കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ഹർജി തള്ളിയ ഒപ്പം തുടരന്വേഷണം നടത്താൻ ഏപ്രിൽ 15 വരെ സമയ പരിധി നീട്ടി നൽകുകയും ചെയ്തു. മൂന്ന് മാസം സമയപരിധിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിലേക്ക് വഴി തുറന്നത്.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയിൽ ഗൂഢാലോചന കേസ് ചുമത്താൻ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നും ദിലീപ് വാദിച്ചു. ആദ്യ കേസിലെ അന്വേഷണ പാളിച്ചകൾ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് വാദിച്ചു. എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ എതിർത്തു.

ദിലീപിന്റെ ഹർജിക്കെതിരെ ആക്രമിക്കപ്പെട്ട നടി എതിർ കക്ഷി ചേർന്നിരുന്നു. തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിക്ക് കഴിയില്ല. തന്നെ കേൾക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക് നീതി ലഭിക്കുന്നതിൽ പരിഹരിക്കാൻ കഴിയാത്ത വലിയ നഷ്ടമുണ്ടാക്കുമെന്നും നടി വ്യക്തമാക്കി. കേസിലെ പരാതിക്കാരിയാണ് ഞാൻ. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. പല കേസുകളിലും സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ നിയമപരമായി ദിലീപിന്റെ ഹർജി നിലനിൽക്കില്ല. ഹർജിക്കെതിരെ മൂന്നാം എതിർകക്ഷിയായി തന്നെ ചേർക്കണമെന്ന് അതിജീവിതയുടെ ഹർജിയിൽ പറഞ്ഞിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമായിരുന്നു ദിലീപിന്റെ ഹർജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥൻ ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹർജിയിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു. ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു, വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

കഴിഞ്ഞയാഴ്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും ഹർജിയെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. അത് പരിശോധിക്കപ്പെടണം. ബാംഗ്ലൂരിൽ നിൽക്കുമ്പോഴാണ് ഈ വെളിപ്പെടുത്തൽ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയിൽ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്തുകൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു.

കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകന്റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്.