- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിലെ ഫോറൻസിക് ലാബിലേക്ക് അന്വേഷണം വ്യാപിപ്പിക്കും; ഫോണിൽ കൃത്രിമത്വം നടത്തിയോ എന്നും പരിശോധിക്കും; നാലാം ഫോണിന്റെ വിവരങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കും; ലക്ഷ്യം ദിലീപിനെ കസ്റ്റഡിയിൽ എടുക്കൽ; കാവ്യാ മാധവനെ ചോദ്യം ചെയ്യാനും സാധ്യത; ദിലീപിന്റെ വീട്ടിലെ സഹായിയും നിർണ്ണായകം
തിരുവനന്തപുരം: ദിലീപിന്റെ ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണു പരിശോധിച്ചതെന്നു കണ്ടെത്തുകയാണ് ലക്ഷ്യം. ഫോണിൽ കൃത്രിമത്വം കാട്ടിയോ എന്ന് പരിശോധിക്കുകയാണ് ഉദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഈ അന്വേഷണം നിർണ്ണായകമാകും.
ദിലീപിന്റെ വീട്ടിൽ സഹായിയായി വർഷങ്ങളായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തു വിട്ടയുടൻ സഹായി പോയ സ്ഥലവും ആരെയൊക്കെ ബന്ധപ്പെട്ടുവെന്നതും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഇതിൽനിന്നു ലഭിച്ച ചില വിവരങ്ങളും വിശകലനം ചെയ്തു. ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളിലും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷണം തുടങ്ങിയെന്നാണു വിവരം. ഭാര്യ കാവ്യാ മാധവനേയും സഹോദരിയേയും ചോദ്യം ചെയ്യുന്നതും പരിഗണനയിലാണ്.
ദിലീപിന്റെ നാലാമത്തെ മൊബൈൽ ഫോണിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിക്കു കൈമാറും. ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി പറയും മുൻപു ഫോണിന്റെ ഇന്റർനാഷനൽ മൊബൈൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി നമ്പർ (ഐഎംഇഐ), ബ്രാൻഡ് നെയിം, മോഡൽ, വിൽപന നടത്തിയ കമ്പനി ഡീലർ എന്നിവരുടെ വിവരങ്ങൾ കൈമാറാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇതിലൂടെ ദിലീപിന്റെ മുൻകൂർ ജാമ്യത്തിന് തടയിടാനാണ് ശ്രമം. ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലാണ് ഇപ്പോഴും ക്രൈംബ്രാഞ്ച്.
ഒളിപ്പിച്ചതായി ആരോപിക്കുന്ന ഫോൺ ദിലീപ് ഉപയോഗിച്ചതിന്റെ ഫോൺ വിളി രേഖകളും (സിഡിആർ) അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ദിലീപുമായി അടുപ്പമുള്ള 3 പേരുടെ മൊഴികൾ കൂടി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വധശ്രമ ഗൂഢാലോചനക്കേസിൽ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതുകൊണ്ടാണ് കരുതലുകൾ എടുക്കുന്നത്.
ദിലീപ് കൈമാറാൻ വിസമ്മതിക്കുന്ന ഫോണിൽ 'മാഡം' ആരെന്നതിന്റെ ഉത്തരം തേടുകയാണ് ക്രൈംബ്രാഞ്ച്. ഫോണിൽ മാഡവുമായിട്ടുള്ള സംഭാഷണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണു നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി നൽകിയ വിവരം. വെള്ളിയാഴ്ച ചോദ്യം ചെയ്തപ്പോഴായിരുന്നു സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്ത്രീയാണു കേസിൽ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്നു നടൻ ദിലീപ് സംസാരിക്കുന്നതു കേട്ടുവെന്നാണു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
അതു 'മാഡ' മാണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടൽ. ദിലീപ് സുഹൃത്ത് ബൈജുവിനോടു 'സത്യത്തിൽ ഞാൻ ശിക്ഷ അനുഭവിക്കേണ്ടതല്ല' എന്നും 'ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്' എന്നും 'അവരെ രക്ഷിച്ചു കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു' എന്നും പറയുന്നതു കേട്ടുവെന്നുമാണു വെളിപ്പെടുത്തൽ. ഈ സംഭാഷണം ബാലചന്ദ്രകുമാർതന്നെ റെക്കോഡ് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നാലം ഫോണിന് വേണ്ടിയുള്ള അന്വേഷണം.
മാഡം സിനിമാ മേഖലയിൽനിന്നുള്ളയാളാണെന്നു പ്രതി പൾസർ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ മാഡത്തിനു വലിയ പങ്കില്ല എന്നായിരുന്നു സുനി പിന്നീടു പറഞ്ഞത്. ഇതോടെ മാഡത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചു, പിന്നാലെ അന്വേഷണവും നിലച്ചിരുന്നു. ഇതിനിടെയാണു ഫോണിൽ 'മാഡ' മുണ്ടെന്ന നിർണായക സൂചന വരുന്നത്. ഇവരെ രക്ഷിക്കാനാണോ ദിലീപ് നാലാമത്തെ ഫോൺ കൈമാറാത്തതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
ഫോണിൽ മുൻ ഭാര്യ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായുള്ള സ്വകാര്യ സംഭാഷണമാണെന്നു ദിലീപ് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളും ക്രൈംബ്രാഞ്ചിനു സ്ഥിരീകരിക്കേണ്ടതുണ്ട്. ദിലീപിനു വൈകാരിക അടുപ്പമുള്ളയാളാണു 'മാഡ' മെന്നും അതാണു അവരെ രക്ഷിക്കാൻ ഈ സന്ദർഭത്തിലും ദിലീപ് ശ്രമിക്കുന്നതെന്നുമാണു ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടൽ. ഫോണിലെ ചില കാര്യങ്ങൾ ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ