തൃശൂർ: ജനപ്രിയനായകന്റെ ജയിൽവാസം പുസ്തകമാക്കും. ദിലീപിന്റെ സ്വീകാര്യത ഉയർത്തുന്ന തരത്തിൽ സഹതാപമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിലെ ആദ്യ ചോദ്യം ചെയ്യലിൽ തുടങ്ങുന്ന നാടകീയതകൾ അവതരിപ്പിച്ച് പുസ്തകത്തിന് വമ്പൻ സ്വീകാര്യത നേടിയെടുക്കാനാണ് നീക്കം. ബെസ്റ്റ് സെല്ലറായി പുസ്തകം മാറുമെന്ന് ഉറപ്പാണ്. ജൂൺ 28നു ശേഷം എന്താണ് നടൻ ദിലീപിന്റെ ജീവിതത്തിൽ സംഭവത്തിച്ചതെന്നതാകും പുസ്തകം. എവിടെ വച്ച് അറസ്റ്റ് നടന്നു തുടങ്ങിയ എക്‌സ്‌ക്ലൂസീവ് വിവരങ്ങൾ പുസ്തകത്തിലുണ്ടാകും. ജയിലിലെ സങ്കീർത്തനം വായനയും വൃതമെടുക്കലും സുഹൃത്തുക്കളുടെ സന്ദർശനവുമെല്ലാം ഇതിൽ ഉൾപ്പെടും.

ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും ഹർജി നൽകിയ എഴുത്തുകാരനാണ് സലിം ഇന്ത്യ. ഡി സിനിമാസ് അടച്ചുപൂട്ടിയപ്പോൾ തുറക്കംവരെ സമം പ്രഖ്യാപിച്ച് ചാലക്കുടി നഗരസഭയ്ക്കു മുന്നിൽ ശയനപ്രദക്ഷിണവും നിരാഹാര സമരവും സലീം ഇന്ത്യ നടത്തിയിരുന്നു. ദിലീപിന്റെ ജയിൽ ജീവിതവും സലിം തന്നെ എഴുതും. പുസ്തകത്തിന്റെ രചനയ്ക്കായി അദ്ദേഹം തൃശൂരിൽ നിന്നും ആലുവയിലെത്തി. വലിയ പ്രചാരം പുസ്തകത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ദിലീപിന്റെ ജീവിതത്തിലെ സ്തോഭജനകമായ സംഭവങ്ങളും പ്രമാദമായ പൊലീസ് കേസിനെ തുടർന്നുണ്ടായ നാടകീയ സമുഹൂർത്തങ്ങളും കോർത്തിണക്കും. അങ്ങനെ ദിലീപിന്റെ ഗ്ലാമർ വീണ്ടും ഉയർത്തുകയാണ് ലക്ഷ്യം.

ജൂൺ 28ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 12.30ന് തുടങ്ങി പിറ്റേന്ന് പുലർച്ചെ 1.15 വരെ 13 മണിക്കൂർ നേരം ആലുവ പൊലീസ് ക്ലബ്ബിൽ അന്വേഷണം സംഘം ദിലീപിനെ ചോദ്യം ചെയ്തു തുടങ്ങിയ നിമിഷം മുതൽ മാറിമറിഞ്ഞ ദിലീപിന്റെ ജീവിതത്തിലെ സംഭാവവികാസങ്ങൾ കോർത്തിണക്കിയാണ് പുസ്തകമെഴുന്നത്. ജയിൽ ജീവിതവും രണ്ട് മണിക്കൂർ നേരത്തെ ശ്രാദ്ധവും വൈകാരിക സന്ദർഭങ്ങളുമെല്ലാം പുസ്തകത്തിൽ ഉണ്ടാകും. ദിലീപിന്റെ അമ്മയുടെ ജയിൽ സന്ദർശനവും കാവ്യാ മാധവനും മകൾ മീനാക്ഷിയും എത്തിയതും പുസ്തകത്തിലുണ്ടാകും. സംവിധായകൻ ജോഷിയുൾപ്പെടെയുള്ളവർ ദിലീപിനെ കണ്ട് പൊട്ടിക്കരഞ്ഞുവെന്നും വാർത്തകളുണ്ട്. ഇതിലെ സത്യവും എഴുതും. സഹതടവുകാരുമായി ദിലീപ് നടത്തി സൗഹൃദ ഇടെപടലുകളും വിഷയമാകും.

ഇതിനൊപ്പം കേസിന്റെ നാൾവഴികൾ കൃത്യമായി അടയാളപ്പെടുത്തും. ഇതിന് കോടതിയിൽ നിന്ന് ലഭിക്കുന്ന രേഖകൾ പ്രയോജനപ്പെടുത്തും. ദിലീപ് കേസിൽ പെട്ടപ്പോൾ പിറകിൽ നിന്ന് കുത്തുകയും അദ്ദേഹത്തെ ചിത്രവധം ചെയ്യാൻ ഗൂഢാലോചന നടത്തുകയും ചെയ്തവരുടെ വിവരങ്ങൾ പുസ്തകത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും സലിം ഇന്ത്യ പറഞ്ഞു. ദിലീപ് ജയിലിലായ ആദ്യനാളുകളിൽ തന്നെ സലിം അദ്ദേഹത്തെ ജയിലിൽ പോയി കണ്ടിരുന്നു. ദിലീപിനെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിനു മുമ്പാകെയും അദ്ദേഹം മൊഴിനൽകാൻ എത്തിയിരുന്നു. ദിലീപ് കൊതുകുകടികൊണ്ട് ജയിലിൽ കഴിയുമ്പോൾ താൻ മുറിയെടുത്ത് ഫാനിന്റെ കീഴിലിരുന്ന പുസ്തകം രചിക്കില്ല. ആലുവയിലെ കടത്തിണ്ണകളിലും തെരുവുകളിലുമിരുന്നായിരിക്കും പുസ്തകം രചിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

'13 മണിക്കൂർ, ജയിൽ വാസം, ശ്രാദ്ധംകഴിഞ്ഞു; കാക്കകൾ പറന്നുപോയി എന്നിങ്ങനെയായിരിക്കും പുസ്തകത്തിലെ വിവിധ അധ്യായങ്ങൾ. പുസ്തകത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. ചലച്ചിത്രവുമായി കൂട്ടിക്കുഴക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ദിലീപിന്റെ ജീവിതത്തിലുണ്ട്. കൂടെ നിന്നവർ പിന്നിൽനിന്ന് കുത്തിയ ചതിയുടെ ചരിത്രവും ഒറ്റപ്പെട്ടുപോയ ആദ്യദിവസങ്ങളിൽ ആലുവ മണപ്പുറത്തുവച്ചു കണ്ട പരിചയം പോലും ഭാവിക്കാതെ മിത്രങ്ങൾ ഒഴിഞ്ഞുമാറിയതുമൊക്കെ പുസ്തകത്തിലുണ്ടാകും.

ഒരു മാസത്തിനകം പുസ്തകം എഴുതിത്തീർക്കാനാണ് സലീം ഇന്ത്യയുടെ പദ്ധതി. അതായത് കേസിന്റെ വിചാരണ തുടങ്ങും മുമ്പേ പുസ്തകം വിപണിയിലെത്തും. ദിലീപ് അഴ്ചകൾക്കുള്ളിൽ ജാമ്യത്തിൽ ഇറങ്ങുമെന്നാണ് സലിമിന്റെ പ്രതീക്ഷ. ഇതിന് അനുസരിച്ചാണ് കാര്യങ്ങൾ നീക്കുന്നത്.