കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കേസിൽ പ്രതിയാക്കിയത് തെളിവുകൾ ഇല്ലാതെയാണെന്നും കൃത്രിമമായിട്ടാണെന്നുമുള്ള മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെുത്തൽ വിവാദമാകുന്നു. ശ്രീലേഖക്കെതിരെ കടുത്ത വിമർശനമാണ് ഇതോടെ ഉയരുന്നത്. ദിലീപിനോട് പണ്ടുമുതലേ കൂറുള്ള ആളാണ് ശ്രീലേഖ ഐ.പി.എസ് എന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി മിനി ആരോപിച്ചു. പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയിരിക്കുകയാണവരെന്നും ടി.ബി മിനി പറഞ്ഞു.

പ്രതിയായ ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തുകൊടുത്ത വ്യക്തിയാണിവർ. ഒരു ഉന്നത പൊലീസുദ്യോഗസ്ഥയായിരുന്നു അവർ. ഞാൻ ഈ കേസിന് പിറകെ പോകാനുള്ള കാരണം ദിലീപ് തന്നെയാണ് അയാൾക്കെതിരേ തെളിവുകൾ ഉണ്ടാക്കുന്നത്. മറ്റൊരു പ്രധാനതെളിവ് എന്ന് പറഞ്ഞാൽ അവർ ജയിൽ മേധവിയായിരുന്ന കാലത്ത് പൾസർ സുനിക്ക് ഒരു ഫോൺ കൊണ്ടുകൊടുത്തു എന്ന് പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ ആ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അതിന്റെ പൂർണ ഉത്തരവാദിത്തം അവർക്കാണ്.

എന്തുകൊണ്ട് അവരത് മറച്ചുവച്ചു. പൾസർ സുനി തന്നെ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിച്ച പ്രതിയാണെന്ന് അവർ പറയുന്നു. ഈ വെളിപ്പെടുത്തൽ ദിലീപിന് വിനയാകും. ഇതുവരെ അതിജീവിതയോട് സംസാരിക്കാൻ ഇവർ തയ്യാറായിട്ടില്ല. അവർക്ക് എന്തു താൽപര്യമാണ് ഈ കേസിലുള്ളത് എന്ന് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയിൽ ഒരിക്കൽ പോലും അവർ വന്നിട്ടില്ല-ടിബി മിനി പറഞ്ഞു.

അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്കെതിരെ സംവിധായകൻ ബാലചന്ദ്രകുമാറും രംഗത്തുവന്നു. നടൻ ദിലീപിനോട് അവർക്ക് ആരാധനയുണ്ടാകാമെന്നും അധികാരത്തിൽ ഇരുന്ന സമയത്ത് എന്തുകൊണ്ട് ഇക്കാര്യങ്ങൾ അവർ സർക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് അവരുടെ പരാമർശങ്ങൾ എന്നറിയില്ല. ശ്രീലേഖയുടേത് വെളിപ്പെടുത്തലല്ല, ആരോപണങ്ങൾ മാത്രമാണ്. ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല. അവർ സർവീസിൽ ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മുതൽ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാംപയിന്റെ തലപ്പത്ത് ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയത്. ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്തുവന്നത്. പൾസർ സുനി മുമ്പും നിരവധി നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലിൽനിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല, സഹതടവുകാരനാണെന്നും ആർ ശ്രീലേഖ പറഞ്ഞു.

പൾസർ സുനിയെ അറസ്റ്റ് ചെയ്ത വേളയിൽ രണ്ടാഴ്ചയോളം അയാൾ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇത്രയും ദിവസങ്ങൾ കസ്റ്റഡിയിൽവച്ച് ചോദ്യംചെയ്തിട്ടും ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് കണ്ടെത്താൻ പൊലീസ് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് ശ്രീലേഖ ചോദിച്ചു. ക്വട്ടേഷനാണെങ്കിൽ സാധാരണ നിലയിൽ ഒരു പ്രതി അക്കാര്യം പൊലീസിന് മുമ്പാകെ തുറന്നുസമ്മതിക്കേണ്ടതാണെന്നും അവർ പറഞ്ഞു.

പൾസർ സുനിയും കൂട്ടരും ക്വട്ടേഷൻ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. ഇവർ ചെയ്ത മുൻകാല പ്രവർത്തികൾ മുഴുവൻ സ്വയം കാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണെന്നും ശ്രീലേഖ പറഞ്ഞു. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് പൾസർ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ശ്രീലേഖ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരമ്പേഷണം അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് സംസ്ഥാന പൊലീസിലെ മുതിർന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പൊലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. നടിയെ ആക്രമിച്ച സംഭവം നടക്കുമ്പോൾ ജയിൽ മേധാവിയായിരുന്നു ശ്രീലേഖ. നേരത്തേയും ദിലീപിനെതിരേ കേസിൽ തുടരന്വേഷണം ആരംഭിച്ച ഘട്ടത്തിൽ ശ്രീലേഖ ചില പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ചില വിമർശനങ്ങളാണ് ഇപ്പോളുണ്ടായത്.