- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വിഐപിയുടെ ശബ്ദം ശരത്തിന്റേത് തന്നെയെന്ന് സൂചന; പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പ്രതികളിൽ ഒരാൾ ഭാഗീകമായി സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്; ദിലീപിൽ നിന്നും ക്രൈംബ്രാഞ്ച് ഉത്തരം തേടുന്നത് 26 സംഭവങ്ങളിൽ; 'മാഡം' ആരെന്ന് മനസ്സിലാക്കും; മൊഴികളിൽ പൊരുത്തക്കേടുകൾ ഏറെ
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലുമായി നടൻ ദിലീപിൽ നിന്ന് ക്രൈംബ്രാഞ്ച് ഉത്തരം തേടുന്നത് 26 സംഭവങ്ങളിൽ. വിഐപിയും മാഡവും അടക്കമുള്ള വിഷയങ്ങൾ ഇതിലുണ്ട്. സാക്ഷികളെ മൊഴിമാറ്റിയും ചോദ്യങ്ങളുടെ പരിഗണനിയിലുണ്ട്. ഇതിൽ വിഐപിയുടെ ശബ്ദം സൂര്യ ഹോട്ടൽ ഉടമ ശരത്തിന്റേതാണെന്ന് ദിലീപ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്.
ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് അന്വേഷണ സംഘം ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളും ഇതിൽ ഉൾപ്പെടും. 26 സംഭവങ്ങളിലും അഞ്ച് പ്രതികൾക്കും തങ്ങളുടേതായ റോൾ ഉണ്ട്. ഇത് എത്രത്തോളമെന്ന് ചോദ്യം ചെയ്യലിൽ തെളിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷ. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അഞ്ച് പ്രതികളേയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.
കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. എസ്‌പി എംപി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ 5 സംഘങ്ങളായി തിരിഞ്ഞാണു ചോദ്യം ചെയ്യൽ. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാൾ ഭാഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഒന്നാം പ്രതി ദിലീപിനൊപ്പം ചോദ്യം ചെയ്യലിനു ഹാജരായവരിൽ ആരാണു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
എല്ലാ പ്രതികളുടേയും മൊഴികളിൽ പൊരുത്തക്കേടുകൾ ഏറെയുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാ ഫലവും ചോദ്യം ചെയ്യലിൽ ഇന്ന് ആയുധമാകും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. പ്രതികൾ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവു അനുസരിച്ചാണ് നടപടി. പ്രതികൾ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്നു ജസ്റ്റിസ് പി.ഗോപിനാഥ് നിർദ്ദേശിച്ചിരുന്നു.
ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസ്, കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ.എസ്.സുദർശൻ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോർഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാർ കൈമാറിയിരുന്നു.
ചോദ്യങ്ങൾക്ക് ദിലീപ് മറുപടി നൽകുന്നുണ്ട്, സഹകരിക്കുന്നോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് എസ്. ശ്രീജിത്ത് പറഞ്ഞു. മൊഴികൾ വിശദമായി വിലയിരുത്തിയശേഷം ബാക്കികാര്യങ്ങൾ തീരുമാനിക്കും. വി.ഐ.പി. ശരത്ത് ആണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പതുമണിക്ക് ചോദ്യംചെയ്യൽ തുടങ്ങി. അഞ്ചുപ്രതികളെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്തത്. അവസാന ദിവസം ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ്പ് വിൻസെന്റ് സാമുവൽ പ്രതികരിച്ചു. നടൻ ദിലീപുമായോ സംവിധായകൻ ബാലചന്ദ്രകുമാറുമായോ ബിഷപ്പിന് ബന്ധമില്ലെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രൂപത പത്രക്കുറിപ്പിൽ അറിയിച്ചു.ജാമ്യം ലഭിക്കാൻ ബാലചന്ദ്രൻ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ആവശ്യപ്പെട്ടെന്നും പലതവണയായി പത്തുലക്ഷംരൂപ കൈപ്പറ്റിയെന്നും ദിലീപ് ഹൈക്കോടതിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷനെതിരായ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഇടപെടൽ നടത്തിയിട്ടില്ല. ഇത്തരം ആരോപണങ്ങൾ വേദനാജനകവും അപലപനീയവുമാണെന്ന് കെ.എൽ.സി.എ. പ്രസിഡന്റ് ഡി. രാജു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ