- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റം ചെയ്തത് താൻ അല്ലെങ്കിലും അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായി; ഈ കുറിപ്പിന് പിന്നിലെ കളികൾ തുറന്നു പറഞ്ഞാൽ വെട്ടിലാകുക മലയാള സിനിമ; ദിലീപ് കേസിലെ വെളിപ്പെടുത്തലുകൾ പല മുഖമൂടികളേയും തകർക്കും; നടി നേരിട്ടെത്തുമ്പോൾ
കൊച്ചി: മലയാള സിനിമാ ലോകം അമ്പരപ്പിലാണ്. തനിക്ക് സംഭവിച്ച അതിക്രമത്തെ കുറിച്ച് ആദ്യമായി പൊതുമധ്യത്തിൽ സംസാരിക്കാനൊരുങ്ങി നടി എന്തു പറയുമെന്നതാണ് പ്രധാനം. പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തകയായ ബർക്ക ദത്ത് നടത്തുന്ന 'വി ദി വുമൺ' എന്ന പരിപാടിയിലാണ് അക്രമത്തിന് ഇരയായ നടി തന്റെ അനുഭവങ്ങൾ തുറന്നു പറയുന്നത്. ഇന്ന് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് സംപ്രേഷണം ചെയ്യുക.
അസ്മ ഖാൻ, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചൻ, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോൺ ബെൻസൺ, അമീര ഷാ, ഡോ. ഷാഗുൻ സബർവാൾ, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കർ, രാഗിണി ശങ്കർ, നന്ദിനി ശങ്കർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖ അതിഥികൾ. ഇവർക്കൊപ്പമിരുന്ന് കൊച്ചിയിൽ ആക്രമത്തിന് ഇരയായ നടി പറയുന്നത് ദേശീയ തലത്തിൽ പോലും ചർച്ചയാകും. നടിയെ ആക്രമിച്ച കേസിലെ നടപടികൾ സുപ്രീംകോടതിയുടെ മുന്നിലെത്തുമ്പോഴാണ് ഈ നീക്കം. വിചാരണ നീട്ടണമെന്ന ആവശ്യത്തിൽ അടക്കം ഈ വെളിപ്പെടുത്തലുകൾ സ്വാധീനം ചെലുത്തും.
നടിയെ ആക്രമിച്ച കേസിലെ സിനിമാക്കാരായ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിരുന്നു. ഇതിന് പിന്നിലെ സംശയങ്ങളും നടി തുറന്നു പറഞ്ഞാൽ അത് സിനിമാക്കാർക്ക് വലിയ തലവേദനയായി മാറും. സൂപ്പർ സ്റ്റാറുകൾ അടക്കം എടുത്ത നിലപാടുകളും പൊതു സമൂഹത്തിൽ ചർച്ചയാകും. പൾസർ സുനിയിലൂടെ ദിലീപ് എന്തിന് അതു ചെയ്തുവെന്ന തുറന്നു പറച്ചിൽ നടി നടത്തുമോ എന്നതാണ് നിർണ്ണായാകം. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിലാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ കുറ്റാരോപണം നടത്തുന്നത്. നടിക്ക് പോലും തന്നെ സംശയമില്ലെന്ന് പലപ്പോഴും ദിലീപ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നടിയുടെ ഓരോ വാക്കും ദീലീപിന് നിർണ്ണായകമാണ്.
കഴിഞ്ഞ ജനുവരി 10 ന് നടി ഇൻസ്റ്റഗ്രാമിൽ താൻ നേരിട്ട അതിക്രമത്തെ കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ താൻ പേരു വെളിപ്പെടുത്തി ചർച്ചയ്‌ക്കെത്തുമെന്ന സൂചനകളും എത്തി. എന്നാൽ പൊലീസിലെ പ്രമുഖർക്ക് ഇതിനോട് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് ആ ഘട്ടത്തിൽ അത് നടന്നില്ല. ഇതാണ് ഇപ്പോൾ ബർഖാ ദത്തിന്റെ പിന്തുണയിൽ സംഭവിക്കാൻ പോകുന്നത്.
കുറ്റം ചെയ്തത് താൻ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും നടി പറഞ്ഞിരുന്നു. നടിയെ ആക്രമിച്ചുവെന്ന കേസുണ്ടായ ശേഷം ഇരയ്ക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇതിന് പിന്നിലും ചില കളികൾ നടന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ നടിയുടെ തുറന്നു പറച്ചിൽ മലയാള സിനിമയെ പിടിച്ചുലച്ചേക്കും.
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടി കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. കേസും വിചാരണയും പിന്നെ ഒറ്റപ്പെടലുമാണ് ഇതിന് കാരണം. പൃഥ്വിരാജിനെ പോലെ ചില നടന്മാർ മാത്രമാണ് കേസിൽ നടിയെ പൂർണ്ണമായും പിന്തുണച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ