കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഒക്ടോബർ ആദ്യ വാരം കുറ്റപത്രം നൽകും. അതുകൊണ്ട് ഇന്ന് ദിലീപിന് നിർണ്ണായകമാണ്. റിമാൻഡിൽ കഴിയുന്ന ദിലീപ് ഇന്നു വീണ്ടും ജാമ്യാപേക്ഷ നൽകുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. അറുപത് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ദിലീപ് മൂന്നാമതും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങിയത്. സംവിധായകൻ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അതിൽ കോടതിയുടെ നിലപാട് അറിഞ്ഞിട്ട് ജാമ്യ ഹർജി നൽകാനാണ് തീരുമാനം.

അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജാമ്യഹർജി നൽകാനാണ് നീങ്ങുന്നത്. ഉപാധികൾ പൂർണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടും. പക്ഷേ ഇന്ന് കോടതി ജാമ്യാപേക്ഷ തള്ളിയാൽ ദിലീപ് വിചാരണ തടവുകാരനാകും. അതിന് വേണ്ടി കൂടിയാണ് അതിവേഗം കുറ്റപത്രം നൽകാൻ പൊലീസ് നീങ്ങുന്നത്. ഈ സാഹചര്യമെല്ലാം ദിലീപിന്റെ അഭിഭാഷകർ വിലയിരുത്തുന്നു. അതിനാൽ നാളെ കഴിഞ്ഞ് മാത്രമേ ജാമ്യാപേക്ഷ നൽകൂ. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിരൂക്ഷ വിമർശനങ്ങൾ കോടതി നടത്തിയാൽ നാളെയും ദിലീപിനായി ജാമ്യ ഹർജി നൽകില്ല. കാത്തിരിക്ക് ഉചിതമായ സമയത്ത് നീക്കം നടത്തും.

ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്ന ഒക്ടോബർ പത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതുകൊണ്ടുതന്നെ ജാമ്യഹർജി നൽകാൻ ദിലീപിനു ലഭിക്കുന്ന അവസാന അവസരമാണിത്. ഈ ഹർജിയും തള്ളിയാൽ വിചാരണത്തടവുകാരനായി ജയിലിൽ തുടരേണ്ടിവരും. രണ്ടുതവണ ജാമ്യഹർജി തള്ളിയ ജസ്റ്റിസ് സുനിൽ ടി. തോമസ് തന്നെയാണു പുതിയ അപേക്ഷയും പരിഗണിക്കുക. അതുകൊണ്ട് തന്നെ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഈ ഹർജിയും ജസ്റ്റിസ് സുനിൽ ടി തോമസ് തള്ളാനാണ് സാധ്യത. കേസ് ഡയറിയും തെളിവുകളും പരിശോധിച്ചാണ് നേരത്തെ ജസ്റ്റിസ് സുനിൽ തോമസ് ജാമ്യഹർജി തള്ളിയത്. ദിലീപിനെതിരെ തെളിവുണ്ടെന്ന പരാമർശവും കോടതി അന്ന് നടത്തിയിരുന്നു. ഇതുകൊണ്ട് കൂടിയാണ് ജാമ്യ ഹർജി നൽകാൻ അഡ്വക്കറ്റ് രാമൻപിള്ള താമസം എടുക്കുന്നത്.

ആക്രണമണത്തിനിരയായ നടിയുടേതുൾപ്പെടെ പത്തോളം രഹസ്യമൊഴികളുടെ പിൻബലത്തിലാവും പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർക്കുകയെന്ന് വ്യക്തമാണ്. എംഎ‍ൽഎ. കൂടിയായ നടൻ ഗണേശ് കുമാർ ഉൾപ്പെടെയുള്ളവർ ദിലീപിനെ ജയിയിൽ സന്ദർശിച്ചതും അതിനുശേഷം നടത്തിയ പ്രസ്താവനകളുമെല്ലാം പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്ത് ഉന്നയിക്കും. അന്വേഷണത്തെ സ്വാധീനിക്കാൻ കരുത്തുള്ള വ്യക്തിയാണ് ദിലീപെന്ന് സ്ഥാപിക്കാൻ ഇതൊക്കെ മതിയാകുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. അന്വേഷണ പുരോഗതി വ്യക്തമാക്കാൻ പുതിയ തെളിവുകളും നൽകും. ഇതെല്ലാം അഡ്വക്കേറ്റ് രാമൻപിള്ളയെ ചിന്തിപ്പിക്കുന്നുണ്ട്. ഗണേശിന്റെ പ്രസ്താവനയോടെ ദിലീപിന് ജാമ്യം കിട്ടാനുള്ള സാധ്യത കുറഞ്ഞുവെന്നാണ് വിലയിത്തൽ.

ആലുവ ദിലീപിനെ കാണാൻ ഇന്നലെ ജയിലിലെത്തിയത് ഒരാൾമാത്രമാണ്. ബിസിനസ് പങ്കാളിയും ഹോട്ടൽ വ്യവസായിയുമായ ശരത്ത് മാത്രമാണ് ആലുവ സബ് ജയിലിൽ ദിലീപിനെ സന്ദർശിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകൾ നടത്താൻ ദിലീപിന്റെ സഹോദരൻ അനൂപിനെ സഹായിക്കുന്നത് ശരത്താണ്. ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതിയിൽ വരുന്ന പശ്ചാത്തലത്തിലായിരുന്നു ശരത്തിന്റെ സന്ദർശനം. കേസ് കാര്യങ്ങളാണ് ഇരുവരും സംസാരിച്ചതെന്നാണു സൂചന. ജാമ്യ ഹർജി ഇന്ന് നൽകില്ലെന്ന സൂചന ഈ കൂടിക്കാഴ്ചയിൽ ദിലീപിനും കിട്ടിയിട്ടുണ്ട്.

ഒക്ടോബർ ആദ്യവാരം കുറ്റപത്രം സർപ്പിക്കുന്നതിനാൽ ജാമ്യഹർജി നൽകാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഈ ഹർജി കൂടി കോടതി തള്ളിയാൽ പിന്നെ വിചാരണ തടവുകാരനായി ജയിലിൽ തുടരാൻ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ. ജാമ്യഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമ്പോൾ കേസിൽ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരാവാത്തത് അടക്കമുള്ള കാര്യങ്ങൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയേക്കും. ഇതെല്ലാം ദിലീപിന് തിരിച്ചടിയാണ്. ദിലീപിനെ നാദിർഷാ ജയിലിൽ കണ്ടതും വിഷമയാകും. ഈ സാഹചര്യത്തിൽ ജാമ്യം കിട്ടാതെ വിചാരണ തടവുകാരനായി ദിലീപ് മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കേസിൽ തെളിവകുൾ ഏറെയുണ്ട്.

അതിനാൽ വിചാരണയും കടുക്കും. പരോളിന്റെ സഹായത്തോടെ മാത്രം പുറംലോകത്ത് എത്താനുള്ള സ്ഥിതിയിലേക്ക് ദിലീപിന്റെ കാര്യങ്ങൾ എത്തുന്നതായാണ് സൂചനകൾ.