കൊച്ചി: ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇത് വീണ്ടും നീട്ടും. ചൊവ്വാഴ്ചയാണ് ദിലീപിന്റെ ജാമ്യ ഹർജിയിലെ വിധി. ജാമ്യഹർജിയിലെ വാദം താരത്തിന് അനുകൂലമാണെന്നാണ് പ്രതിഭാഗം വിലയിരുത്തൽ. എന്നാൽ ജാമ്യം കിട്ടില്ലെന്ന് പ്രോസിക്യൂഷനും ഉറച്ചു പറയുന്നു. സാക്ഷി മൊഴികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതിന് പൊലീസിന്റെ കൈയിൽ തെളിവുമുണ്ട്. അന്വേഷണത്തെ അട്ടിമറിക്കാൻ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാലും ശ്രമം നടക്കുമെന്ന് പൊലീസ് പറയുന്നു.

നടിയെ ആക്രമിച്ച ശേഷം ഒന്നാം പ്രതി പൾസർ സുനി നടി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള ഓൺ ലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യിൽ എത്തി എന്ന നിർണായക മൊഴിയിൽനിന്നു സാക്ഷി പിന്മാറിയിരുന്നു. ഇതുകൊണ്ട് മാത്രമാണ് കാവ്യയെ കേസിൽ പ്രതിയാക്കാൻ കഴിയാത്തത്. ലക്ഷ്യയിലെ മുൻജീവനക്കാരനാണു സാക്ഷി. ജാമ്യത്തിനായി ദിലീപ് നൽകിയ ഹർജിയിൽ പ്രോസിക്യൂഷന്റ വാദം നടക്കുമ്പോഴാണ് ഇക്കാര്യം ഇന്നലെ കോടതിയെ അറിയിച്ചത്. സിനിമാമേഖലയിൽ പ്രബലനായ ദിലീപ് ജയിലിൽവച്ചും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നത് ഈ സാഹചര്യത്തിലാണ്. കേസിൽ മാപ്പുസാക്ഷികളേയും പൊലീസിന് കിട്ടുന്നില്ല,

കാവ്യാ മാധവന്റെ ഡ്രൈവർ ലക്ഷ്യയിലെ ഈ മുൻ ജീവനക്കാരനെ 41 തവണ ഫോണിൽ വിളിച്ചെന്നും ഇയാളുടെ ആലപ്പുഴയിലുള്ള വീട്ടിൽ എത്തിയെന്നും ഇത്തരം ഇടപെടലുകളെ തുടർന്നാണു മൊഴിയിൽനിന്നു പിന്നോക്കം പോയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കൂറുമാറുന്ന ആദ്യസാക്ഷിയാണിത്. പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപും ഭാര്യ കാവ്യാ മാധവനും ചോദ്യംചെയ്യലിൽ വ്യക്തമാക്കിയത്. എന്നാൽ, പൾസറിന് ഇരുവരുമായി ബന്ധമുണ്ടെന്നും കൃത്യം നിർവഹിച്ചശേഷം പ്രതി കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടുള്ള ലക്ഷ്യയിൽ എത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കടയിലെ ജീവനക്കാരനായിരുന്നു പൾസറിന്റെ സന്ദർശനത്തിനു സാക്ഷിയായത്. ഇയാൾ നിലവിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്നില്ല.

നടിയെ ആക്രമിക്കാൻ ഒന്നരക്കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. പിടിക്കപ്പെട്ടാൽ മൂന്നുകോടി രൂപ നൽകാമെന്ന് ദിലീപ് പറഞ്ഞിരുന്നു. പ്രധാനപ്രതി പൾസർ സുനി സഹതടവുകാരനായ വിപിൻലാലിനോട് പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ചാണ് പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യാപേക്ഷ എതിർത്തത്. സംഭവം ശരിയായി നടന്നാൽ ദിലീപിന് 65 കോടി രൂപയുടെ നേട്ടമുണ്ടെന്നും സുനി പറഞ്ഞെന്നാണ് വിപിൻലാലിന്റെ മൊഴി. ദിലീപിനുവേണ്ടി സാക്ഷിയെ സ്വാധീനിച്ചെന്നും ജാമ്യത്തിൽവിട്ടാൽ കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. സുനി കാവ്യാമാധവന്റെ വസ്ത്രശാലയായ ലക്ഷ്യയിലെത്തിയതിന് സാക്ഷിയായ അവിടത്തെ മാനേജർ പിന്നീട് മൊഴിമാറ്റി. കാവ്യാമാധവന്റെ ഡ്രൈവറാണ് സാക്ഷിയെ സ്വാധീനിച്ചത്. മാനേജരെ കാവ്യയുടെ ഡ്രൈവർ നാല്പതിലധികം തവണ ഫോണിൽ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ കേസിൽ ഗായിക റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷക സംഘത്തിന് കോടതിയുടെ അനുമതി കിട്ടിക്കഴിഞ്ഞു. റിമിക്കു പുറമേ മറ്റു നാലുപേരുടെ കൂടി രഹസ്യമൊഴിയെടുക്കാനുള്ള ശ്രമവുമുണ്ട്. മൊഴി പിന്നീട് മാറ്റാതിരിക്കുന്നതിനു വേണ്ടിയാണു രഹസ്യമൊഴിയെടുക്കുന്നത്. നാട്ടിലും വിദേശത്തും നടത്തിയ താരനിശയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എല്ലാവരിൽനിന്നു ശേഖരിക്കുന്നത്. നടനുൾപ്പെട്ട വിദേശയാത്രാ സംഘത്തിൽ റിമി ടോമിയും ഉൾപ്പെട്ടിരുന്നു. സംഭവത്തിനിരയായ നടിയോട് ദിലീപിന് വിരോധം തോന്നാനുള്ള കാരണങ്ങൾ റിമി ടോമിക്ക് വ്യക്തമായി അറിയാമെന്നാണ് അന്വേഷകസംഘം പറയുന്നത്. ഇത് കേസിലെ ഗൂഢാലോചന വാദത്തിൽ നിർണ്ണായകമാകും. റിമിയും ഭാവിയിൽ മൊഴി മാറ്റാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് രഹസ്യമൊഴി നൽകിപ്പിക്കുന്നത്.

ഒന്നരക്കോടിയുടെ ക്വട്ടേഷനുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ കോടതി ഉയർത്തി. ഒരു പ്രതി മറ്റൊരു പ്രതിയോടു പറഞ്ഞ കാര്യമല്ലേ ഒന്നരക്കോടിയുടെ കാര്യമെന്ന് കോടതി ആരാഞ്ഞു. മൊഴി സാധൂകരിക്കുന്ന മറ്റുതെളിവുകൾ കിട്ടിയിട്ടുണ്ടെന്നായിരുന്നു സർക്കാരിന്റെ മറുപടി. നടിയുടെ ദൃശ്യം പകർത്താനുപയോഗിച്ച മൊബൈൽ ഫോണിനെക്കുറിച്ച് സൂചനകിട്ടിയോ എന്നും കോടതി ചോദിച്ചു. മൊബൈൽ ഫോൺ കിട്ടിയില്ലെന്നതാണ് അന്വേഷണസംഘം നേരിടുന്ന വലിയ പ്രശ്നമെന്ന് സർക്കാർ പറഞ്ഞു. സ്വാഭാവിക ജാമ്യത്തിനുള്ള സമയമായോ, അന്വേഷണം അന്തിമഘട്ടമായോ തുടങ്ങിയ കാര്യങ്ങളും കോടതി ആരാഞ്ഞു. സ്വാഭാവികജാമ്യം തേടിയുള്ള അപേക്ഷ നേരത്തേ മജിസ്ട്രേട്ട് കോടതി തള്ളിയിട്ടുണ്ട്. ഒക്ടോബർ ഏഴ് ആകുമ്പോൾ 90 ദിവസമാകുമെന്ന് സർക്കാർ വ്യക്തമാക്കി.

സമയപരിധിക്കകം അനുബന്ധറിപ്പോർട്ട് സമർപ്പിക്കാനാണുദ്ദേശിക്കുന്നത്. കേസിൽ ഇനി നാലുപേരുടെകൂടി രഹസ്യമൊഴി രേഖപ്പെടുത്താനുണ്ട്. അത് ഒക്ടോബർ നാലിനകം പൂർത്തിയാക്കും. ഇതിനകം 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. കേസിലുൾപ്പെട്ട ചിലർക്ക് ജാമ്യം കിട്ടി. കാവ്യാമാധവന്റെ അറസ്റ്റ് ആവശ്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുമുണ്ട്. ദിലീപിന്റെപേരിൽ തെളിവൊന്നും കിട്ടിയിട്ടില്ല. ഈ ഘട്ടത്തിൽ തുടർകസ്റ്റഡി ആവശ്യമില്ല -ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇത് കോടതി മുഖവിലയ്‌ക്കെടുക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.