കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഇന്നു ഹൈക്കോടതി വിധി പറയില്ല. ജസ്റ്റീസ് സുനിൽ തോമസ് ഇന്ന് പരിഗണിക്കുന്ന കേസുകൾക്കൊപ്പം ദിലീപിന്റെ ഹർജി ഇല്ല. ഇതോടെയാണ് ഇന്ന് നടന്റെ മോചനം സാധ്യമാകില്ലെന്ന് വ്യക്തമാകുന്നത്. ഇതോടെ ദിലീപിന്റെ ആരാധകർ നിരാശയിലുമായി.

ജസ്റ്റീസ് സുനിൽ തോമസ് ജാമ്യഹർജിക്കിടെ നടത്തിയ പരാമർശങ്ങൾ നടന് അനുകൂലമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് കോടതി ജാമ്യം അനുവദിക്കുമെന്നും കരുതി. ദിലീപിന്റെ രാമലീല ഹിറ്റിലേക്ക് നീങ്ങുന്നതായാണ് സൂചന. ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ നടൻ പുറത്തു വരുന്നത് സിനിമാക്കാർക്കും ഫാൻസുകാർക്കും ആവേശമാകും. ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കുമൊപ്പം ചിത്രം കാണാൻ ദിലീപ് ഇന്ന് തിയേറ്ററിലെത്തുമെന്നും പ്രചരണമെത്തി. അനുകൂല വിധിയുണ്ടാകുമെന്നും താരത്തെ വരവേൽക്കാൻ തയ്യാറെടുക്കാനും ഫാൻസുകാർക്കെല്ലാം നിർദ്ദേശം കിട്ടി. ഈ പ്രതീക്ഷകൾക്കാണ് തിരിച്ചടിയുണ്ടാകുന്നത്. നാളെയെങ്കിലും ജാമ്യ ഹർജിയിൽ വിധി വരുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ സിനിമാക്കാർക്കും ആരാധകർക്കുമുള്ളത്.

ജാമ്യം കിട്ടാൻ ഏത് ഉപാധിയും അംഗീകരിക്കാമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ ദിലീപിനെ ജയിലിൽ നിന്ന് മോചിപ്പിക്കാനാവുന്ന തരത്തിൽ അതിവേഗം കാര്യങ്ങൾ അഭിഭാഷകർ നീക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതാണ് നിരാശ ഇരട്ടിക്കുന്നത്. ജയിൽ മോചിതനായാൽ ദിലീപ് കുടുംബാഗങ്ങളെ കണ്ട ശേഷം രാമലീല കാണാനെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇത്തവണ ദിലീപിന് ജാമ്യം നിഷേധിച്ചാൽ വിചാരണ തടവുകാരനായി ഏറെ നാൾ ജയിലിൽ കഴിയേണ്ടി വരും. രണ്ട് ദിവസത്തിനുള്ളിൽ കേസിൽ പൊലീസ് കുറ്റപത്രം നൽകും. ദിലീപ് പുറത്തിറങ്ങുന്നത് തടയാനാണ് ഇത്. നടനും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യഹർജിയും നാളെ കോടതി പരിഗണിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ദിലീപിനും സുഹൃത്തിനും നാളെ നിർണ്ണായകമാണ്.

അതിനിടെ ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചാൽ ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ നിന്നും പ്രമുഖ അഭിഭാഷകനെ രംഗത്തിറക്കാൻ സിനിമാ സംഘടനകൾ കരുനീക്കം തുടങ്ങി. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായി സിനിമാ രംഗത്തെ പ്രമുഖൻ ചർച്ച നടത്തി. ഡൽഹിയിൽ നേരിട്ടെത്തിയാണ് ഇദ്ദേഹം സുപ്രീം കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയത്. ദിലീപിനെ ജാമ്യത്തിലിറക്കാൻ സിനിമാ സംഘടനകൾ ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് കൂടിക്കാഴ്ച. ഹൈക്കോടതി വീണ്ടും ജാമ്യം തള്ളിയാൽ ഉടൻ സുപ്രീം കോടതിയെ സമീപിക്കും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് സോപാധിക ജാമ്യം ലഭിക്കും. ഇത് തടയാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. അതേസമയം കൂടുതൽ തെളിവുകൾ ശേഖരിക്കാതെ കുറ്റപത്രം സമർപ്പിക്കുന്നത് വിചാരണ വേളയിൽ തിരിച്ചടിയാകുമെന്ന അഭിപ്രായം അന്വേഷണ സംഘത്തിലുണ്ട്. അതിനാൽ ഇപ്പോൾ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ടെന്നും സൂചനയുണ്ട്.

ഹൈക്കോടതിയിൽ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹർജിയാണ് പരിഗണനയിലുള്ളത്. ദിലീപിന്റെ ഹർജിയിൽ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സുദീർഘമായ വാദങ്ങൾ കേട്ടിരുന്നു. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിലാണ് ദിലീപിന്റെ ജാമ്യഹർജിയിൽ വാദം കേട്ടത്. ജസ്റ്റിസ് പി. ഉബൈദാണ് നാദിർഷയുടെ ജാമ്യഹർജിയിൽ വിധി പറയുക. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിക്കാൻ ദിലീപ് തനിക്കു ക്വട്ടേഷൻ നൽകിയെന്നാണ് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴി. കേസിൽ ഈയാഴ്ചതന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് കേസിൽ ദിലീപിന്റെ ജാമ്യം തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നു. പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ആരോപിച്ചാണു പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യഹർജിയെ എതിർക്കുന്നത്.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവിൽപ്പനശാലയായ ലക്ഷ്യയിൽ നടിയെ ആക്രമിച്ചശേഷം പൾസർ സുനി വന്നിരുന്നുവെന്ന് ആദ്യം മൊഴി നൽകിയ ജീവനക്കാരൻ പിന്നീട് മൊഴി മാറ്റിയെന്നും പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടുന്നു. ജയിലിൽ കിടന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് ഈ സംഭവം ഉദ്ധരിച്ച് പ്രോസിക്യൂഷൻ വാദിച്ചത്. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂർത്തിയാകും. അതിനു മുമ്പേ കുറ്റപത്രം നൽകും. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടിയാണ് ദിലീപ് പൾസർ സുനിക്കു വാഗ്ദാനം ചെയ്തതെന്നും പിടിക്കപ്പെട്ടാൽ തുക മൂന്നു കോടിയാക്കുമെന്നും പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തു. അതേസമയം, കേസിൽ നിർണായകതെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ട് മെമ്മറി കാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ദൃശ്യങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ദൃശ്യം പകർത്തിയ ഫോൺ കണ്ടെടുക്കാനാകാത്ത് തന്നെയാണ് പ്രശ്‌നം. അതുകൊണ്ട് കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരും എന്നാണ് റിപ്പോർട്ടുകൾ.

കുറ്റപത്രത്തിൽ പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പൊലീസ്. ഇതോടെ വിചാരണ തീരും വരെ ദിലീപ് ജയിലിൽ കിടക്കുമെന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമം. അതിനിടെ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിക്കും. സമൂഹത്തിൽ സ്വാധീനമുള്ളവർ ഉൾപ്പെട്ട കേസെന്ന നിലയിൽ വിചാരണ നീണ്ടുപോകാതിരിക്കുന്നതിനും പ്രത്യേകകോടതിയുടെ സേവനം ഉപകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രിയാണ് പൾസർ സുനിയുടെ നേതൃത്വത്തിൽ ആറംഗസംഘം നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ദിലീപിൽ ആരോപിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കാനായെന്നാണ് പൊലീസ് വിലയിരുത്തൽ.

കേസിൽ കാവ്യ മാധവൻ പ്രതിയാകില്ല. നാദിർഷായേയും വെറുതെ വിടാനാണ് സാധ്യത. പൾസർ സുനി ഒന്നാംപ്രതിയും ദിലീപ് രണ്ടാംപ്രതിയുമായാണ് പൊലീസ് കുറ്റപത്രം നൽകുക. സുനിചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചിരുന്നുവെന്നാണ് സുനിയുടെ മൊഴി. സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈൽ ഫോണിന്റെയും മെമ്മറി കാർഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയിൽ എത്തിയിട്ടുണ്ട്. സുനി പകർത്തിയ വിവാദ ദൃശ്യത്തിന്റെ പകർപ്പ് മാസങ്ങൾക്കുമുമ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒർജിനൽ ഇല്ലെങ്കിലും പീഡനം തെളിയിക്കാനാകും. ക്രൂരമായ പീഡനം വെളിപ്പെടുന്ന ഈ ദൃശ്യം കോടതിയിൽ പ്രധാന തെളിവാകും. മൊബൈൽ ഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തിൽ ഇതൊഴിവാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനം.