന്നാണു ക്രൈംബ്രാഞ്ച് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ ഒരു ഫോണിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നു ദീലീപ് കോടതിയിൽ പറഞ്ഞു. തുടർന്നാണ് ആറു ഫോണുകൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഉത്തരവിട്ടത്. മൂന്നു ഫോണുകൾ മാത്രമേ കൈവശമുള്ളൂവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നുമാണു ദിലീപിന്റെ നിലപാട്. ഡിജിറ്റൽ തെളിവുകൾ നടൻ മനഃപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണു കോടതി അംഗീകരിച്ചത്.
അതേസമയം, വി.ഐ.പി. ആരെന്നതും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളെപ്പറ്റി ചില സൂചനകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ശരത്തല്ല വി.ഐ.പിയെന്നതു ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കേസിൽ നേരിട്ടു പങ്കുണ്ടെന്നു പറയുന്ന വ്യക്തിയും പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയുമാണു വി.ഐ.പി. വി.ഐ.പിയെ കണ്ടെത്താനുള്ള ശബ്ദ സാമ്പിൾ പരിശോധന പുരോഗമിക്കുകയാണ്. നിലവിൽ കോട്ടയം സ്വദേശിയായ ആളെയാണു സംശയിക്കുന്നത്.
സംശയിക്കുന്നവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ ഇയാളെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായാണു വിവരം. എന്നാൽ, ഒറ്റത്തവണ കണ്ടിട്ടുള്ളയാളുടെ മുഖം അത്ര പരിചിതമല്ലെന്നു ബാലചന്ദ്രകുമാർ പറയുന്നതിനാൽത്തന്നെ ശബ്ദ സാമ്പിൾ വച്ചു ഉറപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
ഫോണുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ പറഞ്ഞത്:
''ദിലീപ് പറയുന്ന മുൻ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങൾ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോൺ ജയിലിൽ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച് കത്തിച്ചു കളഞ്ഞതിന് ഞാൻ ദൃക്സാക്ഷിയാണ്. മാത്രമല്ല, 2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മിൽ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവ്. ദിലീപ് പറയുന്നതെല്ലാം കള്ളമാണ്. ആ ഫോൺ കൊണ്ടുവന്നാൽ കൂടുതൽ കാര്യങ്ങൾ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ എല്ലാം പൊളിയും. ഞാൻ പറഞ്ഞതാണ് സത്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ട്.''
''ദിലീപ് റിപ്പോർട്ടർ ടി.വി ചർച്ച കാണുമെന്നത് എനിക്കുറപ്പാണ്. അതാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. ദിലീപിനെ വെല്ലുവിളിച്ചാണ് ഞാനിക്കാര്യം പറയുന്നു. ഫോൺ ഡാറ്റ റിട്രീവ് ചെയ്തു കൊണ്ടുവരുമ്പോൾ എന്റെ ഫോണിൽ കിടക്കുന്ന സന്ദേശം അദ്ദേഹത്തിന്റെ ഫോണിലുണ്ടാവുമല്ലോ, അത് കളയാൻ പറ്റില്ല. ഞാൻ മോളുടെ ആഭരണമുണ്ട്, അത് വിൽക്കുകയോ പണയം വെച്ചോ, എന്ന തുടങ്ങുന്ന ഒരു സന്ദേശം 2018 ജൂലൈ മാസം അയച്ചിട്ടുണ്ട്. ഇതുകൊണ്ടുവരണം.''
''2018 ആഗസ്റ്റിൽ മറ്റൊരു സംഭവം. അന്നേ ദിവസം ഞാൻ തിരികെ പോകുമ്പോ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ഒരു വ്യക്തിയെ കണ്ടു, അയാളെക്കുറിച്ച് ഞാൻ നാളെ പറയും അത് തെറ്റോ ശരിയോ എന്ന് അദ്ദേഹം പറയട്ടെ. 2018 ഒക്ടോബർ 19ന് രാവിലെ 7.30 കഴിഞ്ഞ് അദ്ദേഹം എനിക്കൊരു മെസേജ് അയച്ചു. 'കാവ്യ ഇപ്പോൾ പ്രസവിച്ചു, ബേബി ഗേൾ.' ഈ സന്ദേശം അദ്ദേഹം നിർബന്ധം കൊണ്ടുവരണം. ഇത് എന്റെ ഫോണിലുണ്ട്.
അദ്ദേഹത്തിന്റെ സഹോദരി ഭർത്താവ് സുരാജ് 13 സെപ്റ്റംബർ 2017ന് എനിക്കൊരു മെസേജ് അയച്ചു. രാത്രി പത്തി മണി കഴിഞ്ഞാണ് മെസേജ് വന്നത്. ''Any chance to know one Mr.Vincent Samuel bishop neyyattinkara' ഞാൻ രാവിലെ തിരികെ മറുപടി അയച്ചു ൗെൃല എനിക്കറിയാം എന്ന് തിരികെ മറുപടി പറഞ്ഞു. ഫോൺ റിട്രീവ് ചെയ്യുമ്പോൾ ഇതൊക്കെ കൊണ്ടുവരണം.''-ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ