- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംജിറോഡിലെ മേത്തർ ഹോം ഫ്‌ളാറ്റിൽ 2017 ഡിസംബറിൽ ഗൂഢാലോചന; 2019 തുടക്കത്തിൽ സിനിമാ നിർമ്മാതാവായ ശരതും വിദേശ മലയാളിയുമായും ചില തർക്കങ്ങളുണ്ടായതും തെളിവ്; ദിലീപിനെ അറസ്റ്റു ചെയ്യാൻ രണ്ടും കൽപ്പിച്ച് നീക്കം; കാവ്യയേയും ഉടൻ ചോദ്യം ചെയ്യും
കൊച്ചി: ദിലീപിനെ അറസ്റ്റ് ചെയ്യാൻ ഉറച്ച് ക്രൈംബ്രാഞ്ച്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർചെയ്ത കേസിൽ ഹൈക്കോടതിയിൽ തുടരെ തിരിച്ചടികളാണ് ദിലീപിന് നേരിട്ടത്. നാലാം ഫോൺ നൽകിയുമില്ല. ഇത് അന്വേഷണവുമായുള്ള നിസ്സഹകരണമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. ഈ സാഹചര്യത്തിൽ ഈ ഫോൺ കണ്ടെത്താനുറച്ചാണ് അന്വേഷണ സംഘം. ദിലീപിന്റെ അറസ്റ്റിലേക്കും കാര്യങ്ങളുമെത്തും. ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അങ്ങനെ വന്നാൽ ദിലീപ് സുപ്രീംകോടതിയെ സമീപിക്കും.
കോടതി പരമാർശങ്ങൾ ദിലീപിനെ തേടിയെത്തിയതോടെ അറസ്റ്റിലേക്ക് വഴിതെളിയുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം. കേസിൽ കസ്റ്റഡിയിൽവെച്ച് ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. ഇതിന് വേണ്ടിയുള്ള നടപടികളും തുടങ്ങി കഴിഞ്ഞു. ഭാര്യ കാവ്യാ മാധവനെതിരേയും നിരന്തരം വെളിപ്പെടുത്തൽ വരുന്നു. ഇതിനൊപ്പം ദിലീപിന്റെ സഹോദരിയേയും ബാലചന്ദ്രകുമാർ പ്രതിക്കൂട്ടിൽ നിർത്തുന്നു. അതുകൊണ്ട് തന്നെ ദിലീല് കേസിൽ നിർണ്ണായക നീക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. തനിക്കെതിരെ തെളിവില്ലെന്ന ദിലീപിന്റെ വാദം തകർക്കാനാണ് ശ്രമം. കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ശക്തമായ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിൽ ഇവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുകൂടി കോടതിയെ ധരിപ്പിച്ച് ദിലീപിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് സംഘം നിലവിൽ നടത്തുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നടത്തുന്നത് അറസ്റ്റിന് സാഹചര്യമൊരുക്കലാണ്. ഫോൺ കൈമാറണമെന്നാവശ്യപ്പെട്ട് നൽകിയ ഉപഹർജി പരിഗണിക്കുന്നതിനിടെയാണിത്. എം.ജി.റോഡിലെ മേത്തർ ഹോം ഫ്‌ളാറ്റിൽ 2017 ഡിസംബറിൽനടന്ന ചർച്ച ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് അധിക തെളിവുകളിൽ ആദ്യത്തേത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ് എന്നിവർ പങ്കെടുത്തിട്ടുണ്ടെന്നും പറയുന്നു.
ആലുവ പൊലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ വാഹനത്തിൽ പോകുമ്പോൾ ആക്രമണത്തെക്കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 മെയ് മാസത്തിലാണിത്. 2019 തുടക്കത്തിൽ സിനിമാനിർമ്മാതാവും ആലുവ സ്വദേശിയുമായ ശരതും ഒരു വിദേശമലയാളിയുമായും ചില തർക്കങ്ങളുണ്ടായി. ഇതിനിടയിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സലിം, ദാസൻ എന്നിവരുടെ മൊഴികളും ഗൂഢാലോചന സാധൂകരിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുപിന്നാലെ എല്ലാവരും ഫോൺ മാറ്റിയെന്നത് ഗൂഢാലോചനയെ ബന്ധിപ്പിക്കുന്നതാണെന്ന് കോടതിയും വാക്കാൽ അഭിപ്രായപ്പെട്ടു.
ഫോൺ പിടിച്ചെടുത്ത് നടത്തുന്ന ഫൊറൻസിക് പരിശോധനയോടെ ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായുള്ള ശക്തമായ തെളിവുകൾ ലഭിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതിയോടെ അറസ്റ്റിലേക്ക് കടക്കാമെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ. ഇതിന് വേണ്ടിയാണ് ഫോൺ കണ്ടെത്താനുള്ള ശ്രമം. കേസിൽ ദിലീപിന്റെ അറസ്റ്റ് ലക്ഷ്യമാക്കി അപ്രതീക്ഷിത നീക്കങ്ങളാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ദിലീപിന്റെയടക്കം പ്രതികളുടെ ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ സമയംതേടിയതോടെ കേസ് ബുധനാഴ്ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച അപ്രതീക്ഷിതമായി ഉപഹർജിയുമായി പ്രോസിക്യൂഷൻ രംഗത്തുവന്നു.
ഹൈക്കോടതിയിൽ ദിലീപിന്റെ ആവശ്യങ്ങൾ മിക്കതും കോടതി പരിഗണിച്ചില്ല. നേരത്തെ ചോദ്യംചെയ്യലിന് നിബന്ധന വെക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. അന്വേഷണത്തിന് പൂർണസ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്ക് അനുവദിച്ചും നൽകി. മൂന്നുദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായ ദിവസം ദിലീപും സംഘവും മൊബൈൽഫോണുകൾ മാറ്റി തെളിവു നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻതന്നെ വെളിപ്പെടുത്തി. ദിലീപിന് പഴയ ഫോൺ ഹാജരാക്കാൻ കത്തും നൽകി. എന്നാൽ, ഇതിനെ മറികടക്കാൻ സ്വയമേ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായി നൽകിയ മറുപടിക്കത്ത് ദിലീപിന് കുരുക്കായി മാറുകയും ചെയ്തു.
ദിലീപിന് ശക്തമായ താക്കീതാണ് കോടതി നൽകിയത്. ഫോൺ നൽകില്ലെന്നായിരുന്നു ദിലീപ് ആദ്യം കോടതിയെ അറിയിച്ചത്. കോടതിയിൽനിന്ന് ശക്തമായ പ്രഹരം ലഭിച്ചതോടെ ഹാജരാക്കാമെന്നായി. ഫോൺ ഹാജരാക്കാൻ ദിലീപ് സമയമാവശ്യപ്പെട്ടപ്പോൾ കോടതി പരിഗണിച്ചതുമില്ല.
മറുനാടന് മലയാളി ബ്യൂറോ