കാക്കനാട്: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോറൻസിക് പരിശോധനകളിൽ വിശ്വാസം അർപ്പിച്ച് ക്രൈംബ്രാഞ്ച്. മൊബൈൽ പരിശോധനകളിൽ നിർണ്ണായക തെളിവ് കിട്ടുമെന്നാണ് ക്രൈംബ്രാഞ്ച് കണക്കു കൂട്ടൽ. അതിനിടെ നടൻ ദിലീപ് അടക്കമുള്ളവരുടെ ശബ്ദ പരിശോധന ഇന്നു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തും. സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശബ്ദ സന്ദേശങ്ങൾ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനാണ് പരിശോധന.

പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിനു നിയമോപദേശം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെങ്കിലും കേസിലെ തെളിവായ ആ ഒരു മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം തുടരും.

അതിനിടെ വധ ഗൂഢാലോചനക്കേസ് റദ്ദാക്കാൻ ഇന്നോ നാളെയോ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി. രാമൻ പിള്ള പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുണ്ടാക്കാൻ വ്യാജമായി കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതു കോടതിയിൽ സ്ഥിരീകരിക്കാനായ സാഹചര്യത്തിൽ കേസ് റദ്ദാക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.

ഗൗരവമേറിയ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുൻകൂർ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണം, സ്വതന്ത്രമായി കേസന്വേഷിക്കാൻ സാഹചര്യം ഒരുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അപ്പീൽ നൽകുന്നതിനെ കുറിച്ചാണ് ആലോചന. ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയുടെ പരിധിയിലാണ് നിലവിൽ കേസ്.

നടിയെ പീഡിപ്പിച്ചെന്ന കേസിൽ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം തുടങ്ങി. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കുറ്റത്തിനു കെ.ബി.ഗണേശ്‌കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിയായ പ്രദീപ് കോട്ടാത്തലയെ പ്രതിയാക്കി കാസർകോട് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലും ക്രൈംബ്രാഞ്ച് ശക്തമായ അന്വേഷണം നടത്തിയേക്കും.

അതിനിടെ ദിലീപിനു ജാമ്യം കിട്ടിയത് ഗൂഢാലോചന കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പ്രതികരിച്ചു. തനിക്കെതിരെ പീഡനപരാതി കൊടുത്ത ആളെ അറിയില്ല. വ്യാജപരാതിയാണ്. ദിലീപും ദിലീപ് വാദികളുമാണ് ഇതിനുപിന്നിൽ. തനിക്കിപ്പോഴും ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.