- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധ ഗൂഢാലോചന കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സർക്കാർ; അന്വേഷണത്തിൽ ആർക്കും പരാതിയില്ല; പ്രതിക്ക് തനിയെ അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാൻ ആകില്ല; അന്വേഷണത്തിലെ കാലതാമസം എഫ്ഐആർ റദ്ദാക്കാനുള്ള കാരണമല്ലെന്നും പ്രോസിക്യൂഷൻ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നിലവിലെ അന്വേഷണത്തിൽ ആർക്കും പരാതി ഇല്ലെന്നും അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാൻ പ്രതിക്ക് സാധിക്കില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നത്. നിഷ്പക്ഷ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിലെ കാലതാമസം എഫ്ഐആർ റദ്ദാക്കാനുള്ള കാരണമല്ല. ഈ സാഹചര്യത്തിൽ കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസ് സിബിഐക്ക് കൈമാറിക്കൂടെ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. എഫ്ഐആർ റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ചോദ്യം.
നേരത്തെ, ഹർജി പരിഗണിക്കവെ നേരത്തെ സംവിധാകൻ ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെ കുറിച്ച് ഹൈക്കോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. തെളിവുകൾ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. നേരത്തെ പരാതി ഉന്നയിച്ചില്ല എന്നത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലെ എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. എന്നാൽ അത്തരം സംശയങ്ങൾ ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്നായിരുന്നു പ്രോസിക്യൂഷൻ നൽകി മറുപടി.
ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും കോടതിയിൽ അറിയിച്ചിരുന്നു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കഴിഞ്ഞ ദിവസവും ഹൈക്കോടതി സമാനമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വെറുതേ പറയുന്നത് വധഗൂഢാലോചന ആകുമോയെന്നായിരുന്നു ബുധനാഴ്ച ഹൈക്കോടതി പ്രകടിപ്പിച്ച സംശയം. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ആരാഞ്ഞിരുന്നു.
കോടതിയുടെ ചോദ്യങ്ങളെ പ്രോസിക്യൂഷൻ എതിർത്തു. ദിലീപിന്റേത് വെറുംവാക്കല്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വധഗൂഢാലോചനയ്ക്ക് തെളിവുണ്ട്. ബാലചന്ദ്ര കുമാർ ഓഡിയോ തെളിവുകൾ കൈമാറിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേസിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്നായിരുന്നു ദിലീപ് കോടതിയിൽ സ്വീകരിച്ച നിലപാട്. കുടുംബത്തെ ഒന്നാകെ പ്രതിചേർക്കുന്നുവെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.