കൊച്ചി: നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി വിധിയെത്തുമ്പോൾ പ്രോസിക്യൂഷൻ എത്തുന്നത് വമ്പൻ പ്രതിസന്ധിയിലേക്ക്. ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇത്തരത്തിലൊരു ഇടപെടൽ പ്രോസിക്യൂഷൻ പ്രതീക്ഷിച്ചിരുന്നില്ല. ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു ക്രൈംബ്രാഞ്ച്. ഇതും അന്വേഷണ സംഘത്തെ പരിഹാസ്യരാക്കി.

ദിലീപിന്റേയും കൂട്ടു പ്രതികളുടേയും വീട്ടിന് മുമ്പിൽ ക്രൈംബ്രാഞ്ച് നിലയുറപ്പിച്ചിരുന്നു. മാധ്യമങ്ങളും എത്തി. വിധി എത്തിയാൽ ഉടൻ അറസ്റ്റ് എന്നതായിരുന്നു നിലപാട്. സാധാരണ ഒരു കേസിലും ഇതുവരെ കേരളാ പൊലീസ് ഇത്തരത്തിൽ നീങ്ങിയിരുന്നില്ല. അങ്ങനെ സർവ്വ സന്നാഹവുമായി വിധിക്കായി കാത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആലുവയിലെ പത്മസരോവരത്തിൽ കാത്തു നിന്നു. പക്ഷേ സന്തോഷം വീട്ടിനുള്ളിലാണ് നിറഞ്ഞത്. ആ വീട്ടിൽ ദിലീപും കാവ്യാ മാധവനും അടക്കമുള്ളവർ ഉണ്ടായിരുന്നില്ല. അറസ്റ്റ് നീക്കത്തിനുള്ള സാധ്യത മനസ്സിലാക്കി ദിലീപ് വീട്ടിൽ നിന്നും മാറിയിരുന്നു. എന്നാൽ വിധിയെത്തിയപ്പോൾ ആ മാറി നിൽക്കൽ പോലും അപ്രസക്തമായി.

ദിലീപിന്റെ പത്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ജാമ്യഹർജി തള്ളിയാൽ വീട്ടിൽ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ഇവിടെ നിന്ന് രാവിലെ ജോലിക്കാർ പോയിരുന്നു. വീട്ടിൽ ആരുമില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യ ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകൻ രാമൻ പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്.

ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണു വിധി പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികൾ ലംഘിച്ചാൽ അറസ്റ്റു ചെയ്യാമെന്നും കോടതി പറഞ്ഞു. ദിലീപ് പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യവും വേണമെന്ന് ഉപാധി.

അന്വേഷണവുമായി സഹകരിക്കണമെന്നു പ്രതികൾക്കു കോടതി കർശന നിർദ്ദേശം നൽകി. വിധി വരുന്നതിനു തൊട്ടുമുമ്പ് ദിലീപിന്റെയും സഹോദരന്റെയും വീടുകൾക്കു മുന്നിലെത്തിയ ക്രൈംബ്രാഞ്ച് സംഘം വിധി ദിലീപിന് അനുകൂലമായതോടെ മടങ്ങി. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിച്ചത്. ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകൾ കോടതിയിൽ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ രാമൻപിള്ള ആധാരമാക്കിയിരുന്നു.

പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ അതിൽ നിന്നൊരാളെ മാപ്പുസാക്ഷിയാക്കാനായിരുന്നു പൊലീസ് നീക്കം. അപ്പുവോ ബൈജുവോ മാപ്പു സാക്ഷികാളുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. പ്രതികളിൽ ആറാമൻ പേരില്ലാത്തവനായിരുന്നു. എന്നാൽ ഇത് ശരത്താണെന്ന സൂചന പുറത്തു വന്നതോടെയാണ് അദ്ദേഹവും മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഇതും കോടതി അനുകൂലമായി കണ്ടു. ഇതോടെ ശരത്തും അറസ്റ്റ് ഒഴിവാക്കിയെന്നതാണ് വസ്തുത. ഇനിയും ഹൈക്കോടതിയിൽ ദിലീപ് നിയമ പോരാട്ടം തുടരും. ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.