കൊച്ചി: അതിബുദ്ധിയും അമിത ആത്മവിശ്വാസവും ആയിരുന്നു ദിലീപിന്റെ പെട്ടെന്നുള്ള വളർച്ചക്കും അതു പോലെ തന്നെ വീഴ്ചയ്ക്കും കാരണമായത്. സിനിമയിൽ സ്ഥാനം ഉറപ്പിച്ചതും വളർന്നു വലുതായതും അതിബുദ്ധിയുടെ അടിസ്ഥാനത്തിൽ മെനഞ്ഞ തന്ത്രങ്ങളിലൂടെയായിരുന്നു. ഇഷ്ടമില്ലാത്തവരെ ഞൊടിയടിയിൽ വീഴ്‌ത്തിയുള്ള മുന്നേറ്റത്തിന് തയ്യാറായതും ഇതേ അതിബുദ്ധിയായിരുന്നു. ഉന്നത തലത്തിൽ ഇടെപ്പെട്ട് എല്ലാം ധാരണയിൽ ആക്കി തീർക്കാൻ ഉറച്ച സമയത്തായിരുന്നു മനോരമയ്ക്ക് വിവാദ അഭിമുഖം നൽകിയത്. ഇപ്പോഴത്തെ വീഴ്ചയിലേക്ക് നിയച്ച പ്രധാന കാരണം ഈ അഭിമുഖം തന്നെയായിരുന്നു. മാധ്യമങ്ങളെ അടച്ചക്ഷേപിക്കുന്ന അഭിമുഖമായിരുന്നു അത്. അതുകൊണ്ട് തന്നെ ഗൂഢാലോചനക്കേസിൽ മാധ്യമങ്ങൾ കടന്നാക്രമണം നടത്തി. ഇതോടെ പൊലീസിന് മറ്റ് മാർഗ്ഗമില്ലാതെ പ്രതിയെ കുടുക്കേണ്ടിയും വന്നു. അതിന് ശേഷം തൊട്ടതെല്ലാം പിഴയ്ക്കുകയാണ്.

എന്തുവന്നാലും അഴിക്കുള്ളിലാകില്ലെന്ന ആത്മവിശ്വാസമാണ് ദിലീപിനെ കുഴിയിൽ ചാടിച്ചത്. കാർണിവൽ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിൽ പൊലീസുകാരുമായി ആശയ സംവാദത്തിന് പോകുന്ന തരത്തിലേക്ക് അത് മാറിയിരുന്നു. ജയിലിലായപ്പോഴും അതിബുദ്ധിയിലെ കള്ളക്കളി തുടർന്നു. അഡ്വക്കേറ്റ് രാംകുമാർ അഭിഭാഷകനായതോടെ പലവിധ തന്ത്രങ്ങളെത്തി. എല്ലാം പൊലീസിനേയും സർക്കാരിനേയും പ്രതിക്കൂട്ടിൽ നിർതുന്നതായിരുന്നു. ചേട്ടനെ കുടുക്കിയ ഗൂഢാലോചനക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുമെന്ന് അനുജൻ അനൂപും പറഞ്ഞു. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയുടെ കുരുക്ക് പൊലീസ് മുറുക്കി. കൃത്യമായ തെളിവുകളുമായി ദിലീപിനെ പൂട്ടാനാണ് തീരുമാനം. ഒരു മയവും ഇനിയുണ്ടാകില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പോലും അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്.

ദിലീപിന്റെ ഐപാഡ് പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. കഴിഞ്ഞദിവസം രാത്രി ആലുവ പൊലീസ്‌ക്ലബ്ബിൽ കസ്റ്റഡിയിൽ കഴിയവെ ആളെവിട്ട് ആലുവയിലെ വീട്ടിൽനിന്ന് എടുപ്പിക്കുകയായിരുന്നു. ഇതിന്റെ പാസ്വേഡ് തനിക്കറിയില്ലെന്നും ഫോണിലാണെന്നും ദിലീപ് നിലപാടെടുത്തു. തുടർന്ന് ഫോണെടുക്കാൻ പൊലീസ് ആളെ വിട്ടെങ്കിലും കിട്ടിയില്ലെന്നാണ് സൂചന. ശനിയാഴ്ച ദിലീപിന്റെ രണ്ടുഫോണുകൾ അഭിഭാഷകൻ കോടതിയിൽ നൽകി. ഫോൺ റെയ്ഡ് ചെയ്ത് പിടിച്ചശേഷം പ്രതീഷ് ചാക്കോയുടെ കൈയിൽനിന്ന് കിട്ടിയെന്ന് പൊലീസ് ആരോപിക്കുമെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. ഫോൺ നൽകാനായിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ എന്തുകൊണ്ട് ചെയ്തില്ലെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. അങ്ങനെ വാദത്തിനിടെയും ദിലീപിനം കുരുക്കി. ദിലീപിന്റെ വീടുകളിലെല്ലാം പൊലീസ് റെയ്ഡു നടത്തുന്നു. മാനേജർ അപ്പുണ്ണിയുടെ അറസ്റ്റോടെ വീണ്ടും ദിലീപിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. കേസ് ഹൈക്കോടതിയിൽ എത്തിയാൽ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകുമെന്നും സൂചനയുണ്ട്. സുപ്രീംകോടതിയിൽ പോയാലും സർക്കാർ കടുത്ത നിലപാടുകൾ എടുക്കും.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തി. തൃശൂർ സ്വദേശികളായ രണ്ട് പേരുടെ രഹസ്യ മൊഴിയാണു രേഖപ്പെടുത്തിയത്. കാലടി കോടതിയിലാണ് ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെയും സുനിൽകുമാറിനേയും ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനനിൽ കണ്ടവരുടെ മൊഴികളാണു രേഖപ്പെടുത്തിയത്. അതിനിടെ ഗുഢാലോചന കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇയാൾ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു. കേസിൽ അപ്പുണ്ണിയെ പ്രതി ചേർക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കു പണം നൽകി ഒത്തുതീർപ്പിന് അപ്പുണ്ണി ശ്രമിച്ചതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.

അതേസമയം, കേസിൽ പൾസർ സുനിക്ക് നിയമസഹായം നൽകിയെന്ന് പൊലീസ് സംശയിക്കുന്ന അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്. സുനിയെ പ്രതീഷ് ചാക്കോയ്ക്ക് പരിചയപ്പെടുത്തിയത് ദിലീപ് ആണെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യത്തിന് ശേഷം സുനി മെമ്മറി കാർഡ് കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവു ശേഖരണത്തിലാണ് പൊലീസ്. ജാമ്യ ഹർജിയുമായി ദിലീപ് ഹൈക്കോടതിയിൽ പോയാൽ ഇതൊക്കെ ഹാജരാക്കും. അതിനിടെ ദിലീപിന്റെ കേസിൽ ആരും ഇനി സമ്മർദ്ദത്തിന് വരേണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ദിലീപിനെ രക്ഷിക്കാൻ മുമ്പിൽ നിന്ന മുകേഷും പിന്മാറി. കേസിൽ കുടുങ്ങാതിരിക്കാനുള്ള തന്ത്രങ്ങളാണ് കൊല്ലം എംഎൽഎ പയറ്റുന്നത്.

ജാമ്യാപേക്ഷയിൽ ദിലീപിന് വിനയായത് സോഷ്യൽമീഡിയ വഴി തനിക്ക് അനുകൂലമായി സംഘടിപ്പിച്ച പ്രചരണമായിരുന്നു. പ്രതിയുടെ സ്വാധീനത്തിനുള്ള തെളിവായി പ്രോസിക്യൂഷൻ ഇത് സമർപ്പിച്ചത് ദിലീപിന് തിരിച്ചടിയായി. അറസ്റ്റിന് ശേഷം ദിലീപിന് അനുകൂലമായി സഹതാപ തരംഗം സൃഷ്ടിക്കാൻ ദിലീപ് അനുകൂലികൾ ആസൂത്രിതമായ ശ്രമം നടത്തി. ഇതിനായി ഒരു പിആർ ഏജൻസിയെ തന്നെ ലക്ഷങ്ങൾ പ്രതിഫലം നൽകി നിയോഗിച്ചു. ദിലീപ് അനുകൂല പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. പക്ഷേ ഇതാണ് ഇപ്പോൾ കോടതിയിൽ തിരിച്ചടിച്ചത്. ഈ സംവിധാനത്തിലൂടെ സർക്കാരിനേയും പൊലീസിനേയും മോശക്കാരാക്കാനും ശ്രമിച്ചു. ഇതും പിണറായി സർക്കാരിനെ പ്രകോപിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് കേസ് കടുപ്പിക്കുന്നത്.

ദിലീപിന് അനുകൂലമായി സംഘടിപ്പിച്ച പ്രചരണം പ്രതിയുടെ സ്വാധീനത്തിന്റെ തെളിവാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതാണ് ജാമ്യത്തിന് വിനയാകുന്നത്. കസ്റ്റഡിയിലുള്ള പ്രതിയുടെ നടപടികൾ ഇങ്ങനെയാണെങ്കിൽ പ്രതി മോചിതനായാൽ എന്തും ചെയ്യാൻ മടിക്കില്ല. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കും എന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതിക്ക് അനുകൂലമായി നടന്ന ക്യാമ്പയിൻ ആസൂത്രിതമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫാൻസ് അസോസിയേഷന്റെ പേരിലാണ് ഏജൻസിയുമായുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത്. ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപ് നൽകിയ ഒരു അഭിമുഖത്തിലെ വാചകവും ദിലീപിനെ തിരിഞ്ഞു കൊത്തി. സാധാരണ ഇത്തരം സംഭവങ്ങളിൽ ഇരയാകുന്ന പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയോ മിണ്ടാതിരിക്കുകയോ ആണ് പതിവ് എന്നായിരുന്നു ദിലീപിന്റെ കമന്റ്. ഇതും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഇത് പ്രതിയുടെ മനോനില വ്യക്തമാക്കുനതാണ് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതു കൂടി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.