കൊച്ചി:മൂന്നാംഘട്ട അന്വേഷണം ഇല്ല. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനാവശ്യമായ തെളിവുകളും രേഖകളും കണ്ടെത്തി നൽകിയിട്ടുണ്ട്. അനുബന്ധ സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല.ഇത് കേസിനെ ദോഷകരമായി ബാധിക്കില്ല.അവശേഷിക്കുന്നത് ഇത് കൈവശമുള്ളവർ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കമാത്രമാണ് പൊലീസിനുള്ളത്. കേസ് വിചാരണയിലേക്ക് കടക്കുന്നതിനാൽ ഇനി കൂടുതൽ അന്വേഷണത്തിന് പൊലീസ് തയ്യാറാവില്ലെന്നാണ് സൂചന. കേസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായയിരുന്ന പെരുംമ്പാവൂർ സി ഐ ബൈജു പൗലോസ് മറ്റ് ഉത്തരവാദിത്തങ്ങളിലേക്ക് കടന്നു കഴിഞ്ഞു.

ഇനി ഈ കേസിൽ അന്വേഷണം ഉണ്ടാകില്ലെന്ന് ബൈജു പൗലോസ് മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു. അന്വേഷണത്തിനുള്ള പഴുതുകൾ ഇട്ടായിരുന്നു ആദ്യ കുറ്റപത്രം നൽകിയത്. രണ്ടാം കുറ്റപത്രവും സമാനരീതിയിലാണ് സമർപ്പിച്ചത്. അതുകൊണ്ടു തന്നെ തൊണ്ടി മുതൽ തേടി അന്വേഷണം തുടരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇനിയും സങ്കീർണ്ണതയിലേക്ക് കേസ് എത്തിക്കേണ്ടെന്നാണ് പൊലീസിലെ ഉന്നതതല തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മരവിപ്പിക്കുന്നത്. പഴുതുകൾ അടച്ച കുറ്റപത്രമാണ് ഇതെന്നാണ് നിയമവിദഗ്ധരുടേയും നിലപാട്.

ഏറെ പ്രതിസന്ധിനിറഞ്ഞ കേസന്വേഷണത്തിൽ നിർണ്ണായകമായത് നടൻ ദിലീപിന്റെ അറസ്റ്റ് ആയിരുന്നു. കുറ്റകൃത്യത്തിൽ ദിലീപിനുള്ള പങ്ക് രേഖകളും സാക്ഷിമൊഴികളും ഉൾപ്പെടെയാണ് പൊലീസ് കുറ്റപത്രത്തിൽ സമർദ്ധിച്ചിട്ടുള്ളത്. നടിയെ ഉപദ്രവിക്കുന്നതിനും കടത്തിക്കൊണ്ടുപോകുന്നതിനും മുഖ്യപ്രതി പ്രതി പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ വാദം സ്ഥരീകരിക്കുന്ന ശാസ്ത്രിയ തെളിവുകളും പൊലീസ് കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ച രേഖകളിളുണ്ടെന്നാണ് ലഭ്യമായ വിവരം. ഗൂഢാലോചനയിൽ മാഡവും വമ്പൻ സ്രാവുമെല്ലാം ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. ദുബായ് കണക്ഷൻസിലും ചർച്ച എത്തി. എന്നാൽ ഇതൊന്നും അന്വേഷിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പൾസർ സുനി വാഹനത്തിനുള്ളിൽ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി പൊലീസ് പലവഴിക്ക് നടത്തിയ നീക്കം വിജയിച്ചില്ല. ഫോൺ നശിപ്പിക്കപ്പെട്ടതായി പ്രതികളിലൊരാളായ അഡ്വ.പ്രതീഷ് ചാക്കോ മൊഴി നൽകിയെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഫോൺ കേസിൽ നിർണ്ണായക തൊണ്ടിയാണെങ്കിലും കൃത്യം തെളിയിക്കുന്നതിന് ഇത് ആനിവാര്യമല്ലന്നാണ് പൊലീസ് നിഗമനം.കണ്ടെടുത്ത ദൃശ്യങ്ങൾ നടിയെ കാണിച്ചിരുന്നു.യഥാർത്ഥ സംഭവവും ദൃശ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതായി ഇവർ പൊലീസിൽ സമ്മതിച്ചിട്ടുമുണ്ട്.ഇക്കാര്യവും കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ കേസിൽ മൊബൈൽ ഫോൺ 'വില്ലനാ'വില്ലന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ.

കഴിഞ്ഞ മെയ് 19 നാണ് ബൈജുപൊലോസിന് അന്വേഷണത്തിന്റെ ബാറ്റൺ കൈയിലെത്തുന്നത്.പിന്നെ തലനാരിഴ കീറിയുള്ള അന്വേഷണം.നടിയെ കടത്തിയതുകൊട്ടേഷനാണെന്ന് പൾസർ സുനി നൽകിയ സൂചനകളെ പിൻതുടർന്നാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നത്. കൃത്യത്തിൽ ദിലീപിന്റെ പങ്ക് ഉറപ്പിച്ച ശേഷം അത്താണിയിലെ കാർണിവെൽ ഗ്രൂപ്പിന്റെ താമസ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതോടെ കേസ് പുതിയ തലത്തിലെത്തി. അന്വേഷണത്തിൽ എല്ലാവിധ സ്വാതന്ത്ര്യവും സർക്കാർ അനുവദിക്കുകയും ചെയ്തു. ഇതാണ് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.

നടിയെ ആക്രമിച്ച കേസിൽ പണം തട്ടാൻ വേണ്ടി പൾസർ സുനിയും കൂട്ടുകാരും നടത്തിയ പദ്ധതി എന്ന നിലയ്ക്ക് അവസാനിപ്പിച്ച കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടു വന്നത് സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ്. കേസ് അവസാനിച്ച്, കേസ് വിചാരണയിലേയ്ക്കു കടന്നപ്പോഴും സമാന്തരമായ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇത് തികച്ചും രഹസ്യമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും ഇത് അറിഞ്ഞിരുന്നില്ല. എല്ലാ പഴുതും അടച്ച അന്വേഷണത്തിനു നേതൃത്വം നൽകിയത് ബൈജു പൗലോസ് ആയിരുന്നു. പെരുമ്പാവൂർ സിഐ ആയി ജോലി ചെയ്യുന്നതിനിടയിലാണ് പ്രത്യേക അന്വേഷണ സംഘത്തിലേയ്ക്കു ബൈജു പൗലോസ് നിയോഗിക്കപ്പെട്ടത്. സ്വന്തം ടീമിനെ തിരഞ്ഞെടുത്തതും ബൈജു പൗലോസ് തന്നെ. കേസിന്റെ രഹസ്യസ്വഭാവവും അന്വേഷണ സൂഷ്മതയും നിലനിർത്തിയ സംഘം ദിലീപിലേക്ക് തെളിവുകൾ എത്തിച്ചു. ഒന്നാം പ്രതി പൾസർ സുനി ജയിലിനുള്ളിൽ നടത്തിയ തുറന്നു പറച്ചിലാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം.

സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും സംശയത്തോടെ കണ്ട ബിജു പൗലോസിന്റെ നീക്കം പഴുതുകളടുച്ചുള്ളതായിരുന്നു. എംപിയും എംഎൽഎയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോൾ വേണമെങ്കിലും നടന് പ്രതിരോധമൊരുക്കാൻ എത്തുമെന്ന് ബൈജു പൗലോസ് തിരിച്ചറിഞ്ഞു. ഇതു തന്നെയാണ് അന്വേഷണ കഥയിലെ നായകനാക്കി ഈ സിഐയെ മാറ്റുന്നതും. പെരുമ്പാവൂർ സിഐ ബൈജു പൗലോസ് നടത്തുന്ന അന്വേഷണ പുരോഗതി തുടക്കത്തിൽ എഡിജിപിക്ക് നേരിട്ടാണ് കൈമാറിയിരുന്നത്. ലോക്കൽ സിഐ ആയതു കൊണ്ടായിരുന്നു ഇത്. അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് ടീം ഉണ്ടായിരുന്നുവെങ്കിലും അവർക്ക് തുടക്കത്തിൽ ഒന്നും അറിയാമായിരുന്നില്ല.

ഡിവൈഎസ്‌പി, എസ്‌പി എന്നിങ്ങനെ പരമ്പാരാഗത ശൈലിയിൽ അന്വേഷണ പുരോഗതി കൈമാറിയാൽ രഹസ്യങ്ങൾ ചില ഉന്നതർക്കും മാധ്യമപ്രവർത്തകർക്കും ചോരുമെന്നതിനാലാണ് ഡിജിപി ടിപി സെൻകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വിവരങ്ങൾ നേരിട്ട് എഡിജിപി ബി സന്ധ്യയ്ക്ക് കൈറിയത്. ഇതെല്ലാം കേസിനെ സ്വാധീനിച്ച കാര്യങ്ങളാണ്.