തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഒക്ടോബർ ആറിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പൊലീസ്. ഇതോടെ വിചാരണ തീരും വരെ ദിലീപ് ജയിലിൽ കിടക്കുമെന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമം. അതിനിടെ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിക്കും. ദിലീപിന് വിചാരണ തീരും വരെ ജാമ്യം കിട്ടില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടൽ.

സമൂഹത്തിൽ സ്വാധീനമുള്ളവർ ഉൾപ്പെട്ട കേസെന്ന നിലയിൽ വിചാരണ നീണ്ടുപോകാതിരിക്കുന്നതിനും പ്രത്യേകകോടതിയുടെ സേവനം ഉപകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രിയാണ് പൾസർ സുനിയുടെ നേതൃത്വത്തിൽ ആറംഗസംഘം നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ദിലീപിൽ ആരോപിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കാനായെന്നാണ് പൊലീസ് വിലയിരുത്തൽ. കേസിൽ കാവ്യ മാധവൻ പ്രതിയാകില്ല. നാദിർഷായേയും വെറുതെ വിടാനാണ് സാധ്യത. പൾസർ സുനി ഒന്നാംപ്രതിയും ദിലീപ് രണ്ടാംപ്രതിയുമായാണ് പൊലീസ് കുറ്റപത്രം നൽകുക. സുനിചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചിരുന്നുവെന്നാണ് സുനിയുടെ മൊഴി. സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈൽ ഫോണിന്റെയും മെമ്മറി കാർഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയിൽ എത്തിയിട്ടുണ്ട്. സുനി പകർത്തിയ വിവാദ ദൃശ്യത്തിന്റെ പകർപ്പ് മാസങ്ങൾക്കുമുമ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒർജിനൽ ഇല്ലെങ്കിലും പീഡനം തെളിയിക്കാനാകും. ക്രൂരമായ പീഡനം വെളിപ്പെടുന്ന ഈ ദൃശ്യം കോടതിയിൽ പ്രധാന തെളിവാകും. മൊബൈൽ ഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തിൽ ഇതൊഴിവാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനം.

ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞാൽ ദിലീപിന് സ്വാഭാവികജാമ്യത്തിന് അർഹതയുണ്ടെന്നകാര്യം മുൻകൂട്ടി കണ്ടാണ് കുറ്റപത്രം അതിനുമുന്പ് നൽകാനുള്ള പൊലീസിന്റെ നീക്കം. കാവ്യയേയും നാദിർഷായേയും പ്രതി ചേർക്കാൻ പൊലീസ് ആലോചിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ മതിയായ തെളിവു കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവരെ തൽകാലം പ്രതിചേർക്കില്ല. കുറ്റപത്രം നൽകിയാലും അന്വേഷണം തുടരും. ഇത് സൂചിപ്പിച്ചാകും കുറ്റപത്രം നൽകുക. കേസിലെ അടുത്ത ഘട്ടത്തിൽ വമ്പൻ സ്രാവിലേക്ക് അന്വേഷണം എത്തിക്കാനും ശ്രമിക്കും. അങ്ങനെ വന്നാൽ വീണ്ടും കുറ്റപത്രം നൽകും. ഏതായാലും ദിലീപിന്റേയും പൾസർ സുനിയുടേയും വിചാരണ ഉടൻ തുടങ്ങാനാണ് പൊലീസ് നീക്കം.

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളിൽ ഒരാളെ കാവ്യാമാധവന്റെ ഡ്രൈവർ സ്വാധീനിച്ചതായി ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്. കാവ്യയുടെ ഡ്രൈവർ സാക്ഷിയെ 41 തവണ ബന്ധപ്പെട്ടതായും ജയിലിൽ കിടന്നുകൊണ്ടു പോലും ദിലീപിന് കേസിനെയും സാക്ഷികളെയും സ്വാധീനിക്കാ കഴിയുമെന്നതിന്റെ തെളിവാണ് ഇതെന്നും താരത്തിന്റെ ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഈ ജാമ്യ ഹർജിയിൽ കോടതിയുടെ വിധി അടുത്ത ദിവസം ഉണ്ടാകും. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ദിലീപിനുണ്ട്. എന്നാൽ ഒരിക്കലും കിട്ടില്ലെന്ന് പ്രോസിക്യൂഷനും പറയുന്നു.

പൾസർ സുനി ക്വട്ടേഷൻ വിജയകരമായി നടപ്പാക്കിയിരുന്നെങ്കിൽ ദിലീപിന് 65 കോടിയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്ന് പൊലീസ് പറയുന്നു. കേസിലെ പത്താംപ്രതിയായ വിപിൻലാലിനോട് സുനി ക്വട്ടേഷൻ ഏറ്റെടുത്ത് ജയിലിൽ പോയാൽ മൂന്ന് കോടി തരാമെന്ന് പറഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണ്ണായക തെളിവായ ഫോൺ കണ്ടെത്താനായിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. നടിയെ ആക്രമിച്ച ശേഷം ഒന്നാം പ്രതി പൾസർ സുനി നടി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള ഓൺ െലെൻ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യിൽ എത്തി എന്ന നിർണായക മൊഴിയിൽനിന്നു സാക്ഷി പിന്മാറിയെന്നാണു പ്രോസിക്യൂഷൻ പറയുന്നത്. ലക്ഷ്യയിലെ മുൻജീവനക്കാരനാണു സാക്ഷി.

കാവ്യാ മാധവന്റെ ഡ്രൈവർ ലക്ഷ്യയിലെ ഈ മുൻ ജീവനക്കാരനെ 41 തവണ ഫോണിൽ വിളിച്ചെന്നും ഇയാളുടെ ആലപ്പുഴയിലുള്ള വീട്ടിൽ എത്തിയെന്നും ഇത്തരം ഇടപെടലുകളെ തുടർന്നാണു മൊഴിയിൽനിന്നു പിന്നോക്കം പോയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കൂറുമാറുന്ന ആദ്യസാക്ഷിയാണിത്. നടൻ, നിർമ്മാതാവ്, വിതരണക്കാരൻ, തീയറ്റർ ഉടമ എന്ന നിലയിലെല്ലാം സിനിമയിൽ നല്ല സ്വാധീനമുള്ള ആളാണ് ദിലീപെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നാലു സാക്ഷികളുടെ രഹസ്യമൊഴി റെക്കോഡ് ചെയ്തിട്ടുണ്ടെങ്കിലും കേസന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. നേരത്തേ കാവ്യാമാധവന്റെ മൂൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കയും ചെയ്തിരുന്നു. കേസിൽ ഗായിക റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷക സംഘത്തിന് കോടതിയുടെ അനുമതി. റിമിക്കു പുറമേ മറ്റു നാലുപേരുടെ കൂടി രഹസ്യമൊഴിയെടുക്കാനുള്ള ശ്രമവുമുണ്ട്.

മൊഴി പിന്നീട് മാറ്റാതിരിക്കുന്നതിനു വേണ്ടിയാണു രഹസ്യമൊഴിയെടുക്കുന്നത്. നാട്ടിലും വിദേശത്തും നടത്തിയ താരനിശയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എല്ലാവരിൽനിന്നു ശേഖരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയും കേസിൽ പ്രതിയാക്കപ്പെട്ടു ജയിലിൽ കഴിയുന്ന നടൻ ദിലീപും റിമി ടോമിയുടെ സൗഹൃദവലയത്തിനുള്ളിലുള്ളവരായിരുന്നു. നടനുൾപ്പെട്ട വിദേശയാത്രാ സംഘത്തിൽ റിമി ടോമിയും ഉൾപ്പെട്ടിരുന്നു. സംഭവത്തിനിരയായ നടിയോട് ദിലീപിന് വിരോധം തോന്നാനുള്ള കാരണങ്ങൾ റിമി ടോമിക്ക് വ്യക്തമായി അറിയാമെന്നാണ് അന്വേഷകസംഘം പറയുന്നത്. നേരത്തേ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങളും പൊലീസ് റിമിയോട് തിരക്കിയിരുന്നു. താരങ്ങളുടെ വിദേശ പരിപാടികളിൽ ആരൊക്കെയാണ് പങ്കെടുത്തതെന്നും മറ്റുമുള്ള വിവരങ്ങൾ പൊലീസ് തിരക്കുക മാത്രമാണ് അന്നു ചെയ്തതെന്നും റിമി വ്യക്തമാക്കിയിരുന്നു.