കൊച്ചി:'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ അതെപ്പോഴും ഒരു ഗ്രൂപ്പിൽ ഇട്ടു തട്ടിയേക്കണം' എന്നു ദിലീപ് സഹോദരൻ അനൂപിനോടു പറയുന്നതെന്ന് അവകാശപ്പെടുന്ന ഓഡിയോയും 'ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാക്കരുത്... ഒരു റെക്കോർഡും ഉണ്ടാക്കരുത്... ഫോൺ യൂസ് ചെയ്യരുത്...' എന്ന് അനൂപെന്ന് സംശയിക്കുന്നയാൾ പ്രതികരിക്കുന്നതിന്റെയും ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ബാലചന്ദ്രകുമാറായിരുന്നു ഈ ശബ്ദ രേഖകൾ പുറത്തു വിട്ടത്. ഇതിനിടെ ആദ്യ ശബ്ദരേഖയിൽ പൊലീസിലെ ഉന്നതർക്കും പോലും സംശയമുണ്ട്. ദിലീപിന്റെ ശബ്ദവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥരുടെ തന്നെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ദിലീപിന്റേതായി പുറത്തു വന്ന ഓരോ ശബ്ദവും പരിശോധനയ്ക്ക് വിധേയമാക്കും.

ശബ്ദം അനുകരിക്കുന്നവരുടെ സഹായത്തോടെ കെട്ടിച്ചമച്ചതാണ് തങ്ങൾക്കെതിരെ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ രേഖാമൂലം നൽകിയ വാദത്തിൽ വ്യക്തമാക്കിയിരുന്നു. ഓഡിയോ ക്ലിപ്പുകൾ സംഭാഷണത്തിന്റെ റെക്കോർഡിങ്ങുകൾ അല്ല, ആത്മഗതത്തിന്റെ തെളിയിക്കാനാവാത്ത ശകലങ്ങളാണ്. ബാലചന്ദ്രകുമാറിന്റെ അവകാശവാദങ്ങൾ അംഗീകരിച്ചാൽ ത്തന്നെ ഗൂഢാലോചന, പ്രേരണക്കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കി. ഈ വാദങ്ങളെല്ലാം പരിഗണിച്ചാകും ദിലീപിന് ജാമ്യം കൊടുക്കുന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കുക. ഹൈക്കോടതി ജാമ്യം തള്ളിയാൽ ദിലീപ് അതിവേഗം സുപ്രീംകോടതിയെ സമീപിക്കും. ഇതിനുള്ള നടപടികളും ദിലീപ് ക്യാമ്പ് എടുത്തിട്ടുണ്ട്.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് പി.ഗോപിനാഥ് നാളെ വിധി പറയാനിരിക്കെയാണ് വാദങ്ങൾ രേഖാമൂലം നൽകിയത്. വാദങ്ങൾ രേഖാമൂലമുണ്ടെങ്കിൽ നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. വെള്ളിയാഴ്ച പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കി. നാളെ ജാമ്യ ഹർജിയിൽ വിധി വരും. ഇതിനിടെയാണ് കൂടുതൽ ഓഡിയോ പുറത്തു വന്നത്. ഈ ശബ്ദരേഖയിലാണ് സംശയങ്ങൾ ഏറെ ഉള്ളത്. ദിലീപിനെ ഗൂഢാലോചന കേസിൽ പെടുത്താൻ മതിയായ ശബ്ദമാണ് ഇപ്പോൾ പുറത്തു വന്നത്. അതിന്റെ ആധികാരികത ഏറെ നിർണ്ണായകവുമാകും.

ചോദ്യം ചെയ്യുമ്പോൾ കേൾപ്പിച്ച ശബ്ദരേഖകളിൽ ഒന്നു മാത്രമാണ് ശരിവച്ചത്. അതു ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ്. മറ്റുള്ളവ സംഭാഷണത്തിന്റെ റെക്കോർഡിങ് അല്ല, ഒരാൾ പറയുന്നതിന്റെ ശകലങ്ങളാണ്. ഉപകരണം മാത്രമല്ല, ശബ്ദം അനുകരിക്കുന്നവരെയും ഉപയോഗിച്ചു കെട്ടിച്ചമച്ചതാണെന്നാണു പൊലീസ് സ്റ്റേഷന്റെ നിയന്ത്രിതമായ സാഹചര്യത്തിൽ സംഭാഷണം കേൾപ്പിച്ചപ്പോൾ തോന്നിയത്. ഇക്കാര്യം ഓഡിയോ ക്ലിപ്പുകളുടെ പകർപ്പ് ലഭിച്ചാൽ സ്ഥാപിക്കാം. ബാലചന്ദ്രകുമാറിന്റെ വാദം മുഴുവൻ മുഖവിലയ്ക്ക് എടുത്താൽപോലും ഗൂഢാലോചനാ കുറ്റത്തിന്റെ ഘടകങ്ങൾ ഇല്ല. ദിലീപിന്റേതെന്നു പറയുന്ന ആത്മഗതം മാത്രമാണു ഗൂഢാലോചന ആരോപണത്തിന്റെ അടിസ്ഥാനം. ദിലീപ് ഈ പ്രസ്താവന നൂറുതവണ പറഞ്ഞാലും നിർദ്ദേശം നൽകുകയോ, അതു മറ്റാരെങ്കിലും സ്വീകരിക്കുകയോ ചെയ്തില്ലെങ്കിൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ല-ഇതാണ് ദിലീപിന്റെ വാദം.

എംജി റോഡിലെ ഫ്‌ളാറ്റിലും ആലുവ പൊലീസ് ക്ലബ്ബിനു മുന്നിലുമുള്ള ഗൂഢാലോചന കേസുകൾക്കു പിന്നിൽ ബാലചന്ദ്രകുമാറിന്റെ ആരോപണം മാത്രമാണുള്ളത്. 'ഒരാളെ തട്ടാം എന്നു തീരുമാനിക്കുമ്പോൾ അതെപ്പോഴും ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം' എന്ന വാക്കുകൾ ക്രിമിനൽ ഗൂഢാലോചനയുടെ തെളിവായാണു കാണിച്ചിരിക്കുന്നത്. ഇത് ഒരു ഗ്രൂപ്പിലെ ചർച്ചയായിട്ടാണെങ്കിൽ മാത്രമേ പ്രസക്തിയുള്ളൂ. ചോദ്യം ചെയ്യുമ്പോൾ ദിലീപിനെ ഇതു കേൾപ്പിച്ചിട്ടില്ല. ഇങ്ങനെ പറഞ്ഞെന്നു ദിലീപ് അംഗീകരിച്ചിട്ടുമില്ല. 'ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാകരുത്, ഒരു റെക്കോർഡും ഉണ്ടാകരുത്. ഫോൺ യൂസ് ചെയ്യരുത്' എന്ന വാക്കുകൾ ചോദ്യം ചെയ്യലിൽ അനൂപിനെ കേൾപ്പിച്ചിട്ടില്ല. ഈ ശബ്ദം തന്റേതാണെന്ന് അനൂപ് അംഗീകരിച്ചിട്ടുമില്ല. ഇനി യഥാർഥ ശബ്ദ രേഖ തന്നെയാണെങ്കിൽ പറഞ്ഞ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത്.

ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാരിയരുടെ പേരിലുള്ള എംജി റോഡിലെ ഫ്‌ളാറ്റിൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. എന്നാൽ മഞ്ജുവിന് ഈ പേരിൽ എംജി റോഡിൽ ഫ്‌ളാറ്റില്ല. ദിലീപിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു അപ്പാർട്‌മെന്റിനെക്കുറിച്ചാണു പരാമർശമെന്നു തോന്നുന്നു. ഇത് ഒരു കാലത്തും മഞ്ജുവിന്റെ ഉടമസ്ഥതയിൽ ആയിരുന്നില്ല. പരിശോധിച്ച് ഉറപ്പുവരുത്താതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. പൊലീസ് ക്ലബ്ബിനു സമീപം ഗൂഢാലോചന നടത്തിയെന്ന ആരോപണവും വ്യാജമാണ്. സലിം മൊഴി നൽകിയെന്നു പറയുന്നതു തെറ്റാണ്. സലിം ഇന്ത്യയിൽ ഇല്ല, മൊഴി രേഖപ്പെടുത്താതെയാണു പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കുന്നത്-ദിലീപ് വിശദീകരിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ 2018 ജനുവരി 31ന് ദിലീപ് കോടതി പരിസരത്ത് ഭീഷണിപ്പെടുത്തിയെന്നതും വ്യാജ ആരോപണമാണ്. വിചാരണക്കോടതിയിലേക്ക് കേസ് എത്തിയത് 2019 ലാണ്. ദിലീപിനു ജാമ്യം ലഭിക്കാനായി ബാലചന്ദ്രകുമാർ ബിഷപ്പിനെയോ മറ്റാരെങ്കിലുമോ സ്വാധീനിക്കുന്ന കാര്യം പരാമർശിച്ചിട്ടുപോലുമില്ല. ബാലചന്ദ്രകുമാറിനെ നല്ല മനുഷ്യനായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതു സംബന്ധിച്ചു സുരാജ് കുറ്റസമ്മതം നടത്തിയിട്ടില്ല.

തെറ്റായ കാര്യങ്ങൾ പറഞ്ഞു കുറ്റസമ്മതം നടത്താൻ അന്വേഷണ സംഘം നിർബന്ധിച്ചപ്പോഴാണ് ഇതുമായി സഹകരിക്കാനാവില്ലെന്നു പറഞ്ഞ് നിഷേധിച്ചത്. ഇതല്ലാതെ അന്വേഷണവുമായി സഹകരിക്കാത്ത നിലപാട് ഉണ്ടായിട്ടില്ല. 2021 ഒക്ടോബർ 26 ന് ദാസനെ ഫോണിൽ വിളിച്ചപ്പോൾ തന്നെക്കുറിച്ച് ദിലീപിന്റെ വീട്ടിൽ ചർച്ച നടക്കുകയാണെന്നു പറഞ്ഞതായി ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. എന്നാൽ തന്റെ വീട്ടിലെ ജീവനക്കാരാനായിരുന്ന ദാസൻ 2020 ൽ പിരിഞ്ഞുപോയി. ദാസനെയും മകനെയും അന്യായമായി കസ്റ്റഡിയിൽ വച്ചു പറയിപ്പിച്ചതാകാം. ഫോണുകൾ ആവശ്യപ്പെട്ടതു വ്യാജ തെളിവുണ്ടാക്കാനാണെന്നും ദിലീപ് ആരോപിച്ചു.