കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. തുടരന്വേഷണം തടയണമെന്ന ആവശ്യവുമായാണ് ദിലീപ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നതെന്ന് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. തുടരന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞ ദിവസം വിചാരണക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആറു മാസത്തെ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയാണ് കോടതി ഒരു മാസം അനുവദിച്ചത്. എന്നാൽ ഇതും ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തുടന്വേഷണത്തിന് ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്ന് ദിലീപ് ഹർജിയിൽ പറയുന്നു. എത്രയും വേഗം വിചാരണ പൂർത്തിയാക്കണം. 28ന് പരാതി ലഭിച്ചു, 29ന് തുടരന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതു നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹർജിയിൽ പറയുന്നു.

അതേസമയം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യഹർജിയിൽ കോടതി ഇന്ന് വിധി പുറപ്പെടുവിച്ചേക്കും. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുള്ളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാകും പ്രതിഭാഗം വാദിക്കുക.

കേസിനെ വഴി തിരിച്ചുവിടാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ്രൈകംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിക്കും. അതുകൊണ്ടുതന്നെ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുൻകൂർ ജാമ്യഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.

അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയിൽവെച്ച് ഫോൺ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.

പ്രതികൾ കൈമാറിയ ഫോണിന്റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തർക്കം തുടർന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ്‌ ്രൈകംബ്രാഞ്ച് അപേക്ഷ നൽകിയത്.