കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ചകേസിൽ ദിലീപിനെ വെട്ടിലാക്കുന്ന വിവരങ്ങൾ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടാത്താൻ ശ്രമിച്ചെന്ന കേസിലും പ്രതിയായ നടൻ ദീലീപിനെ വെട്ടിലാക്കും വിധം മുൻ ജോലിക്കാരൻ ദാസന്റെ മൊഴിയാണ് പുറത്തുവന്നത്. ദിലീപിനു വേണ്ടി അഭിഭാഷകരുടെ ഇടപെടൽ നടത്തിയെന്ന് വ്യക്തമാക്കി അന്വേഷണ സംഘത്തിന് ദാസൻ നൽകിയ മൊഴിയിലാണ് നിർണായ വിവരങ്ങളുള്ളത്.മൊഴമാറ്റാൻ ദിലീപിന്റെ അഭിഭാഷകർ ഇടപെട്ടു എന്ന് വ്യക്തമാക്കുന്ന പരാമർശവും ദാസന്റെ മൊഴിയിലുണ്ട്.

ബാലചന്ദ്രകുമാറുമായി ഫോണിൽ സംസാരിച്ചു എന്ന് ഒരു കാരണവശാലും പൊലീസിൽ പറയരുത്. പൊലീസ് എന്തു ചോദിച്ചാലും ഓർമ്മയില്ലെന്ന് പറഞ്ഞാൽ മതി എന്ന ഉപദേശമാണ് അഭിഭാഷകർ നൽകിയതെന്നും ദാസനെ മൊഴിയിൽ പറയുന്നു. ദിലീപിന്റെ സഹോദരൻ അനുപ് ആണ് തന്നെ അഭിഭാഷകനായ രാമൻ പിള്ളയുടെ ഓഫീസിൽ കൊണ്ടുപോയത്. അവിടെ വച്ച് സംവിധായകൻ ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്നെ വായിച്ചു കേൾപ്പിച്ചു എന്നും ദാസൻ വ്യക്തമാക്കുന്നു.

ബാലചന്ദ്രകുമാർ തന്റെ ബന്ധപ്പെട്ട വിവരം അറിഞ്ഞതിന് പിന്നാലെയാണ് അനൂപ് തന്നെ ദിലീപിന്റ വക്കീലിന്റെ അടുത്തുകൊണ്ടുപോയത് എന്നും ദാസൻ പറയുന്നു.അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ അപായപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു എന്ന ആരോപണം ഉറപ്പിക്കുന്ന നിലയിലുള്ള പരാമർശവും ദാസന്റെ മൊഴിയിലുണ്ട്. പൾസർ സുനി പുറത്തിറങ്ങട്ടെ അവനെ കാണിച്ച് കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജ് പറഞ്ഞത് കേട്ടിരുന്നു എന്നാണ് ദാസൻ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയാമായിരുന്നു എന്നും ദാസൻ പറയുന്നുണ്ട്. ബാലചന്ദ്രകുമാറിനെ കണ്ടിരുന്നു. ബാലുഭായ് എന്നാണ് വിളിച്ചിരുന്നത്. ദിലീപിന് എതിരെ വാർത്താ സമ്മേളനം നടത്തുമെന്ന് ബാലചന്ദ്രകുമാർ തന്നെ അറിയിച്ചിരുന്നു. വാർത്താ സമ്മേളനം നടത്തുമെന്ന് ദിലീപിനോട് പറയാൻ ആവശ്യപ്പെട്ടാണ് ബാലചന്ദ്രകുമാർ തന്നെ വിളിച്ചത് എന്നും ദാസൻ മൊഴിയിൽ പറയുന്നു.

അതേസമയം വധഗൂഢാലോചനാ കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകളുണ്ടായിരുന്ന മൊബൈൽ ഫോണുകളെത്തിയ മുംബൈ ലാബിൽ പരിശോധന നടത്തി അന്വേഷണ സംഘം. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. മൊബൈൽ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്. ആറ് ഫോണുകളിലേയും വിവരങ്ങൾ ആദ്യം ഒരു ഹാർഡ് ഡിസ്‌കിലേക്ക് ലാബിൽ നിന്നും മാറ്റിയിരുന്നു. അതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഫോണുകളിലെ ഡാറ്റ പകർത്തിയ ഹാർഡ് ഡിസ്‌കിന്റെ മിറർ കോപിക്ക് പുറമേ, ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബിൽ, ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ട് എന്നിവയടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ചതിന് ലാബിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുംബൈ ലാബിൽ കൊണ്ടുപോയി വിവരങ്ങൾ നീക്കിയ ശേഷമാണ് ഫോണുകൾ കോടതിക്ക് കൈമാറിയെന്നാണ് ഫൊറൻസിക് റിപ്പോർട്ടിലുള്ളത്. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനഃപൂർവം ശ്രമിച്ചു എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സുരാജിന്റെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് വിവരങ്ങൾ നീക്കം ചെയ്‌തെന്ന് തെളിഞ്ഞത്. വധ ഗൂഢാലോചനാക്കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുള്ള പ്രധാന തെളിവായി ഫോണുകൾ മാറും എന്നാണ് കരുതിയിരുന്നത്.

കഴിഞ്ഞ ജനുവരി 29 നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഇതേ ദിവസവും തൊട്ടടുത്ത ദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ 4 ഫോണുകളിലെ ഡേറ്റകൾ നീക്കം ചെയ്‌തെന്നാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകൻ മുഖേനയാണ് ഫോണുകൾ കൊണ്ടുപോയത്. വധഗൂഢാലോചനാക്കേസിൽ വസ്തുതകൾ മറച്ചുവയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഭാഗത്തുനിന്ന് ആസൂത്രിത ശ്രമമുണ്ടായി എന്ന് സ്ഥാപിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.