- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന് ആശ്വാസം; മുൻകൂർ ജാമ്യ ഹർജിയിൽ കോടതിയുടേത് നടന് അനുകൂലമായ തീരുമാനം; ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ് നീക്കം പൊളിഞ്ഞു; ബാലചന്ദ്രകുമാറിന്റെ ഓഡിയോയിൽ വിശ്വാസം പോരാ; അന്വേഷണവുമായി സഹകരിക്കണമെന്ന് നടന് ഹൈക്കോടതിയുടെ നിർദ്ദേശം
കൊച്ചി: നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന ആവശ്യത്തോടെയാണ് ഇത്. മതിയായ തെളിവുകൾ ഇല്ലാത്തതു കൊണ്ടാണ് മുൻകൂർ ജാമ്യം നിഷേധിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുന്നത്. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് താൽകാലിക ആശ്വാസം വരികയാണ്. ദിലീപിന്റെ ജാമ്യ ഹർജി തള്ളുമെന്ന പ്രതീക്ഷയിലായിരുന്നു ക്രൈംബ്രാഞ്ച്. അതിവേഗ അറസ്റ്റിനും നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത് പ്രോസിക്യൂഷന് കടുത്ത തിരിച്ചടിയാണ്. ദിലീപ് അടക്കം അഞ്ചു പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം അനുദവിച്ചു. അതിനിടെ ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കും.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നാളും തീയതിയും വെച്ചുള്ള വൻ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. കേസിൽ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ നടന്നത്.
ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ നിർണ്ണായക തെളിവുകൾ കിട്ടൂവെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്. എന്നാൽ കേസിൽ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ജാമ്യ ഹർജി തള്ളുമെന്ന പ്രതീക്ഷയിൽ ദിലീപിന്റെ വീട്ടിന് മുമ്പിൽ ക്രൈംബ്രാഞ്ച് സംഘം നിലയുറപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആത്മവിശ്വാസത്തിന് തെളിവായി ഇത് വിലയിരുത്തപ്പെട്ടു. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്നും ദിലീപിന് അനുകൂലമായ വിധി വന്നത്.
സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തിയിരിക്കെ കെട്ടിച്ചമച്ച കേസാണെന്ന് പറഞ്ഞ് ദിലീപും കോടതിയിൽ മറുപടി നൽകി. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതാണ് കോടതി തള്ളുന്നത്.
ഹരജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസിൽ അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജിയാണ് പ്രോസിക്യൂഷനായി വാദിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി വലിയ വാദപ്രതിവാദമാണ് ഹൈക്കോടതിയിൽ നടന്നത്. അന്വേഷണ സംഘവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് ആരോപിച്ചപ്പോൾ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ദിലീപിന് കോടതിയിൽ നിന്ന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷനും ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് സഹോദരൻ അനൂപിന് നിർദ്ദേശം നൽകുന്നതിന്റെ ശബ്ദ സംഭാഷണങ്ങളുടെ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. 'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണ'മെന്ന് ദിലീപ് അനൂപിനോട് പറയുന്നതിന്റെ ശബ്ദ രേഖയും ഇതിലുണ്ട്. എന്നാൽ ഈ ശബ്ദം തന്റേതല്ലെന്ന് ദിലീപും വാദിക്കുന്നു. 'ഒരു വർഷം ഒരു രേഖയും ഉണ്ടാക്കരുതെ'ന്നും ദിലീപ് ഓഡിയോയിൽ പറയുന്നു. ഇതിന് മറുപടിയായി 'ഒരു റെക്കോർഡും ഉണ്ടാക്കരുത്, ഫോൺ ഉപയോഗിക്കരുതെ'ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയിൽ വ്യക്തമാണ്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും. കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. ദിലീപും കൂട്ട് പ്രതികളും നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ഇതിനിടയിൽ നടിയെ അക്രമിച്ച കേസ് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപി നൽകിയ മറ്റോരു ഹർജിയും ഹൈക്കോടതിയുടെ മറ്റോരു ബഞ്ച് പരിഗണിക്കും. കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ വാദം പൂർത്തിയായിരുന്നു.
ബൈജു പൗലോസിന്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൗലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടിയെ ആക്രമിച്ച കേസ് പരാജയപ്പെട്ടന്ന മനസിലായപ്പോൾ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സിഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗം വാദിച്ചത്.