കൊച്ചി: ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം കിട്ടിയതോടെ വീണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ തേടാൻ ക്രൈം്ബ്രാഞ്ച്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് തേടും. ഫോണുകൾ ഹാജരാക്കാൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയതിന്റെ പിറ്റേന്നു ഫോണുകൾ ഫോർമാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചത് ഇതിന്റെ ഭാഗമാണ്. തെളിവ് നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് നിരീക്ഷണം. ഈ സാഹചര്യത്തിൽ തെളിവുകൾ വീണ്ടെടുക്കാൻ കസ്റ്റഡിയിൽ ദിലീപിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വാദിക്കും. അന്വേഷണം അന്തിമഘട്ടത്തിലാണ്. അന്വേഷണം പൂർത്തിയാക്കുന്നകാര്യത്തിൽ കോടതിക്ക് സമയപരിധി നിശ്ചയിക്കാമെന്ന് ഹൈക്കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

ഫോൺ ഫോർമാറ്റ് ചെയ്തതുവഴി കൃത്രിമം നടന്നതായി സംശയിക്കണം. ഫോൺ ടാംപറിങ് സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഹൈക്കോടതിയിൽ അറിയിച്ചു. ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ വിശദീകരിച്ചു. ഡിലീറ്റുചെയ്ത ചില നിർണായകവിവരങ്ങൾ വീണ്ടെടുക്കാനായി. മറ്റുവിവരങ്ങൾ വീണ്ടെടുക്കാൻ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഫയൽചെയ്ത ഹർജിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ കക്ഷിചേർന്ന നടിയുടെ വാദം പൂർത്തിയാകാത്തതിനെത്തുടർന്ന് ഹർജി വ്യാഴാഴ്ചത്തേക്കു മാറ്റി.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ 6 മൊബൈൽ ഫോണുകൾ ജനുവരി 31ന് രാവിലെ 10.15ന് ഹൈക്കോടതി രജിസ്റ്റ്രാർ ജനറലിന് മുദ്രവച്ച കവറിൽ കൈമാറാനാണു ഹൈക്കോടതി ജനുവരി 29നു നിർദ്ദേശം നൽകിയത്. എന്നാൽ 30ന് ഫോണുകളിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്‌തെന്നും ഫോർമാറ്റ് ചെയ്‌തെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ ഫോണിൽനിന്നു ചില വിശ്വസനീയമായ വിവരങ്ങൾ തിരിച്ചെടുക്കാനായിട്ടുണ്ട്. അതിൽ വളരെ നിർണായകമായ മൊഴികൾ അടങ്ങിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

അന്വേഷണം അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്നും ഈ കേസിന് എന്താണ് ഇത്ര പ്രത്യേകതയെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആരാഞ്ഞതിനെ തുടർന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) വിശദീകരണം നൽകിയത്. മാർച്ച് ഒന്നിന് അന്തിമ റിപ്പോർട്ട് നൽകിക്കൂടെ എന്നു കോടതി ആരാഞ്ഞു. സമയപരിധി ഹൈക്കോടതി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ ആരോപണം ഉയർത്തുന്നുണ്ടെങ്കിലും ദുരുദ്ദേശ്യം സ്ഥാപിക്കാൻ വസ്തുതകളൊന്നും നിരത്തിയിട്ടില്ല. ബാലചന്ദ്രകുമാറും ബൈജു പൗലോസും തമ്മിൽ ഒരു ബന്ധവുമില്ല. അവർ കണ്ടിട്ടുപോലുമില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

അതിനിടെ സത്യം കണ്ടെത്താനുള്ള ലക്ഷ്യമാണ് തുടർ അന്വേഷണത്തിനു പിന്നിലെന്ന് കേസിൽ കക്ഷി ചേർന്ന അതിജീവിതയായ നടി പറഞ്ഞു. പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിൽ കണ്ടതിനെ തുടർന്ന് ഉടൻതന്നെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ഗൂഢാലോചന നടത്തിയോ ഇല്ലേ എന്ന് അറിയേണ്ടതുണ്ട്. അതിന് അന്വേഷണം ആവശ്യമാണ്. ഹീനമായ കുറ്റകൃത്യമാണ് തനിക്കെതിരെയുണ്ടായത്. ഇതിനു പിന്നിൽ ആരൊക്കെയാണെന്ന് അറിയണമെന്നും നടി അറിയിച്ചു. തുടർന്നാണ് വാദം തുടരാനായി ഹർജി നാളെ പരിഗണിക്കാൻ മാറ്റിയത്.

ഹീനമായ ആക്രമണമാണ് തനിക്കെതിരേ നടന്നതെന്നും അതിനുപിന്നിൽ ആരായിരുന്നെന്ന് കണ്ടെത്തണമെന്നും ആക്രമിക്കപ്പെട്ട നടിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു. സത്യം കണ്ടെത്താനാണ് കോടതിയുടെ അനുമതിയോടെ തുടരന്വേഷണം നടക്കുന്നത്. ദിലീപ് പ്രതിയാണോ അല്ലയോ എന്നത് അന്വേഷണത്തിലൂടെയല്ലേ കണ്ടെത്തേണ്ടതെന്നും നടി വാദിച്ചു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ ആദ്യം രണ്ടുമാസവും പിന്നീട് ആറുമാസവും ഇപ്പോൾ വീണ്ടും രണ്ടുമാസവും അന്വേഷണം നടത്തി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണം മാർച്ച് ഒന്നോടെ പൂർത്തിയാക്കാനാകില്ലേ എന്നും കോടതി ചോദിച്ചു.

ഒരാളുടെ വെളിപ്പെടുത്തലിന്റെ മാത്രം കാര്യമല്ലേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പല കാര്യങ്ങളും ക്രൈംബ്രാഞ്ചിന്റെ മാത്രം നിയന്ത്രണത്തിലല്ലെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.