- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ബ്രിട്ടനിനിലും എത്തിയതായി വിവരം; ഫോൺ ഓഫ് ചെയ്തു മുങ്ങിയ ശരത്തിനെയും മെഹ്ബൂബിനെയും ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; ബലാത്സംഗ ക്വട്ടേഷന് പിന്നിൽ സിനിമാ രംഗത്തെ 'മാഡ'മെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലിലും അന്വേഷണം
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പുറത്തുപോയെന്ന് കരുതുന്ന പൊലീസ് അതിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുന്നു. വിദേശത്തേക്ക് ദൃശ്യങ്ങൾ കടത്തിയെനന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ബ്രിട്ടനിലെത്തിയെന്ന് സംശയിക്കുന്നതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടുവെന്ന് ബ്രിട്ടനിൽനിന്ന് ആലുവ സ്വദേശി ഷെരീഫ് എന്ന് പരിചയപ്പെടുത്തുന്ന ആൾ ഫോണിൽ വിളിച്ച് തന്നോട് പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ദൃശ്യങ്ങൾ ലാപ്ടോപ്പിൽ ഉണ്ടെന്നും ഇത് അയച്ചുതരാമെന്നും ഇയാൾ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചിട്ടുണ്ട്. നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽനിന്ന് ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത ശബ്ദരേഖകൾ വിശദ പരിശോധനയ്ക്ക് അയയ്ക്കും.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീർത്താവ് സുരാജ്, വി.ഐ.പി, ബൈജു എന്നിവരുൾപ്പെടെയുള്ളവരുടെ ശബ്ദമാണ് ബാലചന്ദ്രകുമാർ റെക്കൊഡ് ചെയ്തത്. ശബ്ദപരിശോധനയ്ക്ക് ഇവരെ വിളിച്ചുവരുത്തും. രണ്ടും തമ്മിൽ സാമ്യം ഉണ്ടോ എന്നാണ് പരിശോധിക്കുക. അതേസമയം ദിലീപിന്റെ അടുത്ത സുഹൃത്തായ 'ശരത്തി'നെയും ഖത്തറിലെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ലയെയും ക്രൈംബ്രാഞ്ച് ഒരുമിച്ചു ചോദ്യം ചെയ്യാനും ഒരുങ്ങുകയാണ്.
ഗൂഢാലോചനാക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 'വിഐപി' താനല്ലെന്നു വ്യക്തമാക്കി മെഹ്ബൂബ് സ്വമേധയാ രംഗത്തു വന്നിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ച ശരത്ത് ഫോൺ ഓഫാക്കി മുങ്ങി. ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന ശരത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ശരത്തിലേക്കും ഒരുപോലെ തന്നെ അന്വേഷണം നീളുന്നുണ്ട്.
പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തുനോക്കാൻ ഇരുവരുടെയും ശബ്ദ സാംപിളുകൾ അന്വേഷണ സംഘം ശേഖരിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിലെ ആറാം പ്രതിയായ 'വിഐപി'യെ തിരിച്ചറിയാൻ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.
സംവിധായകൻ ബാലചന്ദ്രകുമാർ ആറാം പ്രതിയെ വിഐപിയെന്നാണു വിശേഷിപ്പിച്ചതെങ്കിലും അങ്ങനെ വിളിക്കത്തക്ക പദവികളൊന്നുമില്ലാത്തയാളാണ് ആറാം പ്രതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2017 നവംബർ 15നു ദിലീപിന്റെ വീട്ടിലെത്തിയ ആറാം പ്രതി കൈമാറിയ പെൻ ഡ്രൈവിൽ പൾസർ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നെന്നാണു സംവിധായകന്റെ വെളിപ്പെടുത്തൽ.സംഭവ ദിവസം ദിലീപിന്റെ വീട്ടിൽ ആറാം പ്രതിക്കു ലഭിച്ച പരിഗണനയും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇയാൾക്കുണ്ടെന്നു കരുതുന്ന അടുത്തബന്ധവുമാണ് ഇയാളെ 'വിഐപി'യെന്നു വിളിക്കാൻ കാരണമെന്നു ബാലചന്ദ്രകുമാർ വ്യക്തമാക്കി.
കുറ്റകൃത്യത്തിനു ശേഷം നടൻ ദിലീപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യവസായിയിലേക്കാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയ്ക്കു പുറമേ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾക്കു കൈമാറിയത് ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന തുടരന്വേഷണത്തിന്റെ റിപ്പോർട്ട് 20നു വിചാരണക്കോടതിക്കു കൈമാറണം.
സാക്ഷി വിസ്താരം നിർത്തിവച്ചു തുടരന്വേഷണം നടത്താനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ വിചാരണക്കോടതിയും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയും പരിഗണിക്കുന്നതു നാളെയാണ്.
പൾസർ സുനി പറഞ്ഞ മാഡം ആര്?
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ 'മാഡ'ത്തിനായുള്ള അന്വേഷണം വീണ്ടും ആരംഭിക്കാനുമാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഒരു സ്ത്രീയാണ് കേസിൽ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടൻ ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതാണ് വീണ്ടും 'മാഡ'ത്തിലേക്ക് അന്വേഷണം നീങ്ങാൻ കാരണം.
ദിലീപ് സുഹൃത്ത് ബൈജുവിനോട് 'സത്യത്തിൽ ഞാൻ ശിക്ഷ അനുഭവിക്കേണ്ടതല്ല' എന്നും 'ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്' എന്നും 'അവരെ രക്ഷിച്ചു രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു' എന്നും പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തൽ. ഈ സംഭാഷണം ബാലചന്ദ്രകുമാർതന്നെ റെക്കോഡ് ചെയ്യുകയും ചെയ്തു.
'മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണ്' എന്ന് പ്രതി പൾസർ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ 'കേസിൽ മാഡത്തിന് വലിയ പങ്കില്ല' എന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്. ഇതോടെ 'മാഡ'ത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചു, പിന്നാലെ അന്വേഷണവും നിലച്ചു. ഇതിനാണ് വീണ്ടും തുടക്കമാകുന്നത്. അതേസമയം ദിലീപ് താനല്ല് ഇത് അനുഭവിക്കേണ്ടത് എന്ന വെളിപ്പെത്തൽ നടത്തിയതോടെ മാഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കൂടുതൽ ഊർജ്ജിതമാകുകയാണ്.
ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്. നിലവിൽ കേസിൽ പ്രഥമപരിഗണന 'വി.ഐ.പി.'യെ കണ്ടെത്തുക എന്നതിലാണ്. കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന വ്യക്തിയും പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയുമാണിയാൾ. വി.ഐ.പി.യെ കണ്ടെത്തിക്കഴിഞ്ഞാൽ അടുത്ത തലത്തിൽ 'മാഡ'ത്തിനായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കും.
മറുനാടന് മലയാളി ബ്യൂറോ