കൊച്ചി: ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്രകുമാർ. ഓഡിയോ ക്ലിപ്പിന്റെ പൂർണരൂപം തന്റെ കൈയിലുണ്ടെന്നും ഉടൻ പുറത്ത് വിടുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോസന്ദേശം അയച്ചത്. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. ദിലീപിനോട് ഇതിന് ശേഷം എനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും ഇപ്പോൾ ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ ഇല്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

തനിക്കെതിരായ പീഡന കേസിന് പിന്നിൽ ദിലീപാണെന്നും അദ്ദേഹം ആരോപിച്ചു. ബാലചന്ദ്രകുമാറിനെതിരെ കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണ് ദിലീപ് പുറത്തുവിട്ടത്. ദിലീപിന് ബാലചന്ദ്രകുമാർ അയച്ച വാട്സ്ആപ്പ് സന്ദേശമാണ് ദിലീപ് പുറത്തുവിട്ടത്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഓഡിയോയിൽ ഉള്ളത്. നാല് മാസത്തിനകം സിനിമ ഉണ്ടാകുമെന്ന് കള്ളം പറയണം എന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെടുന്നു. 2021 ഏപ്രിൽ 14ന് അയച്ച സന്ദേശമാണ് ദിലീപ് പുറത്തുവിട്ടിരിക്കുന്നത്.

നാളെ ഹൈക്കോടതിയിലെ ജാമ്യ ഹർജിയിൽ ഈ ഓഡിയോ അതിനിർണ്ണായകമാകുമെന്നാണ് അഡ്വ രാമൻപിള്ള വിലയിരുത്തുന്നത്. ദിലീപിനെ ബ്ലാക് മെയിൽ ചെയ്യുകയാണ് ബാലചന്ദ്രകുമാർ എന്നാണ് രാമൻപിള്ളയുടെ വാദം. ജാമ്യം കിട്ടാൻ നെയ്യാറ്റിൻകര ബിഷപ്പ് വഴി ദിലീപ് ജസ്റ്റീസ് സുനിൽ തോമസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം.

ഓഡിയോ ക്ലിപ്പിന്റെ പൂർണരൂപം:

നമസ്‌കാരം സർ, ബാലുവാണ്. കാര്യങ്ങളൊന്നും വലിച്ചു നീട്ടുന്നില്ല. എല്ലാം നേരത്തേ സംസാരിച്ചിട്ടുണ്ടല്ലോ. എന്റെ ഈ വോയിസ് ക്ലിപ് സാറിനെ ഭീഷണിപ്പെടുത്താനോ, വിഷമിപ്പിക്കാനോ, അല്ലെങ്കിൽ മറ്റു ദുരുദ്ദേശ്യപരമോ അല്ല. ഈ ക്ലിപ് മറ്റാർക്കെങ്കിലും കൈമാറുകയോ ഒന്നും വേണ്ട. ഇന്നലെ സാജിദിനെ വിളിച്ചപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചത്. മദ്യപിച്ചിരുന്നെന്നു തോന്നുന്നു. പതിനഞ്ചു മിനിറ്റോളം ഞാൻ സംസാരിച്ചിട്ടും അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ലെന്നു തോന്നി. ഉത്തരവാദപ്പെട്ട ഒരാളോടല്ല ഇത്രയും നേരം സംസാരിച്ചതെന്നു അപ്പോൾ മനസ്സിലായി.

എന്റെ പടം അനൗൺസ് ചെയ്യണമെന്നു ഞാൻ ആവശ്യപ്പെട്ടു. നടക്കില്ലെന്നു അദ്ദേഹം തീർത്തു പറഞ്ഞു. ഞാൻ സാറിനോടു കോടികളൊന്നും ചോദിച്ചിട്ടില്ലല്ലോ. പടം അനൗൺസ് ചെയ്യണമെന്നു മാത്രമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇല്ലെങ്കിൽ ഞാൻ പടം വിടാം. പക്ഷേ ഒരു ഉപകാരം ചെയ്യണം. ഞാൻ ഒരു വലിയ തുക കൊടുക്കാനുള്ള രണ്ടു സുഹൃത്തുക്കളുണ്ട്. ഒരാൾ അമേരിക്കയിലാണ്, ജീമോൻ ജോർജ്. സർ ഓർക്കുന്നുണ്ടോ എന്നറിയില്ല. ജാക്ക് ഡാനിയേൽ ഷൂട്ടിനിടെ ഹോട്ടലിൽ വലിയ കുപ്പി മദ്യവുമായി സാറിനെ കാണാൻ വന്നിരുന്നു. ഒരു പ്രതിമ സമ്മാനവും നൽകി.

അദ്ദേഹത്തിന് ഞാൻ പത്തര ലക്ഷം രൂപ കൊടുക്കാനുണ്ട്. പറഞ്ഞ സമയമെല്ലാം കഴിഞ്ഞു. ഈ സിനിമയുടെ എന്നു പറഞ്ഞാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ഇറ്റലിയിലുള്ള ഒരു സുഹൃത്തിന്റെ അമ്മയിൽ നിന്നും എട്ടര ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഞാൻ വീട് പണിത സമയത്ത് വാങ്ങിയ തുകകളാണിത്. തിരിച്ചു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം വാങ്ങിയത്. ഇവരെല്ലാം എനിക്കെതിരെ കേസ് കൊടുക്കുമെന്ന അവസ്ഥയിൽ നിൽക്കുകയാണ് ഇവർ രണ്ടു പേരും എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഞാൻ.

ഞാൻ പണം കൊടുക്കാനുള്ള ഈ രണ്ടു പേരോടു ദിലീപ് ഒന്നു പറയണം, ബാലുവിന്റെ പടം ഉടൻ നടക്കും. നിങ്ങൾ അവനു കുറച്ച് സമയം നൽകണം. പടം നടന്നു കഴിഞ്ഞാൽ തരാനുള്ള പണം തരും. ഇത് വിഡിയോ കോൾ ചെയ്തു തന്നെ ദിലീപ് പറയണം. അപേക്ഷയാണ്. അവരുടെ നമ്പർ ഞാൻ തരാം. എനിക്കു കുറച്ചുനാൾ പിടിച്ചു നിൽക്കണം. അതുകൊണ്ട് ഇതൊന്നു ദിലീപ് സാർ പറയണം. വേറെ ആരു പറഞ്ഞാലും അവർ കേൾക്കില്ല. എനിക്ക് സിനിമ വേണ്ട. ഈ ഒരു ഉപകാരം മാത്രം മതി. എന്നാൽ ഇതൊന്നും നടക്കില്ലെന്നു സാജിദ് തറപ്പിച്ചു പറഞ്ഞു. റാഫി സാറിനെ വിളിച്ച് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു. അദ്ദേഹം എന്നെ കുറേ ഉപദേശിച്ചു.