കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസിന് മാപ്പുസാക്ഷിയെന്നത് അനിവാര്യതയാണ്. ഗൂഢാലോചനക്കേസിൽ ദിലീപിനെ പൂട്ടാൻ ഇത് അനിവാര്യതയുമാണ്. മാർട്ടിനെന്ന പ്രതിയെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാൽ പൾസർ സുനിക്കും കേസുമായുള്ള ബന്ധം തെളിയിക്കാൻ മാർട്ടിനിലൂടെ കഴിയൂ. ദിലീപിനെ ഇതിൽ കുടുക്കാൻ അതിലും ശക്തമായ ആയുധം വേണം. ദിലീപിന്റെ മാനേജർ അപ്പുണ്ണിയാണ് ഇതിന് പറ്റിയതെന്ന് പൊലീസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് അപ്പുണ്ണിയുടെ മൊഴി കേസിൽ നിർണ്ണായകമാകുന്നത്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് അതുകൊണ്ട് തന്നെ തിങ്കളാഴ്ച നിർണായകമാണ്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയോട് തിങ്കളാഴ്ച അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അപ്പുണ്ണി അന്വേഷണസംഘത്തിനുമുന്നിൽ ഹാജരായാൽ കേസിൽ നിർണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അപ്പുണ്ണിയോട് മൊഴിനൽകാൻ ഹാജരാകാനാണ് നിർദ്ദേശിച്ചത്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിർണായക വിവരങ്ങൾ അറിയാമെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചാൽ അപ്പുണ്ണിയെ പ്രതിചേർക്കും.

ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ മുതൽ അപ്പുണ്ണിയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാൽ ഒളിവിൽ പോയ അപ്പുണ്ണിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഫോൺ വിളികളും പൾസർ സുനി ജയിലിൽ നിന്ന് കത്തെഴുതിയതുമായി ബന്ധപ്പെട്ടുമാണ് അപ്പുണ്ണിയിൽ നിന്നും വിവരങ്ങൾ അറിയേണ്ടതുള്ളത്. പൾസർ സുനി പല തവണ അപ്പുണ്ണിയുമായി ഫോൺ വിളിച്ചതിന്റെ രേഖകൾ പുറത്തു വന്നിരുന്നു. അതുകൊണ്ട് തന്നെ അപ്പുണ്ണിയുടെ മൊഴി കേസിൽ നിർണ്ണായകമാണ്. ദിലീപിന് വേണ്ടിയായിരുന്നു സംസാരമെന്ന് അപ്പുണ്ണി സമ്മതിച്ചാൽ താരം കുടുങ്ങും. മാപ്പുസാക്ഷിയാകാൻ അപ്പുണ്ണി വിസമ്മതിച്ചാൽ കേസിലെ പ്രധാന പ്രതിയാക്കി ഇയാളേയും മാറ്റും. ഈ സാഹചര്യത്തിൽ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ഒന്നാം പ്രതിയായ പൾസർ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിർണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോൺ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന. ഇതെല്ലാം പൊലീസിനോട് തുറന്ന് സമ്മതിച്ചാൽ ദിലീപിന് എതിരായ കുരുക്ക് മുറുകും. മാപ്പുസാക്ഷിയായി അപ്പുണ്ണി മാറിയാൽ ആർക്കും ദിലീപിനെ ശിക്ഷയിൽ നിന്ന് രക്ഷിക്കാനും ആവില്ല. കാവ്യ മാധവനും പൾസറുമായുള്ള ബന്ധത്തിനും തെളിവ് നൽകാൻ അപ്പുണ്ണിക്കാകും. കാവ്യയുടെ ഡ്രൈവറായിരുന്നു പൾസറെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉറപ്പിക്കാനും അപ്പുണ്ണിയിലൂടെ കഴിയും. അതുകൊണ്ട് തന്നെ ദിലീപിനും ഭാര്യയ്ക്കും അതിനിർണ്ണായകമാകും ഇന്നത്തെ ദിവസം.

അപ്പുണ്ണി ഇന്നു ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ െഹെക്കോടതി തള്ളിയിരുന്നു. എത്രയും വേഗം പൊലീസിൽ ഹാജരാകണമെന്നു കോടതി നിർദ്ദേശിച്ചെങ്കിലും പൊലീസിൽനിന്നു ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു അപ്പുണ്ണിയുടെ അഭിഭാഷകന്റെ പ്രതികരണം. ഇതോടെ ശനിയാഴ്ച പൊലീസ് നോട്ടീസ് നൽകിയിരുന്നു. തുടരന്വേഷണത്തിന് അപ്പുണ്ണിയുടെ സാന്നിധ്യം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ഏലൂരിലെ വീട്ടിൽ അപ്പുണ്ണി കുറച്ചു ദിവസമായി എത്തിയിട്ടില്ലെന്നാണു സൂചന. ആദ്യഘട്ട ചോദ്യം ചെയ്യലിനുശേഷം ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാൾ വീട്ടിൽനിന്ന് അപ്രത്യക്ഷനായത്. പിന്നീട് ചോദ്യം ചെയ്യലിനായി ഇയാളെ നേരിട്ട് ബന്ധപ്പെടാൻ പൊലീസിനു സാധിച്ചില്ല.

കാക്കനാട് ജില്ലാ ജയിലിൽ സുനിയുടെ സഹതടവുകാരനായ വിഷ്ണുവും അപ്പുണ്ണിയും ഏലൂരിലെ ടാക്സി സ്റ്റാന്റിനു സമീപം കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിരുന്നു. സുനി ദിലീപിനയച്ച കത്ത് കൈമാറിയതും ഈ അവസരത്തിലാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാരംഗത്തുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യും. നടിയെ ദിലീപ് ആക്രമിക്കുമെന്നു സിനിമയിലെ പ്രമുഖർക്ക് അടക്കം അറിയാമായിരുന്നുവെന്നാണു പൊലീസ് നൽകുന്ന സൂചന. ഇരുവരും തമ്മിലുള്ള ശത്രുത സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നവരുടെ പട്ടിക അന്വേഷണസംഘം വിശദമായി തയാറാക്കിയിട്ടുണ്ട്. നോട്ടീസ് അയച്ച് ഇവരിൽ പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണു പൊലീസ്.

ദിലീപിന് നടിയോടുണ്ടായിരുന്ന ശത്രുത അറിയാമായിരുന്നിട്ടും അത് എന്തിനു മറച്ചുവച്ചു എന്നാവും ഇവരോടു പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥർ ചോദിക്കുക. കഴിഞ്ഞ ദിവസം അമ്മ ഭാരവാഹിയായ ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്ലബിൽ വച്ച് ചോദ്യം ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവരെ സംബന്ധിച്ച വിവരങ്ങളും ഇടവേള ബാബുവിൽനിന്നു ശേഖരിച്ചിരുന്നു. അമ്മയുടെ താരഷോയുടെ റിഹേഴ്സൽ സമയത്തെ വിവരങ്ങളും ചില രേഖകളും അന്വേഷണ സംഘത്തിനു െകെമാറിയിരുന്നു.