- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ മൂന്ന് ഫോണുകളും ക്രൈംബ്രാഞ്ച് അരിച്ചു പെറുക്കും; അന്വേഷണ സംഘം പരതുക നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകൾ; പൾസർ സുനിയുടെ മൊഴിയുള്ള 'മാഡത്തെ' കണ്ടെത്താൻ ഫോറൻസിക് പരിശോധന; ദിലീപിന് കസ്റ്റഡി ഒഴിവാക്കാനാകുമോ?
കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോൺ, സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറിയത്. അതേസമയം ദിലീപിന് നാല് ഫോൺ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോൺ മാത്രമാണുള്ളതെന്നായിരുന്നു ദിലീപിന്റെ വാദം. നാലാമത്തെ ഫോൺ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചേക്കും.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടൻ ദിലീപ് അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ തിങ്കളാഴ്ച 10.15-ന് മുൻപ് രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ദിലീപ് പാലിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യ ഹർജിയിലെ തീരുമാനം നിർണ്ണായകമാകും. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവും ദിലീപ് കോടതിയോട് ആവശ്യപ്പെടുക. കോടതിയെ പിണക്കാതിരിക്കാനാണ് മൊബൈൽ ഫോൺ ഹാജരാക്കണമെന്ന ഉത്തരവിൽ ദിലീപ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാത്തത്.
ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നതാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. മൂന്ന് ദിവസം കോടതി നിർദ്ദേശ പ്രകാരം ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങൾ ഏറെ കിട്ടിയില്ല. ഈ സാഹചര്യത്തിൽ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും സഹോദരിയേയും ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ അതുകൊണ്ട് തന്നെ ഏറെ നിർണ്ണായകമാണ്. കോടതി അനുകൂല തീരുമാനമെടുത്താൽ അത് നടനും കുടുംബത്തിനും ആശ്വാസമാകും. അല്ലാത്ത പക്ഷം ദിലീപിനെ അറസ്റ്റു ചെയ്യും. അതിനൊപ്പം വിചാരണ നടക്കുന്ന കേസിലെ ജാമ്യം റദ്ദാക്കാനും ശ്രമിക്കും.
മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകൾ ഇന്നലെയും ഇന്ന് പുലർച്ചെയുമായാണ് തിരികെ ദിലീപിന് ലഭിച്ചത്. തിരികെ ലഭിച്ചാൽ കോടതി നിർദ്ദേശപ്രകാരം ഫോണുകൾ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അത് പാലിക്കുകയും ചെയ്തു. യുവനടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതാണു കേസ്. ഇതിലെ അന്വേഷണം പൂർത്തിയാക്കാൻ ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി.അനൂപ്, സഹോദരീഭർത്താവും മൂന്നാം പ്രതിയുമായ ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകൾ പരിശോധിച്ചാൽ മാത്രമേ സാധിക്കൂ എന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണു ഫോണുകൾ ഹാജരാക്കാൻ നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് ഫോൺ കൈമാറിയത്.
ഫോണുകൾ ലഭിക്കുന്നതോടെ ദിലീപിന്റെ സിഡിആർ (കോൾ ഡീറ്റെയിൽ റെക്കോർഡ്‌സ്) വിവരങ്ങളും ഫോണിന്റെ ഐഎംഎ നമ്പറുമായി ഒത്തു നോക്കുന്നതാകും പൊലീസ് ആദ്യം ചെയ്യുക. ഫോൺ വാങ്ങിയതെവിടെ നിന്നാണെന്നും എന്നാണെന്നുമൊക്കെ പൊലീസ് കണ്ടെത്തി കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. എന്നാൽ കേവലം ഐഎംഎ നമ്പർ പരിശോധിക്കുന്നതിനായി ഫോൺ ആവശ്യപ്പെടുന്നതെന്തിനെന്നത് ഇപ്പോഴും അവ്യക്തം. വെറും ഫോൺ കോളുകൾക്കപ്പുറം വ്യക്തിപരമായ വിവരങ്ങൾ കൂടി സൂക്ഷിക്കുന്ന ഫോണുകൾ ആവശ്യപ്പെടുന്നത് സ്വകാര്യതയുടെ ലംഘനമായി ദിലീപിന്റെ അഭിഭാഷകൻ ഉയർത്തിക്കാട്ടിയിട്ടുണ്ട്
ഗൂഢാലോചന നടത്തി എന്നു പറയുകയും അതിനുള്ള ചില തെളിവുകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കാനായി എന്തെങ്കിലും നടപടികൾ പ്രതികളുടെ ഭാഗത്തു നിന്നുമുണ്ടായതായി പൊലീസിനും അറിവില്ല. കേസിൽ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു പോകാൻ കഴിയില്ലെന്ന ക്രൈംബ്രാഞ്ചിന്റെ നിലപാടും സൂചിപ്പിക്കുന്നത് ഇതാണ്. ഒളിപ്പിച്ചതായി ആരോപിക്കുന്ന ഫോൺ ദിലീപ് ഉപയോഗിച്ചതിന്റെ ഫോൺ വിളി രേഖകളും (സിഡിആർ) അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഫോണിന്റെ ഇന്റർനാഷനൽ മൊബൈൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി നമ്പർ (ഐഎംഇഐ), ബ്രാൻഡ് നെയിം, മോഡൽ, വിൽപന കമ്പനി ഡീലർ എന്നിവരുടെ വിവരങ്ങളും കണ്ടെത്തി കഴിഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ ദിലീപ് സ്വാധീനിച്ചുവെന്ന ആരോപണം ശക്തമാണ്. ഇതിനുള്ള തെളിവ് കണ്ടെത്താനാണ് ഫോൺ പരിശോധനയെന്ന വിലയിരുത്തലും സജീവമാണ്. അതിന് വേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പോലും ഉയർത്തിയതെന്ന വാദം സജീവമാണ്. വിഐപിയും മാഡവും പോലുള്ള പരാമർശങ്ങൾ നടിയെ ആക്രമിച്ച കേസിൽ ഉയരുന്നുണ്ട്. ഇവരിലേക്ക് അന്വേഷണം എത്തിക്കാനും ദിലീപിന്റെ ഫോണിലെ രേഖകൾ പൊലീസ് വിശദമായി പരിശോധിക്കും.
മറുനാടന് മലയാളി ബ്യൂറോ