കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയതായി സൂചന. എത്രയും വേഗം കുറ്റപത്രം നൽകാനാണ് ഡിജിപിയുടെ ആവശ്യം. അതുകൊണ്ട് തന്നെ അന്വേഷണം അതിവേഗതയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് നാദിർഷായ്ക്ക് ചോദ്യം ചെയ്യലിനെത്താൻ നോട്ടീസ് നൽകിയത്. കുറ്റപത്രം നൽകുന്നത് വൈകിപ്പിക്കേണ്ടത് ദിലീപിന്റെ ആവശ്യമാണ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം കൊടുത്തില്ലെങ്കിൽ സ്വാഭാവികമായി ദിലീപിന് ജാമ്യം കിട്ടും. അതിന് വേണ്ടിയാണ് നാദിർഷാ അസുഖകാര്യങ്ങൾ പറഞ്ഞ് മാറി നിൽക്കുന്നതെന്നും പൊലീസ് വിലയിരുത്തുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയതും ചോദ്യം ചെയ്യൽ നീട്ടികൊണ്ട് പോകാനാണെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ കരുതലോടെ നടപടികൾ പൂർത്തിയാക്കും.

നാദിർഷായ്ക്ക് പുറമേ ദിലീപിന്റെ മാനേജർ അപ്പുണ്ണിയും കാവ്യാ മാധവും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തില്ല. എന്നാൽ കുറ്റകൃത്യം ചെയ്തവരെ സഹായിച്ചതാണ് ഇവർക്കെതിരായ ആരോപണം. അതുകൊണ്ട് തന്നെ ചോദ്യം ചെയ്ത ശേഷം നാദിർഷായുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടാനായിരുന്നു പൊലീസ് ഉദ്ദേശിച്ചിരുന്നത്. ഇത്തരത്തിൽ ചോദ്യം ചെയ്യൽ നടന്നാൽ അന്വേഷണം പുതിയ തലത്തിലെത്തും. കുറ്റപത്രം നൽകേണ്ട നടപടികൾ വേഗത്തിലാകുകയും ചെയ്യും. ഇത് തടയാനാണ് നാദിർഷാ ആശുപത്രയിൽ പ്രവേശിച്ചത്. തൊട്ട് പിറകേ അസിഡിറ്റിയെന്ന രോഗവും പുറത്തുവിട്ടു. മുൻകൂർ ജാമ്യഹർജി നൽകിയതും തന്ത്രത്തിന്റെ ഭാഗമാണ്. കാവ്യയേയും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഉടൻ നിർദ്ദേശിക്കും. കാവ്യയും ഒഴിവ് പറയാനുള്ള സാധ്യതയും പൊലീസ് കാണുന്നു. എങ്ങനേയും അന്വേഷണം നീട്ടി കുറ്റപത്രം കൊടുക്കുന്നത് വൈകിക്കാനാണിതെന്നാണ് പൊലീസ് വിലയിരുത്തൽ.

പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ നാദിർഷാ എടുത്തത്. എന്നാൽ ദിലീപും പൾസറുമായുള്ള ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ പൊലീസ് ഇപ്പോൾ ശേഖരിച്ചിട്ടുണ്ട്. കാവ്യാ മാധവന്റെ സഹോദരന്റെ കല്ല്യാണത്തിന് പൾസർ എത്തിയതു പോലും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ അദ്യം പറഞ്ഞതുപോലെ പൾസറിനെ അറിയില്ലെന്ന് പറയാൻ നാദിർഷായ്ക്ക് കഴിയില്ല. സത്യം പറയേണ്ടിയും വരും. ഇത് ദിലീപിന് കൂടുതൽ കുരുക്കായി മാറുകയും ചെയ്യും. ദിലീപിന്റെ ജാമ്യ ഹർജി വീണ്ടും ഹൈക്കോടതിയിൽ നൽകാനാണ് തീരുമാനം. അതുകൊണ്ട് തന്നെ നാദിർഷായുടെ മൊഴി ദിലീപിനെതിരായ തെളിവായി മാറുമെന്ന ആശങ്ക സജീവമാണ്. അതുകൊണ്ട് കൂടിയാണ് നാദിർഷായോട് ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകരുതെന്ന നിർദ്ദേശം നൽകാനുള്ള കാരണവും.

ഹൈക്കോടതിയുടെ അവധികാല ബഞ്ചിൽ ജാമ്യ ഹർജി നൽകാനായിരുന്നു നേരത്തെ എടുത്ത തീരുമാനം. എന്നാൽ അതുവേണ്ടെന്ന് ദിലീപ് തീരുമാനിച്ചിട്ടുണ്ട്. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ബഞ്ചിലാകും അപേക്ഷ നൽകുക. ജസ്റ്റീസ് പി ഉബൈദിന്റെ ബഞ്ചിലേക്ക് ജാമ്യ ഹർജിയെത്തുമെന്നാണ് ദിലീപ് അനുകൂലികളുടെ പ്രതീക്ഷ. എന്നാൽ ജസ്റ്റീസ് സുനിൽ തോമസാണ് രണ്ട് തവണ ഹർജിയിൽ വാദം കേട്ടതും തള്ളിയതും. പുനപരിശോധനാ ഹർജിയുമായി വീണ്ടും ഹൈക്കോടതിയിൽ എത്തുന്നതിനാൽ ജസ്റ്റീസ് സുനിൽ തോമസിന്റെ ബെഞ്ചിലേക്ക് തന്നെ വീണ്ടും ഹർജി എത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ദിലീപിന് കടുത്ത വെല്ലുവിളിയുമാകും. അവധിക്കാല ബെഞ്ചിൽ ഹർജി കൊടുത്താൽ അപേക്ഷ പരിഗണിക്കാൻ മാറ്റി വയ്ക്കും. ഫലത്തിൽ യഥാർത്ഥ ബെഞ്ചിലേക്ക് തന്നെ ഹർജി എത്തും. ഈ തിരിച്ചറിവിൽ നിന്നാണ് അവധിക്കാല ബെഞ്ചിൽ ജാമ്യ ഹർജി നൽകേണ്ടെന്ന ധാരണയുണ്ടാകുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അഡ്വക്കേറ്റ് രാമൻപിള്ള എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

കേസിൽ ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അപ്പുണ്ണിയുടെ രംഗപ്രവേശം, ലക്ഷ്യ, പ്രതീഷ് ചാക്കോ, സുനിയുടെ മാഡം വെളിപ്പെടുത്തൽ, കാവ്യാമാധവന്റെ ചോദ്യം ചെയ്യൽ. കേസിൽ ഓരോ തവണയും ദിലീപിന്റെ ജാമ്യം വിഷയമാകുമ്പോൾ ദിലീനെതിരേ കേസിൽ പുതിയ പുതിയ ട്വിസ്റ്റുകളും കണ്ടെത്തലുകളും ഉണ്ടായി. നേരത്തേ വിചാരണക്കോടതി ഒരു തവണയും ഹൈക്കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ഓണത്തിന് ശേഷം വീണ്ടും ചേരുമ്പോൾ ജാമ്യാപേക്ഷ വീണ്ടും സമർപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ദിലീപ്. അപ്പോഴേയ്ക്കുമാണ് കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. ആദ്യം ദിലീപിനൊപ്പം മണിക്കൂറുകളോളം നാദിർഷയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ നാദിർഷ അന്ന് പറഞ്ഞതെല്ലാം കളവാണെന്ന സംശയത്തിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നും ന്യയീകരിച്ചാണ് പൊലീസ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്.

കേസിൽ തനിക്കറിയാവുന്ന എല്ലാം വെളിപ്പെടുത്തിയതാണ്. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിളിച്ചിരിക്കുന്നത് തെറ്റായ മൊഴി നൽകാൻ പൊലീസ് സമ്മർദ്ദപ്പെടുത്തുന്നതായിട്ടാണ് നാദിർഷയുടെ ആരോപണം. കുറ്റപത്രം സമർപ്പിക്കാൻ ഇനി 30 ദിവസം കൂടി ബാക്കി നിൽക്കെ അതുവരെ ജാമ്യം കിട്ടാതെ താരത്തെ തടയുകയാണ് പൊലീസിന്റെ ലക്ഷ്യം. കേസിൽ നാദിർഷയെ ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിച്ചതും പൊലീസിന്റെ ഒരു തന്ത്രമായി വിലയിരുത്തുന്നുണ്ട്. കേസിൽ നാദിർഷ ആദ്യം നൽകിയ മൊഴികളിൽ പലതും കള്ളമാണെന്ന പൊലീസിന് സംശയമുണ്ട്. ഇത്രയും കാലം താരത്തെ പൂർണ്ണമായി മോചിപ്പിക്കപ്പെട്ട പോലെ വിട്ടയച്ച ശേഷം കൂടുതൽ തെളിവുകളോടെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ കേസിൽ നിർണ്ണായകമാകുന്ന പുതിയ എന്തെങ്കിലും വിവരം കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ കൂടുതൽ ചലച്ചിത്ര പ്രവർത്തകർ ഇന്നും ജയിലിലെത്തി. നടൻ വിജയരാഘവൻ, നിർമ്മാതാവ് എം.രഞ്ജിത്ത് തുടങ്ങിയവരും ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചു. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎൽഎയുമായ എം.ബി. ഗണേശ്‌കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിനിടെ, അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് ആലുവയിലെ വീട്ടിലെത്തി പിതാവിന് ബലിയിട്ടിരുന്നു. ഗണേശ്‌കുമാറിനു പുറമെ നടന്മാരായ ജയറാം, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂർ ജോർജ് തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചത്. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവർ ആപത്തിൽ അദ്ദേഹത്തെ തള്ളിപ്പറയാതെ കൂടെ നിൽക്കണമെന്ന് സന്ദർശനത്തിനുശേഷം ഗണേശ്‌കുമാർ ആവശ്യപ്പെട്ടിരുന്നു.

കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ താൻ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം ആലുവ ജയിലിൽ ദിലീപിനെ കാണാനെത്തിയ ഗണേശ് കുമാർ പറഞ്ഞു. നേരത്തെ, ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഇതിന് ശേഷമാണ് ദിലീപ് നിരപരാധിയാണെന്ന പ്രസ്താവനയുമായി ഗണേശ് എത്തിയത്. സിനിമാ മേഖല മുഴുവൻ ദിലീപിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇത് കേസ് അട്ടിമറിക്കാനുള്ള പ്രസ്താവനയാണെന്ന് പ്രോസിക്യൂഷൻ വിലയിരുത്തുന്നു. ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ഇതും പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടും.

ഫെബ്രുവരി 17 ന് ഹണി ബി ടൂ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടയിൽ തൃശൂരിൽ നിന്നും കൊച്ചിയിൽേക്ക് വന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയെന്നാണ് കേസ്. സംഭവത്തിൽ ഗൂഢാലോചന കുറ്റം ചുമത്തി ജൂലായ് പത്തിനാണ് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തത്.