കൊച്ചി: ദിലീപിനും കാവ്യയ്ക്കും വിനയാകുമോ അളിയൻ സൂരാജിന്റെ ഫോണിലെ വിടുവാ പറച്ചിൽ. സുരാജ് പറയുന്നത് കേട്ട് കാവ്യയും ഞെട്ടിയെന്നാണ് സൂചന. കാവ്യയുടെ വിവാഹത്തോടെയാണ് ചേട്ടൻ കഷ്ടകാലം തുടങ്ങിയതെന്ന് സൂരാജ് പറയുന്നുണ്ട്. ദിലീപിന്റെ സുഹൃത്ത് ശരത്തും സൂരാജും തമ്മിലുള്ള സംഭാഷണം കാവ്യയേയും ഞെട്ടിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് കാവ്യയെ ചോദ്യം ചെയ്യുമ്പോൾ ഈ ശബ്ദത്തോടുള്ള പ്രതികരണം നിർണ്ണാകമാകും. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യവും ചോദ്യം ചെയ്യലിൽ ഉണ്ടാകും.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യുന്നത് അതിനിർണ്ണായകമാണ്. സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. കാവ്യയുടെ കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്ന് സുരാജ് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിയോ ക്‌ളിപ്പുകളിലും കാവ്യയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളുണ്ട്.

ഇതിനൊപ്പം സൂരജ് സാക്ഷിയെ സ്വാധീനിക്കുന്ന ശബ്ദരേഖയും പുറത്താണ്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ഡോക്ടർ ഹൈദരലിയും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സുരാജ് പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്. ഇതും ദിലീപിന് വിനയാണ്. സൂരാജിന്റെ തിരക്കഥാ രചനാ മോഹമാണ് ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലെ നിത്യ സന്ദർശകനായത്. ഇതിനിടെയാണ് ബാലചന്ദ്രകുമാർ ഓഡിയോ റിക്കോർഡ് ചെയ്തത്. അങ്ങനെ ദിലീപിനെ എല്ലാ അർത്ഥത്തിലും കുടുക്കുകയാണ് സൂരജിന്റെ ഫോൺ വിളികളും തിരക്കഥ മോഹവും.

മിസ്റ്റർ ഫ്രോഡ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ബാലചന്ദ്രകുമാർ കാണുന്നത്. കഥ ദിലീപിന് ഇഷ്ടപ്പെട്ടു. ഈ ചിത്രത്തിന് താൻ തിരക്കഥ എഴുതാമെന്ന് സൂരാജ് പറഞ്ഞു. അങ്ങനെയാണ് ബാലചന്ദ്രകുമാർ വീട്ടിലെ നിത്യ സന്ദർശകനാകുന്നത്. ഇതാണ് ദിലീപിനെ നടിയ ആെക്രമിച്ച കേസിൽ തിരിച്ചടിയാകുന്നതും. സാക്ഷിയെ മൊഴി മാറ്റാൻ ശ്രമിക്കുന്ന തെളിവുള്ളതിനാൽ സൂരാജും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. കാവ്യമാധവൻ പ്രതിയായാൽ അത് ഈ കേസിനെ ആകെ മാറ്റി മറിക്കും.

നടി ആക്രമിക്കപ്പെടുന്ന സമയത്ത് ദിലീപ് ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നുവെന്ന് പറയണമെന്ന് സുരാജ് ആവശ്യപ്പെടുന്നുണ്ട്. ദിലീപ് അഡ്‌മിറ്റായിരുന്നില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയത്. ഈ മൊഴി തിരുത്തണമെന്നാണ് സുരാജിന്റെ ആവശ്യം. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറുമാറിയിരുന്നു. ഡോക്ടറും ഇനി കേസിൽ പ്രതിയാകും. ദിലീപിന്റെ അനുജൻ അനൂപിനെ കേസിൽ പ്രതിയാക്കുന്നതും ക്രൈംബ്രാഞ്ച് പരിഗണനയിലുണ്ട്.

ഇതിനെല്ലാം കാരണം സൂരാജിന്റെ ഫോൺ സംഭാഷണത്തിലെ പ്രശ്‌നങ്ങളാണ്. ഇതിൽ കാവ്യ തീർത്തും നിരാശയാണെന്നാണ് റിപ്പോർട്ട്. കാവ്യയെ കുറ്റപ്പെടുത്തി സൂരാജിനോട് പറഞ്ഞ വാക്കുകൾ പത്മസരോവരത്തിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും സിനിമാ താരവുമായ കാവ്യാ മാധവന് പങ്കുണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നിരുന്നു ദിലീപിന്റെ സുഹൃത്ത് ശരത്തും സഹോദരീ ഭർത്താവ് ടി. എൻ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനെ തുടർന്നാണ് കാവ്യയെ ചോദ്യംചെയ്യാനായി അന്വേഷണ സംഘം നോട്ടീസ് നൽകിയത്.

കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ തർക്കങ്ങളാണ് സംഭവങ്ങൾക്കെല്ലാം കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചിരുന്നു. കൂട്ടുകാർക്ക് തിരിച്ച് 'പണി' കൊടുക്കാൻ കാവ്യയും ശ്രമിച്ചു. ജയിലിൽനിന്ന് വന്ന ഫോൺകോൾ നാദിർഷ എടുത്തതാണ് ദിലീപിന് വിനയായത്. ഇല്ലെങ്കിൽ കാവ്യ മാത്രമായിരുന്നു കുടുങ്ങുക. വേറെയും ഒരുപാട് സ്ഥലങ്ങളുണ്ടായിട്ടും മെമ്മറി കാർഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും സുരാജ് ശരത്തിനോട് പറയുന്നു.

കേസിന് പിന്നിൽ മാഡം ഉണ്ടെന്ന് നേരത്തെ പൾസർ സുനിയുടെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. പൾസർ സുനി പിന്നീട് ഇക്കാര്യം മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ക്രൈം ബ്രാഞ്ച് കാവ്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

ഡോക്ടറെ സ്വാധീനിക്കുന്ന ഫോൺ സംഭാഷണം

ഡോക്ടർ ഹൈദരലി: പൊലീസിന്റെ കൈയിൽ കോപ്പി ഉണ്ടാകുമല്ലോ അല്ലേ
സുരാജ്: ആ കോപ്പിക്ക് ഇനി യാതൊരു പ്രസക്തിയും ഇല്ല ഡോക്ടറേ...അതുകൊണ്ട് യാതൊരു കാര്യവുമില്ല. നമ്മൾ മൊഴി കൊടുക്കുന്നതനുസരിച്ച് കോടതിയിൽ എഴുതിയിടും. അതാണ് ഇനിയങ്ങോട്ട് നോക്കുക. അതിനാണ് സാക്ഷിയുടെ മൊഴി കൊടുക്കാൻ വേണ്ടി വിളിക്കുന്നത്.
ഡോക്ടർ: അതിലെഴുതിയിരിക്കുന്ന ഡേറ്റ് ഒക്കെയോ
സുരാജ്: അതിന്റെ കോപ്പി കാര്യങ്ങളെല്ലാം അഡ്വക്കേറ്റിന്റെ കൈയിലുണ്ട്. നമുക്ക് മാർച്ച് പകുതിയാകുമ്പോൾ കാണാമെന്ന് വക്കീൽ പറഞ്ഞിട്ടുണ്ട്.
ഡോക്ടർ ഹൈദരലി: ഇതുവരെ എന്തായി
സുരാജ്: ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ല. വക്കീൽ നോക്കും. വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതി. നമുക്ക് വിസ്താരം തുടങ്ങിയില്ലല്ലോ. ഒരു പ്രാവശ്യം പോയാൽ മതി, വേറെ പ്രശ്‌നമൊന്നുമില്ല.
ഡോക്ടർ ഹൈദരലി: ചേട്ടൻ എവിടെയുണ്ട് ഇപ്പോൾ
സുരാജ്: ചേട്ടൻ ഇവിടെയുണ്ട് എറണാകുളത്ത്. കേസ് കാര്യങ്ങളൊക്കെ ആയോണ്ട് എറണാകുളത്ത് തന്നെയുണ്ട് പുള്ളി.