കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ്, പ്രധാന പ്രതി പൾസർ സുനി എന്നിവരുടെ ജാമ്യാപേക്ഷകളും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെയും സംവിധായകൻ നാദിർഷയുടെയും മുൻകൂർ ജാമ്യാപേക്ഷകളും ഇന്ന് വിവിധ കോടതികൾ പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ഏഴ് മാസം തികയുകയാണ്. ഈ ദിവസമാണ് ദിലീപ് ഉൾപ്പെടെയുള്ളവർക്ക് നിർണ്ണായകമാകുന്നത്. മലയാള സിനിമയും ഏറെ പ്രതീക്ഷയോടെയാണ് ഈ വിധികളെ നോക്കി കാണുന്നത്.

സിനിമയിലെ പ്രതിസന്ധി പരിഹരിക്കാൻ ദിലീപ് പുറത്തിറങ്ങണമെന്നാണ് സിനിമാ ലോകത്തിന്റെ ആകെയുള്ള വിലയിരുത്തൽ. നാദിർഷായുടേയും കാവ്യയുടേയും മുൻകൂർ ജാമ്യഹർജികൾ തള്ളിയാൽ അവരേയും പൊലീസ് അറസ്റ്റ് ചെയ്യും. ഇത് പ്രതിസന്ധി വഷളാക്കുമെന്ന ഭയവും ഉണ്ട്. അതിനാൽ മലയാള സിനിമയ്ക്കും നിർണ്ണായകമാണ് ഈ ദിനം.

വാദം പൂർത്തിയായ ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ വിധി ഇന്നുണ്ടാകും. സുനിയുടെ ജാമ്യാപേക്ഷയും കാവ്യ, നാദിർഷ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതിയാണു പരിഗണിക്കുന്നത്. അറസ്റ്റിലായി 60 ദിവസം പിന്നിട്ട നിലയ്ക്ക് ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എല്ലാ തിരക്കഥയും തയാറാക്കി സുനിക്കു നിർദ്ദേശം നൽകിയത് ദിലീപായിരുന്നെന്ന് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിന്റെ ഭാര്യയായതിനാൽ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യാ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ദിലീപ് സുനിയുമായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെയും കുടുംബത്തേയും തകർക്കാൻ ഉന്നത ഗൂഢാലോചന നടന്നെന്നും കാവ്യയുടെ ഹർജിയിൽ പറയുന്നു. 'മാഡം' എന്ന കഥാപാത്രത്തെ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നുവെന്നാണ് കാവ്യയുടെ വാദം. കേസിൽ തന്നെ കുടുക്കുകയായിരുന്നുവെന്നും ആദ്യഘട്ട കുറ്റപത്രം നൽകിയതിനാൽ റിമാൻഡിൽ തുടരേണ്ടതില്ലെന്നുമാണ് സുനിയുടെ ആവശ്യം.

നാദിർഷയെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. കേസിൽ കുടുക്കിയതാണെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പറഞ്ഞാണ് പൾസർ സുനിഹർജി സമർപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ ശേഷം ആദ്യം അങ്കമാലി കോടതിയിൽ നിഷേധിച്ചിരുന്നു. നേരത്തെ മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.

കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ നാദിർഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് നാദിർഷയെ ചോദ്യം ചെയ്യുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് പണം നൽകിയതെന്ന് സുനിയുടെ മൊഴിയെത്തുടർന്നാണ് ഇത്. വസ്ത്ര വ്യാപാര കേന്ദ്രത്തിൽ കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാർ എത്തിയെന്ന് കണ്ടതിനെതുടർന്നാണ് കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്തെ പ്രബലരായ ചെറിയൊരു വിഭാഗവും ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസെന്നും കാവ്യ മുൻകൂർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.