കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കില്ല. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ നേരിടും. നേരത്തെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് അനകൂല വിധിയുണ്ടായില്ലെങ്കിൽ കീഴ് കോടതിയെ അത് സ്വാധീനിക്കും. ഇത് തിരിച്ചറിഞ്ഞാണ് കുറ്റപത്രത്തിനെതിരെ ദിലീപ് നിയമപോരാട്ടം നടത്താത്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്.

എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ 14-ന് വിചാരണ നടപടിക്രമങ്ങൾ തുടങ്ങും. വിചാരണയുടെ എല്ലാ ഘടകത്തിലും ദിലീപിനായി കെ രാമൻപിള്ള വക്കീൽ തന്നെ ഹാജരാകും. ഇക്കാര്യം നടൻ ഉറപ്പാക്കിയിട്ടുണ്ട്. സാക്ഷികൾ പൊലീസിന് കൊടുത്ത മൊഴികളിൽ ഉറച്ചു നിന്നാൽ അത് ദിലീപിന് വിനയാകുമെന്നാണ് വിലയിരുത്തൽ. ദൃശ്യത്തെളിവിന്റെ ഒർജിനൽ കിട്ടാത്തതാണ് ദിലീപിന് അനുകൂലമായ ഘടകം. കുറ്റപത്രത്തിൽ ദിലീപ് ഗൂഢാലോചനയിൽ പങ്കെടുത്തു എന്നു പറുന്ന സ്ഥലങ്ങളിൽ താരം ഉണ്ടായില്ലെന്ന് തെളിയിക്കാനുള്ള അലീബി തന്ത്രങ്ങളാണ് രാമൻപിള്ള ഒരുക്കുകയെന്നാണ് സൂചന. കുറ്റകൃത്യം നടക്കുമ്പോൾ പ്രതി മറ്റൊരിടത്തായിരുന്നുവെന്ന വാദമാണിത്. 'ആലീബി' ഉന്നയിക്കുന്നതോടെ അതു തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതിഭാഗത്തിനാവും. ഏതു കുറ്റകൃത്യങ്ങളിലും പ്രതിഭാഗം 'ആലീബി' വാദം ഉന്നയിക്കാറുണ്ട്. ഇത്തരം കുറ്റകൃത്യം നടക്കാറുള്ളത് ഏതെങ്കിലും ഒരു ദിവസം പ്രത്യേക സമയത്താണ്. എന്നാൽ, ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു കൊണ്ട് ഇതെല്ലാം കുറ്റപത്രത്തിൽ മറികടന്നുവെന്ന് പൊലീസും പറയുന്നു. അതുകൊണ്ട് തന്നെ ദിലീപ് കേസിലെ വിചാരണ ശ്രദ്ധേയമാകും.

എന്നാൽ, നടിയെ ഉപദ്രവിച്ച കേസിൽ നടൻ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളിൽ നാലു സമയങ്ങളിലാണ്. അതുകൊണ്ടുതന്നെ പ്രതിക്ക് 'അലീബി' ഉന്നയിച്ചു തെളിയിക്കുക എളുപ്പമല്ല. കുറ്റകൃത്യം നടന്ന കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രി എട്ടരയ്ക്കും ഒൻപതിനും ഇടയിൽ ദിലീപ് എവിടെയാണെന്നത് ഈ കേസിൽ പ്രസക്തമല്ല. എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ള പ്രതികളുടെ കാര്യത്തിൽ ഇതു പ്രസക്തമാണുതാനും. കേസിൽ നിന്നും തടിയൂരാൻ വേണ്ടി കേസിൽ ദൃശ്യം മോഡൽ തന്ത്രങ്ങളാണ് ദിലീപ് പയറ്റുന്നത്. ഇതിന് വേണ്ടിയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും വ്യക്തമാണ്. കേസിൽ ദിവസങ്ങളും സ്ഥലങ്ങളും കേസിൽ നടൻ ദിലീപും സുനിൽകുമാറും ഗൂഢാലോചന നടത്തിയതായി പൊലീസ് ഉന്നയിക്കുന്ന ദിവസങ്ങളും സ്ഥലങ്ങളും. ഇവയിൽ ഏതെങ്കിലും ഒന്നിന് അലീബി ഉന്നയിക്കാൻ കഴിഞ്ഞാൽപോലും പ്രതിഭാഗത്തിനു നേട്ടമാവും.

2013 മാർച്ച് 26 നും ഏപ്രിൽ ഏഴിനും ഇടയിൽ: എറണാകുളത്തെ ഹോട്ടൽ അബാദ് പ്ലാസയിലെ 410 ാം നമ്പർ മുറിയിൽ രാത്രി ഏഴിനും ഒൻപതിനും ഇടയിൽ പൾസറും ദിലീപും കൂടിക്കാഴ്‌ച്ച നടത്തിയെന്നാണ് ഒന്നാമത്തെ വാദം. 2016 നവംബർ എട്ട്: എറണാകുളം തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലെ സിനിമാ ഷൂട്ടിങ് സ്ഥലം, 2016 നവംബർ 13: തൃശൂർ കിണറ്റിങ്കൽ ടെന്നിസ് ക്ലബിൽ നിർത്തിയിട്ട കാരവനു സമീപം പ്രതികൾ പരസ്പരം സംസാരിച്ചു, 2016 നവംബർ 14: തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചും ഗൂഢാലോചന നടത്തിയെന്നും ഗൂഢാലോചന ആരോപിച്ച് പൊലീസ് പറയുന്ന കാര്യങ്ങളാണ്. ഇതെല്ലാം തള്ളിക്കളയാനുള്ള വാദമുയർത്താൻ രാമൻപിള്ളയ്ക്കാകുമോ എന്നതാണ് നിർണ്ണായകം.

പൾസർ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡി.ജി.പിയെ ദിലീപ് അറിയിച്ചിരുന്നു. പരാതി നൽകാൻ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണെന്നും കെട്ടുകഥകൾ ഉണ്ടാക്കുകയാണെന്നും കോടതിയെ ബോധ്യപ്പെടുത്താനാകും രാമൻപിള്ള ശ്രമിക്കുക. ദിലീപിനെ പ്രതിയാക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. സിനിമാരംഗത്തെ ചിലർ രാഷ്ട്രീയ-മാധ്യമ പിന്തുണയോടുകൂടി വേട്ടയാടുകയായിരുന്നുവെന്ന വാദവും സജീവമാകും. ഒരേ ടവർ ലൊക്കേഷനു കീഴിലുണ്ടായിരുന്നെന്ന പേരിൽ സുനിയുമായിച്ചേർന്നു ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല തുടങ്ങിയ വാദവും സജീവമാകും.

ടവർ ലൊക്കേഷൻ മൂന്നുകിലോമീറ്റർ ചുറ്റളവു വരെയാകാം. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകില്ല. പൊലീസ് ഒമ്പത് ഫോണുകൾ കണ്ടെടുത്തെങ്കിലും അവയിൽനിന്നൊന്നും തന്റെ കോൾ പോയതായി കണ്ടെത്താനായിട്ടില്ല. സാക്ഷികളെയുണ്ടാക്കാൻ പൊലീസ് കഥ മെനയുകയാണ്. പൾസർ സുനി ഒട്ടേറെ കേസുകളിൽപ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണു പൊലീസ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നതെന്ന് തുടങ്ങിയ വാദവും ദിലീപ് സജീവമാക്കും. സുനിൽ ജയിലിൽനിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനിൽ പറയുന്നത്. അതിൽ സത്യമുണ്ടെങ്കിൽ പണം കൊടുത്തു കേസ് ഒതുക്കാനല്ലേ ശ്രമിക്കുകയെന്ന ചോദ്യവും ദിലീപ് ഉയർത്തും.

ഫെബ്രുവരി 14 മുതൽ 17 വരെ ദിലീപ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികിത്സിച്ച അൻവർ ആശുപത്രിയിലെ ഡോ. ഹൈദരാലി വെളിപ്പെടുത്തിയിട്ടുണ്ട്. പനിയുമായി ബന്ധപ്പെട്ട് രാവിലെ ആശുപത്രിയിൽ വന്ന് കുത്തിവയ്പ് എടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിച്ചശേഷം െവെകിട്ട് തിരിച്ചുവീട്ടിൽ പോകുകയുമായിരുന്നു. രാത്രിയിൽ നഴ്‌സ് വീട്ടിലെത്തി കുത്തിവയ്പ് നൽകുകയായിരുന്നു പതിവ്. 17 ന് രാവിലെ വരെയായിരുന്നു ആശുപത്രിയിലെത്തിയിരുന്നത്. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യാത്തതിനാൽ ഒ.പി. ചീട്ട് മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും ഡോക്ടർ വിശദീകരിക്കുന്നു. ഈ വാദമെല്ലാം ദിലീപിന് അനുകൂലമാക്കാൻ രാമൻപിള്ള ശ്രമിക്കും.

വിചാരണ തുടങ്ങുന്ന ദിവസം ദിലീപ് ഉൾപ്പെടെയുള്ള എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ദിലീപിനെതിരേ കൂട്ട ബലാൽസംഗവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ എന്നിവരുൾപ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തിൽ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നൽകിയ കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈൽ ഫോൺ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്നാണ് പറയുന്നത്.