കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ജാമ്യത്തിൽ ഇറക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ നിർണ്ണായകമാകും. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും കൂട്ടാളികളും പദ്ധതിയിട്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികൾ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസൻ സ്ഥിരീകരിച്ചു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെ കാവൽക്കാരനായിരുന്നു ദാസൻ.

ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് ഇക്കാര്യം മറ്റാരോടൊ ഫോണിൽ സംസാരിക്കുന്നതു കേട്ടിട്ടുണ്ടെന്നും ദാസൻ മൊഴി നൽകി. 2007 മുതൽ 2020 ഡിസംബർ വരെ ദിലീപിന്റെ വീട്ടിലെ കാവൽക്കാരനായിരുന്നു ദാസൻ. ദാസന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപിനെതിരെ പുതിയ കേസെടുക്കാൻ ആലോചിക്കുന്നത്. നേരത്തെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചെന്ന കുറ്റം ദിലീപിനെതിരെ ചുമത്തിയിരുന്നു. ഈ കേസിൽ ദിലീപിന് ജാമ്യവും കിട്ടി. ഇതിന് പിന്നാലെയാണ് ദാസന്റെ മൊഴി.

ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ദാസൻ വെളിപ്പെടുത്തിയ കാര്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ ദിലീപിന്റെ സഹോദരൻ അനൂപ് അവരുടെ അഭിഭാഷകന്റെ ഓഫിസിൽ തന്നെ കൊണ്ടുപോയി പൊലീസിനോടു പറയേണ്ട മൊഴികൾ പഠിപ്പിച്ചതായും ദാസൻ ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തി. ടിവിയിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ കേട്ടപ്പോൾ അതെല്ലാം സത്യമാണെന്നു തോന്നിയതായും ദിലീപും കൂട്ടാളികളും എന്തും ചെയ്യാൻ മടിക്കാത്തവരാണെന്നും സൂക്ഷിക്കണമെന്നും ബാലചന്ദ്രകുമാറിനെ ഫോണിൽ വിളിച്ചു പറഞ്ഞതായും ദാസൻ മൊഴി നൽകിയിട്ടുണ്ട്.

താൻ പറഞ്ഞിട്ടുള്ള പലകാര്യങ്ങളും ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയപ്പോൾ ദിലീപിനും കൂട്ടാളികൾക്കും വൈരാഗ്യമുണ്ടാകുമെന്നു ഭയപ്പെട്ടു. ആദ്യം ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയാണ് ഇതേക്കുറിച്ചു ഫോണിൽ വിളിച്ചു തിരക്കിയത്. ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് അപ്പോൾ പറയേണ്ടിവന്നു. പിന്നീട് അനൂപും സുരാജും ഇതേ കാര്യം തിരക്കിയപ്പോഴും ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ചു. അവരുടെ ശത്രുത പേടിച്ചാണ് അപ്പോൾ അങ്ങനെ പറഞ്ഞത്. ഇതുതന്നെ അഭിഭാഷകരോടും ആവർത്തിച്ചു പറയേണ്ടി വന്നതായും ദാസന്റെ മൊഴിയിലുണ്ട്.

ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസിലെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ദാസനെ അന്വേഷിക്കുന്നു എന്ന വിവരം ലഭിച്ചതിന് ശേഷം ദിലീപിന്റെ സഹോദരൻ അനൂപ് ദാസനുമായി ബന്ധപ്പെട്ടിരുന്നു. ദാസനോട് കൊച്ചിയിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡൻസ് കമ്പനിയിലേക്ക് ഇയാൾ എത്തി. അവിടെവെച്ച് ബാലചന്ദ്രകുമാറിനോട് എന്തൊക്കെ പറഞ്ഞുവെന്ന് ഇവർ അന്വേഷിച്ചു.

പിന്നീട് ഇവർ ദാസനെ അവിടെ നിന്ന് കൂട്ടി അഭിഭാഷകനായ രാമൻപിള്ളയുടെ ഓഫീസിലേക്ക് പോയി. അവിടെവെച്ച് അഭിഭാഷകർ കൂടുതൽ ഒന്നും പറയരുതെന്ന് ദാസനെ വിലക്കിയതായും മൊഴിയിൽ പറയുന്നു. മറ്റൊരു ദിവസം ദിലീപിന്റെ മറ്റൊരു അഭിഭാഷകനായ ഫിലിപ്പും ദാസനെ വിളിപ്പിച്ചു. അവിടെവെച്ച് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാർ നൽകിയ പരാതിയുടെ പകർപ്പ് ദാസനെ വായിച്ച് കേൾപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കാര്യങ്ങൾ പറയരുതെന്ന് ദാസനോട് അഭിഭാഷകർ നിർദേശിച്ചതായും ദാസന്റെ മൊഴിയിൽ പറയുന്നു.

സുനിൽ പുറത്തിറങ്ങട്ടെ താൻ കാണിച്ച് കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് മറ്റൊരാളോട് പറഞ്ഞത് താൻ കേട്ടിരുന്നെന്നും മൊഴിയിലുണ്ട്. പൾസർ സുനിയെ കുറിച്ചാണ് ഈ പറയുന്നതെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. താൻ ദിലീപിനെ കുറിച്ചുള്ളചില കാര്യങ്ങൾ പുറത്തുപറയുമെന്ന് ദാസനെ വാട്സ്ആപ്പ് സന്ദേശത്തിലൂടെ ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു. ഇക്കര്യം ദിലീപിനെയോ അനൂപിനെയോ അറിയിക്കണമെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. അന്ന് ബാലചന്ദ്രകുമാറിനെ താൻ വിലക്കിയിരുന്നെന്നും ദാസൻ മൊഴി നൽകി.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതി ഏപ്രിൽ 15 വരെ സമയം അനുവദിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ച സാഹചര്യത്തിലാണു വിചാരണക്കോടതിയും സമയം നീട്ടി നൽകിയത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നു ചോർന്നതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടും മുദ്രവച്ച കവറിൽ അന്വേഷണ സംഘം വിചാരണക്കോടതിക്കു കൈമാറി.