കൊച്ചി: ദിലീപിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. സിബിഐയേയും അന്വേഷണം ഏൽപ്പിച്ചില്ല. ഇതോടെ ക്രൈംബ്രാഞ്ചിന് കൂടുതൽ കരുത്ത് കൈവരികയാണ്. ഇതോടെ നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണവും ക്രൈംബ്രാഞ്ച് പുതിയ തലത്തിലേക്ക് കൊണ്ടു പോകും.

ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹർജിയിൽ വിധിപറഞ്ഞത്. കേസ് റദ്ദാക്കണമെന്നും അല്ലെങ്കിൽ സിബിഐ.യ്ക്ക് വിടണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. വധ ഗൂഢാലോചന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തു. തുടർന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറൻസിക് റിപ്പോർട്ടുകളും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇതെല്ലാം പരിശോധിച്ചാണ് കോടതിയുടെ തീരുമാനം.

നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു ഹൈക്കോടതി പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണു മറ്റു പ്രതികൾ.

കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴികൾക്ക് വിശ്വാസ്യതയില്ലെന്നുമാണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഇതെല്ലാം കോടതി അംഗീകരിച്ചു. ദിലീപിന്റെ ആവശ്യങ്ങൾ തള്ളുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ് ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആലുവ പൊലീസ് ക്ലബിലാണ് അനൂപ് ചോദ്യംചെയ്യലിനായി എത്തിയത്. ഉച്ചയ്ക്ക് ശേഷം ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം ഇരുവരെയും ചോദ്യംചെയ്യുന്നത്.

സംഭവത്തിൽ കാവ്യാ മാധവന് പങ്കുണ്ടെന്ന പരാമർശവും ചില ശബ്ദരേഖകളിലുണ്ടായിരുന്നു. സുരാജും ദിലീപിന്റെ സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിലാണ് കാവ്യാ മാധവന്റെ പങ്കിനെക്കുറിച്ചടക്കം പരാമർശമുണ്ടായിരുന്നത്. ഇതേക്കുറിച്ചെല്ലാം അന്വേഷണസംഘം ഇരുവരിൽനിന്ന് ചോദിച്ചറിയും. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ കൂറുമാറ്റുന്നതിനായി അനൂപും സുരാജും ഇടപെട്ടതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.