- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ചുവന്ന സ്വിഫ്റ്റിൽ'; വധഗൂഢാലോചനക്കേസിൽ തെളിവെന്ന് അന്വേഷണ സംഘം; ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തി കാർ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്; നടപടി, തുടരന്വേഷണത്തിന്റെ ഭാഗമായി; ഓടിക്കാൻ കഴിയാത്ത നിലയിൽ വാഹനം
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പൾസർ സുനിയും സംവിധായകൻ ബാലചന്ദ്രകുമാറും സഞ്ചരിച്ച കാറാണെന്നു ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.വധഗൂഢാലോചനക്കേസിൽ തെളിവായാണ് കാർ കസ്റ്റഡിയിലെടുത്തത്.
കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിന്റെ സ്വിഫ്റ്റ് കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലെത്തിയായിരുന്നു അന്വേഷണസംഘത്തിന്റെ നടപടി.
2016 ഡിസംബർ 26-ന് പൾസർ സുനി ദിലീപിന്റെ വീട്ടിൽ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച്. ആലുവ ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത ഈ വാഹനമാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ദിലീപിന്റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിലാണ്. ദിലീപിന്റെ സഹോദരൻ അനൂപും കാറിൽ ഉണ്ടായിരുന്നതായി അന്വേഷണസംഘം അറിയിച്ചു. വീട്ടിൽവച്ച് ദിലീപ്, പൾസർ സുനിക്ക് പണം കൈമാറിയിരുന്നതായും അവർ വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്തെങ്കിലും ഓടിക്കാൻ കഴിയാത്ത നിലയിലാണ് വാഹനം. അതുകൊണ്ടുതന്നെ ഈ കാർ കസ്റ്റഡിയിലെടുത്ത ശേഷം ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ ക്രൈംബ്രാഞ്ച് കാർ ദിലീപിന് കൈമാറി.
ആലുവയിലെ വീട്ടിൽനിന്ന് പോകുന്നവഴി പൾസർ സുനിയെ ബസ് സ്റ്റോപ്പിലിറക്കാൻ ദിലീപിന്റെ സഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചുവന്ന സ്വിഫ്റ്റ് കാറിലാണ് ഇവർ പോയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സഹോദരൻ അനൂപാണ് പൾസർ സുനിയെ പരിചയപ്പെടുത്തിയതെന്നും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്.
അതിനിടെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചു. ഇന്നലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്.
ഈ സാംപിൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകർപ്പ് പുറത്ത് വിട്ടിരുന്നു.
2018 മെയ് 7 നായിരുന്നു സുനി ജയിലിൽ നിന്ന് കത്ത് എഴുതിയത്. എന്നാൽ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല എന്നാണ് അവകാശവാദം. ദിലീപിന്റെ അഭിഭാഷകൻ സജിത്തിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു നൽകുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ