കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തെ എതിർത്ത് ദിലീപ് ഹൈക്കോടതിയിൽ. ജുഡീഷ്യൽ ഓഫീസർമാരെ മോശമാക്കാനുള്ള ശ്രമങ്ങൾ പല രീതിയിൽ നടക്കുന്നുവെന്നും ഒരു ദിവസം പോലും തുടരന്വേഷണത്തിന് സമയം അനുവദിക്കരുതെന്നുമാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി വീഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിൽ ബന്ധമില്ല.

കോടതിക്ക് വീഡിയോ പരിശോധിക്കാം. അതിനുള്ള അധികാരം കോടതിക്കുണ്ട്. മൂന്ന് വർഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു ആരോപണവുമായി മുന്നോട്ട് വരുന്നത്. ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണം നീട്ടണമെന്ന ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.

എന്നാൽ തുടരന്വേഷണം നീട്ടണമെന്ന ഹരജിയിൽ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചു. സർക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്ന് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. അതേസമയം നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്ന വാദവും ഇതിൽ ആവർത്തിച്ചു. കേസ് അട്ടിമറിക്കപ്പെടുകയാന്നെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ സത്യവാങ്മൂലം സമർപ്പിച്ചത്.

നിശ്ചിത മെമ്മറി കാർഡുകളും അനുബന്ധ ഫയലുകളും 2018 ജനുവരി 9നും ഡിസംബർ13നും ആക്സസ് ചെയ്തിട്ടുണ്ടെന്നാണ് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നതെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. 2018 ൽ കോടതി ആവശ്യത്തിനല്ലാതെ, മെമ്മറി കാർഡിന്റെ ഹാർഷ് വാല്യു രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. 2018 ജനുവരി 09, ഡിസംബർ 13 നുമാണ് മെമ്മറി കാർഡുകൾ തുറന്നത്. എന്നാൽ ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് നൽകിയ ഹർജി കോടതി തള്ളിക്കളയുകയാണ് ചെയ്തത്.

ഹർജി തള്ളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സർക്കാർ മറുപടിയിൽ പറയുന്നു. നിയമപരമായി ശരിയല്ലാത്ത നടപടിയാണ് ജഡ്ജിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും സർക്കാർ പറയുന്നു. ദിലീപിന്റെ ഫോണിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ കൂടുതൽ സാവകാശം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

അതേ സമയം അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അന്വേഷണത്തിനു കൂടുതൽ സമയം അനുവദിക്കണമെന്നും അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിനും സർക്കാരിനും എതിരെ ശക്തമായ ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത കോടതിയിൽ ഹർജി നൽകിയിരുന്നത്. മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഒപ്പമാണെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിക്കുകയാണ് ഇന്നു പ്രോസിക്യൂഷൻ ചെയ്തിരിക്കുന്നത്.

അന്വേഷണസംഘത്തിന് മേൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. സത്യസന്ധമായിട്ടാണ് അന്വേഷണം നടക്കുന്നത്. തുടക്കം മുതലേ അതിജീവിതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. നടിയെ പീഡിപ്പിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം തേടി സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു വാദം കേൾക്കും. വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം 30 ന് അവസാനിച്ചിരുന്നു.