കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഇന്ന് നിർണായക ദിനം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും ദിലീപിനെതിരായ കേസിന്റെ വിശദാശംങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ താരത്തിന് ജാമ്യം നൽകരുതെന്ന് ഇന്നലെ കോടതിയിൽ വാദിച്ചത്.

ബലാൽസംഗം ചെയ്യാൻ ഒരു ക്രിമിനൽ സംഘത്തിനു ക്വട്ടേഷൻ നൽകിയതു സംബന്ധിച്ച കേസ് ഒരു പക്ഷേ, രാജ്യത്തു ശിക്ഷാനിയമം നിലവിൽ വന്നശേഷം ആദ്യമാണെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തു നൽകിയ വിശദീകരണത്തിലാണിത്. ദിലീപ് അടക്കമുള്ള ആറു പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.

സമാനതകളില്ലാത്ത കേസാണിതെന്നും ഗുരുതര കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതു ചരിത്രത്തിൽ ആദ്യമാണെന്നും എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി എംപി.മോഹനചന്ദ്രൻ നൽകിയ വിശദീകരണത്തിൽ പറയുന്നു. കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണ്. ഓരോ ഘട്ടത്തിലും നിയമ നടപടികൾ തടസ്സപ്പെടുത്താനാണു ശ്രമിച്ചത്. സ്‌പെഷൽ പ്രോസിക്യൂട്ടർമാർ രാജിവച്ച സംഭവങ്ങളിലും ദിലീപിനു പങ്കുണ്ട്.

കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കുന്ന ഭീഷണി നിലനിൽക്കുന്ന അവസ്ഥയിലാണു കാര്യങ്ങൾ. ഗൂഢാലോചനയെത്തുടർന്നുള്ള നീക്കങ്ങളും ഇപ്പോഴും പ്രതികൾക്ക് അത്തരമൊരു ലക്ഷ്യമുണ്ടോയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ഇത്തരമൊരു കുറ്റകൃത്യത്തിലെ മുഖ്യ സൂത്രധാരൻ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി ഗൂഢാലോചന നടത്തിയതും സംസ്ഥാനത്ത് ആദ്യമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ എല്ലാ വസ്തുതകളും കണ്ടെത്താനാകൂ. നിർണായക തെളിവുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതിനാൽ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് എസ്‌പി. എംപി. മോഹനചന്ദ്രൻ ഫയൽ ചെയ്ത വിശദീകരണത്തിൽ പറയുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വഴിയാണ് വിശദീകരണം നൽകിയത്.

നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും ദിലീപ് ആദ്യംമുതൽ നടത്തുന്നുണ്ടെന്ന് വിശദീകരണത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരൻ ദിലീപായിരുന്നു. നിയമ നടപടികൾ തടസ്സപ്പെടുത്താൻ ഓരോ ഘട്ടത്തിലും ശ്രമിച്ച ദിലീപ് ഇപ്പോൾ പ്രോസിക്യൂഷനെതിരേ ആരോപണം ഉന്നയിക്കുകയാണ്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരുടെ രാജിയിലേക്കു നയിച്ച സംഭവങ്ങൾക്കും ദിലീപിന് പങ്കുണ്ട്.

ഗൂഢാലോചനക്കേസിൽ തെളിവുകൾ ലഭിക്കുക ക്ലേശകരമാണ്. ഇവിടെ സംഭവത്തിന് സാക്ഷിയായ ഒരാൾ മൊഴി നൽകാൻ മുന്നോട്ടു വന്നു. പ്രതികൾ നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ ക്ലിപ്പ് പ്രതികളുടെ ശബ്ദ സാമ്പിളുകളോടൊപ്പം പരിശോധനയ്ക്ക് അയയ്ക്കണം. ഇതിനായി പ്രതികളുടെ ശബ്ദ സാമ്പിൾ എടുക്കണം.

ജനുവരി 13-ന് ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ നടത്തിയ പരിശോധനയിൽ ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അടക്കം 19 സാധനങ്ങൾ പിടിച്ചെടുത്തു. ഇവയുടെ ഫോറൻസിക് പരിശോധനയിലൂടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണം. സത്യം കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.

ഗൂഢാലോചനയെ തുടർന്നുള്ള നീക്കങ്ങൾ എന്തെല്ലാമായിരുന്നു എന്നും ഇപ്പോഴും അത്തരമൊരു ലക്ഷ്യം ഉണ്ടോ എന്നതുമൊക്കെ കണ്ടെത്തണം. മുൻകൂർ ജാമ്യം നൽകിയാൽ സ്വതന്ത്രമായ അന്വേഷണം തടസ്സപ്പെടും. പ്രതികൾ ഏറെ സ്വാധീനമുള്ളവർ ആയതിനാൽ അന്വേഷണത്തിൽ ഇടപെടാനാകും. ഇതുവരെ ലഭിച്ച തെളിവുകൾ അപകടരമായ കാര്യങ്ങളാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണെന്നും വിശദീകരണത്തിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് മാറ്റണമെന്ന അപേക്ഷ 25നു മാറ്റി

ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതു മാറ്റിവയ്ക്കാൻ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ വിചാരണക്കോടതി 25നു പരിഗണിക്കും.

കേസിൽ തുടരന്വേഷണം നടത്താനുള്ള സൗകര്യത്തിനു വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സാവകാശം തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി 24നു പരിഗണിക്കുന്ന സാഹചര്യത്തിലാണു വിചാരണക്കോടതിയുടെ നടപടി. 2022 ഫെബ്രുവരി 16നു മുൻപു വിചാരണ പൂർത്തിയാക്കാനുള്ള സുപ്രീംകോടതിയുടെ മുൻ ഉത്തരവു നിലനിൽക്കുന്ന സാഹചര്യത്തിലാണു കൂടുതൽ സമയം ചോദിച്ചു സംസ്ഥാന സർക്കാർ തന്നെ ഹർജി നൽകിയത്. തുടരന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ ഇന്നലെ സമർപ്പിച്ചു.

ഹൈക്കോടതി ഉത്തരവു പ്രകാരം കേസിൽ പുതുതായി ഉൾപ്പെടുത്തുന്ന 4 സാക്ഷികൾക്കും സമൻസ് അയയ്ക്കാൻ വിചാരണക്കോടതി നിർദ്ദേശിച്ചു. നേരത്തെ വിസ്തരിച്ച ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കാനും അനുവാദം നൽകിയിട്ടുണ്ട്. 22 മുതൽ ഇവരുടെ വിസ്താരമാണു നടക്കുന്നത്. അഡീ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇന്നലെ വിചാരണക്കോടതിയിൽ ഹാജരായത്.