കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണം സംഘം. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പൾസർ സുനിയുടെ ശബ്ദസാമ്പിൾ വീണ്ടും അന്വേഷണസംഘം ശേഖരിക്കുന്നു. കേസിലെ മാപ്പുസാക്ഷിയും പൾസർ സുനിക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന ആളുമായ തൃശൂർ സ്വദേശി ജിൻസന്റെ ശബ്ദസാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ജയിലിൽനിന്ന് ജിൻസനെ ഫോണിൽ വിളിച്ച പൾസർ സുനി, തന്റെ ആശങ്കകളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് പുറത്തുവന്നതോടെ അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഫോൺ സംഭാഷണത്തിലുള്ളത് ഇരുവരുടെയും ശബ്ദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് സാമ്പിൾ പരിശോധന. പൾസർ സുനിയുടെ ശബ്ദസാമ്പിൾ ശേഖരിച്ചിരുന്നു. എന്നാൽ, ഒരിക്കൽകൂടി പരിശോധിക്കുമെന്നാണ് വിവരം.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴി വീട്ടിലെത്തി എടുക്കുമെന്നാണ് വിവരം. അതിനുശേഷം തുടർനടപടി ആലോചിക്കും.

കേസിലെ പ്രതികളായ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. നിർണായക കോടതി രേഖകൾ ദിലീപിന്റെ ഫോണിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ കോടതി ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്?. കോടതിയിൽ എത്തുന്ന തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലർക്ക്, ശിരസ്തദാർ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുക.

രഹസ്യമൊഴി ഉൾപ്പെടെയുള്ള രേഖകൾ ദിലീപിന്റെ ഫോണിൽനിന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. അതിനാൽ ഇവരെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പ്രത്യേകാനുമതി വേണ്ടെന്നാണ് കോടതി അറിയിച്ചത്. ദിലീപിന്റെ ഫോണിൽനിന്ന് കണ്ടെത്തിയ കോടതി രേഖകൾ ഹാജരാക്കാൻ പ്രത്യേക കോടതി നിർദേശിച്ചിട്ടുണ്ട്.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് നൽകിയ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹർജിയിൽ വിജീഷ് ചൂണ്ടിക്കാട്ടി. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു. പൾസർ സുനിയും വിജീഷ് ഒഴികെ കേസിലെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്.

കേസിലെ സാക്ഷി സാഗർ വിൻസന്റ് പൊലീസ് പീഡനമാരോപിച്ച് നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനാണ് സാഗർ വിൻസന്റ്. കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് ഹർജി. അതേസമയം സാഗറിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.