കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിക്കും. കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോൾ 11-ാം പ്രതിയായ ദിലീപിനെ പുതിയ കുറ്റപത്രത്തിൽ രണ്ടാം പ്രതിയാക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒന്നാം പ്രതിയാക്കാനാണ് നീക്കം.

സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവരുൾപ്പെടെ നാലുപേരുടെ രഹസ്യമൊഴി മജിസ്ട്രേട്ടുമുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഇവർ പിന്നീട് മൊഴിമാറ്റാതിരിക്കാനാണിത്. ഈ മൊഴികൾ ദിലീപിന് നിർണ്ണായകമാകും. ആക്രമണത്തിന് ഇരയായ നടിയുെ ദിലീപും തമ്മിലെ വൈരാഗ്യം വ്യക്തമാക്കാനാണ് റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തിയത്. ദിലീപുമായി അടുത്ത ബന്ധം പൾസറിനുണ്ടെന്ന് അമ്മയും വിശദീകരിച്ചിട്ടുണ്ട്

ഇതിന്റെ തുടരന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ തടസ്സമില്ലെന്ന് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേർന്നശേഷമേ അന്തിമനിഗമനത്തിലെത്തൂ. നേരിയ സൂചനകൾപോലും പുറത്തുപോകരുതെന്ന നിർബന്ധത്തിലാണ് അന്വേഷണസംഘം. കുറ്റപത്രം സമർപ്പിച്ചാലും വിലപ്പെട്ട രേഖകൾ പ്രതിഭാഗത്തിനു നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കിട്ടാത്തതിനാൽ ഇക്കാര്യം കോടതിയെ അറിയിക്കും. ഫെബ്രുവരി 17-നാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. പ്രത്യേക കോടതിയെന്ന ആവശ്യവും പരിഗണിക്കും.

ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് പൾസർ സുനിയും സംഘവും ഈ ഹീനകൃത്യം ചെയ്തതെന്ന് സ്ഥാപിക്കാനാണ് പൊലീസിന്റെ ശ്രമം. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ, ഐ.ടി. ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങി സുനിയുടെ പേരിൽ ചുമത്തിയ എല്ലാ കുറ്റങ്ങളും ദിലീപിലും ചുമത്തുമെന്നാണ് അറിയുന്നത്. ഈ തെളിവുകളെല്ലാം ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരിശോധിക്കും. എല്ലാവരുടെയും മൊഴികൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. സൈബർ തെളിവുകൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, സാഹചര്യത്തെളിവുകൾ, കുറ്റസമ്മതമൊഴികൾ, സാക്ഷിമൊഴികൾ, രഹസ്യമൊഴികൾ എന്നിവയെയാണ് അന്വേഷനത്തിനിടെ പൊലീസ് ശേഖരിച്ചത്. ഇതിലെല്ലാം ദിലീപിനെതിരായ അതിശക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പൾസർ സുനിയെ ഒന്നാം പ്രതിയാക്കി നേരത്തേ അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. സംഭവത്തിൽ ഗൂഢാലോചന നടത്തിയതു കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തുല്യമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം. ദിലീപ് ഒന്നാം പ്രതിയാകുമ്പോൾ പൾസർ സുനി രണ്ടാംപ്രതിയുമാകും. പ്രതിപ്പട്ടിക സംബന്ധിച്ച് ഇന്ന് ആലുവയിൽ ചേരുന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിൽ തീരുമാനമുണ്ടാകും. നിയമവിദഗ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ നടക്കുന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചേക്കും. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലാണു യോഗം. നിലവിൽ ദിലീപ് പതിനൊന്നാം പ്രതിയും സുനിൽകുമാർ എന്ന പൾസർ സുനി ഒന്നാം പ്രതിയുമാണ്.

പ്രധാന തെളിവൊന്നും ദിലീപിന്റെ വക്കീലിന് നൽകാതിരിക്കാനാണ് നീക്കം. പ്രത്യേകിച്ച് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യം. പീഡനം നടന്നുവെന്നതിന് നിർണ്ണായകമാണ് ഈ ദൃശ്യം. ഇത് ചോരുമോ എന്ന ഭയം കാരണമാകും ഇത് നൽകരുതെന്ന് ആവശ്യപ്പെടുക. ഇതിനെ ദിലീപിനായി ഹാജരാകുന്ന ബി രാമൻപിള്ള എതിർക്കും. എല്ലാ തെളിവും വേണമെന്ന് ആവശ്യപ്പെടും. ഇക്കാര്യത്തിൽ കോടതിയുടെ നിലപാടും നിർണ്ണായകമാകും. പ്രത്യേക കോടതി സ്ഥാപിക്കാനുള്ള സർക്കാർ നടപടി യാഥാർത്ഥ്യമായാൽ വിചാരണ അതിവേഗം തീരും. അങ്ങനെ വന്നാൽ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി ആറുമാസത്തിനകം വിധിക്കാനാണ് സാധ്യത. ഇതിനുള്ള നടപടിക്രമങ്ങളും പ്രോസിക്യൂഷൻ വേഗത്തിലാക്കും.

അതിനിടെ കുറ്റപത്രം സമർപ്പിച്ചാൽ ദിലീപ് ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെടും. അത് അംഗീകരിച്ചാൽ അതോടെ നടിയെ ആക്രമിച്ച കേസും തീരും. ഇത്തരമൊരു വിധി കോടതിയ പുറപ്പെടുവിച്ചാൽ പ്രോസിക്യൂഷൻ സുപ്രീംകോടതിയിലും പോകും. ഇത്തരം നൂലാമാലകളെല്ലാം പരിശോധിച്ചാകും പൊലീസ് ദിലീപിന്റെ കുറ്റപത്രം അന്തിമമായി തയ്യാറാക്കുക. അതിനിടെ രാമലീല വമ്പൻ വിജയമായതിന്റെ ആത്മവിശ്വാസം ദിലീപ് ക്യാമ്പിനുണ്ട്.

ആകെ 11 പ്രതികളുള്ള കുറ്റപത്രത്തിൽ 26 രഹസ്യമൊഴികളുമുണ്ട്. സുനിൽകുമാർ അടക്കം കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികൾക്കു നടിയോടു മുൻെവെരാഗ്യമില്ലെന്നതാണ് അന്വേഷണസംഘം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മുൻ വൈരാഗ്യം മൂലം ദിലീപാണു ക്വട്ടേഷൻ സംഘത്തെ നടിയെ ആക്രമിക്കാൻ നിയോഗിച്ചത്. ദിലീപിന്റെ മേൽനോട്ടത്തിലാണു കൃത്യം നടപ്പാക്കിയത്. അതിനാൽ നേരിട്ടു പങ്കെടുത്തതിനു തുല്യമാണു ഗൂഢാലോചനയെന്നു നിയമോപദേശം ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്.

കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകളാവും ദിലീപിനെതിരേ ചുമത്തുക. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന.