- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിലുള്ള കാവ്യ മാധാവൻ തിരിച്ചു വന്നാൽ ഉടൻ ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്ന ബാലചചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ നൂറു ശതമാനം സത്യമെന്ന് ക്രൈംബ്രാഞ്ച്; കോടതി രേഖകളും നടന് കിട്ടി; നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം കാവ്യയെ പ്രതിയാക്കുമോ?
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന വസ്തുതകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ഈ തെളിവുകളിൽ വ്യക്തത വരുത്താനാണ്. അഭിഭാഷകരുടെ സഹായത്തോടെ ദിലീപ് അടക്കമുള്ളവർ തെളിവുകൾ നശിപ്പിച്ചെങ്കിലും ചില തെളിവുകൾ ശേഖരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ദിലീപിന്റെ വീടിനുസമീപം കേസിലെ ഒന്നാം പ്രതി പൾസർ സുനി എത്തിയതിനും തെളിവുണ്ട്.
പൾസർ സുനിയുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം കണ്ടെത്താനാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത്. ഫോണുകളിലെ വിവരങ്ങൾ മായ്ച്ചുകളയാനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽനിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ദിലീപും സഹോദരീഭർത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളിൽനിന്ന് ലഭിച്ച പുതിയ വസ്തുതകളിൽ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത്. ഈ വിവരങ്ങളിൽ ചിലത് കാവ്യയിലേക്കും വിരൽ ചൂണ്ടുന്നു. ചോദ്യം ചെയ്ത ശേഷം കാവ്യ കേസിൽ പ്രതിയാകാനും സാധ്യതയുണ്ട്.
ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ആറ്് മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങൾ മാത്രം 200 മണിക്കൂറിലേറെ വരും. ആറ്് ഫോണുകളിൽ രണ്ടെണ്ണത്തിന്റെ പരിശോധന 90 ശതമാനം പൂർത്തിയായി. മറ്റു നാല് ഫോണുകളുടെ പരിശോധന നടത്തേണ്ടതുണ്ട്. അത് അതിവേഗം പൂർത്തിയാക്കും. അതിന് ശേഷം മതി കാവ്യയുടെ ചോദ്യം ചെയ്യൽ എന്ന വിലയിരുത്തലും ശക്തമാണ്. എന്നാൽ പുനരന്വേഷണത്തിന് അധിക സമയം ഇല്ലെന്നതും അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. കാവ്യ ചെന്നൈയിലാണെന്നാണ് വിവരം. ചെന്നൈയിൽനിന്ന് തിരിച്ചെത്തിയാലുടൻ കാവ്യയെ ചോദ്യംചെയ്യുമെന്നാണ് സൂചന.
പുനരന്വേഷണത്തിൽ ക്രൈംബ്രാഞ്ചിന് നിർണായകമാവുക ഈ ഡിജിറ്റൽ തെളിവുകൾ ആയിരിക്കും. തെളിവുകളുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിലധികം പേജുകളുള്ള ഫൊറൻസിക് റിപ്പോർട്ടാണ് അന്വേഷകസംഘത്തിന് ലഭിച്ചത്. ഇതിൽനിന്ന് കേസിന് ആവശ്യമായ വിവരം അന്വേഷണസംഘം തരംതിരിച്ചു തീർന്നിട്ടില്ല. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ഓഡിയോ ടേപ്പിലെ ശബ്ദശകലവും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്.
ദിലീപിന്റെ ഫോണിൽനിന്ന് കോടതി രേഖകളുടെ ഫോട്ടോയും ലഭിച്ചിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട രേഖകളാണിത്. ഇതിനെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ അനുമതി തേടി മാർച്ച് 29-ന് അപേക്ഷ നൽകിയിരുന്നു. അനുമതി ലഭിച്ചിട്ടില്ല. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽനിന്ന് കൊണ്ടുപോയ ചെമപ്പ് സ്വിഫ്റ്റ് കാർ പിടിച്ചെടുത്തിട്ടുണ്ട്. ദിലീപിന്റെ ഫോണുകൾ മുംബൈയിലെ ലാബിലേക്ക് കൊണ്ടുപോയ അഭിഭാഷകനടക്കമുള്ളവരെ ചോദ്യം ചെയ്യും.
ദിലീപ് നശിപ്പിച്ചതായി സംശയിക്കുന്ന ഫോൺ വിവരങ്ങളിൽ ഇറാൻ സ്വദേശിയുമായുള്ള വാട്സാപ്പ് സംഭാഷണങ്ങളുമുള്ളതായി ക്രൈംബ്രാഞ്ച്. ദിലീപിന്റെ ഫോണിൽനിന്ന് നീക്കിയ 12 വാട്സാപ്പ് ചാറ്റുകളിൽ ഒന്ന് ഇറാൻ സ്വദേശിയുടേതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇയാൾ മലയാളചിത്രങ്ങൾ ഇറാനിൽ മൊഴിമാറ്റം നടത്തി പ്രദർശിപ്പിക്കുന്നയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ദിലീപിന്റെ നിരവധി സിനിമകൾ ഇയാൾ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇയാളുമായുള്ള ദിലീപിന്റെ ഇടപാടെന്തെന്ന കാര്യം അന്വേഷിക്കണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
കേസിൽ പ്രതിഭാഗത്തിന്റെ ഫോണുകൾ പിടിച്ചെടുത്തു ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ഘട്ടത്തിൽ കോടതി രേഖകൾ പലതും പ്രതിഭാഗത്തിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് രേഖകൾ ചോർത്തിയതു പ്രോസിക്യൂഷൻ ആണെന്ന ആരോപണം പ്രതിഭാഗം ഉയർത്തിയത്.
മറുനാടന് മലയാളി ബ്യൂറോ