കൊച്ചി: നടൻ ദിലീപിനെതിരെ പൊലീസ് ഉടനൊന്നും കുറ്റപത്രം നൽകില്ല. കേസിൽ തെളിവായി എടുത്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറുകളുടെ വിശദാംശങ്ങൾ ലഭിക്കാൻ വൈകുന്നതാണു ഇതിന് കാരണം. കളമശേരി എ.ആർ. ക്യാമ്പിലെ പൊലീസുകാരൻ പി.കെ. അനീഷിന്റെ ഫോണിൽനിന്നു പൾസർ സുനി വിളിച്ച നമ്പർ, കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തിലെ നമ്പർ, സംവിധായകൻ നാദിർഷ, അപ്പുണ്ണി, ദിലീപ്, കാവ്യ, രമ്യാ നമ്പീശൻ, മറ്റു സുഹൃത്തുക്കൾ തുടങ്ങിയവരുടെ ഫോൺ നമ്പറുകളുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട വിവരമറിയാൻ സംഭവദിവസം രാത്രി ദിലീപ് പലവട്ടം നടി രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് വിളിച്ചെന്നാണു മൊഴി. സംഭവത്തിനു രണ്ടുനാൾ മുമ്പ് സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിലായിരുന്നുവെന്നതാണു മറ്റൊരു പ്രധാന തെളിവ്. പൾസർ സുനിയുടെയും ദിലീപിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ സംഭാഷണങ്ങൾക്കും തെളിവ് വേണം. ചോദ്യം ചെയ്‌ലിൽ ദിലീപ് പറഞ്ഞതിലെ പൊരുത്തക്കേടുകൾ തെളിയിക്കാൻ ഫോൺ തെളിവ് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് വിശദാംശങ്ങൾക്ക് പ്രസക്തി ഏറുന്നത്. ഇത് കിട്ടിയാൽ മാത്രമേ കുറ്റപത്രം തയ്യാറാക്കാനാകൂ.

ദിലീപ് നടി രമ്യാനമ്പീശന്റെ വീട്ടിലേക്ക് വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ചോഫ് ആയതിനാൽ വീട്ടിലെ നമ്പറിലേക്കു വിളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷൻ തന്നയാൾ രാവിലെ പത്തുമണിക്കകം ആക്രമിക്കപ്പെട്ട നടിയെ വിളിക്കുമെന്ന് ആക്രമണസമയത്ത് സുനി നടിയോട് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും രമ്യാനമ്പീശനും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്ന് പൊലീസ് കരുതുന്നു. രാത്രി 12.30 വരെ ദിലീപ് പലരെയും വിളിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സംശയകരമായ വിളികളുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനെല്ലാം തെളിവുകൾ ആവശ്യമുണ്ട്.

ബി.എസ്.എൻ.എലിനു പുറമേ സ്വകാര്യ മൊബൈൽ സേവനദാതാക്കളിൽനിന്നും വിവരങ്ങൾതേടി അന്വേഷണസംഘം കത്തു നൽകിയിട്ടുണ്ട്. ഒരു ഫോൺ നമ്പറുമായി ബന്ധപ്പെട്ട അഞ്ചു കാര്യങ്ങളാണു സേവനദാതാക്കളോടു പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചിന്റെയും സർട്ടിഫൈഡ് പകർപ്പും നൽകണം. ഇവയെല്ലാം തയാറാക്കാൻ കൂടുതൽ സമയം ആവശ്യമാണ്. മുപ്പതോളം ഫോൺ നമ്പറുകളുടെ വിവരങ്ങളാണു ശേഖരിക്കേണ്ടത്. ഓരോ ഫോൺ നമ്പറിനെ സംബന്ധിച്ചും ഓരോ മഹസർ വീതം എഴുതണമെന്നതാണു മറ്റൊരു കീറാമുട്ടി. പന്ത്രണ്ടു പേജുവീതം വരുന്ന ഒരു കൈയെഴുത്തു മഹസർ തയാറാക്കാൻ ഒരു ദിവസമെങ്കിലും വേണമെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെയും സംവിധായകൻ നാദിർഷായെയും പൊലീസ് സാക്ഷികളാക്കമെന്നും സൂചനയുണ്ട്. ഇരുവരെയും പ്രതികളാക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇവരെ സാക്ഷികളാക്കിയെന്നാണ് വിവരം. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും സാക്ഷിപ്പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ അപ്പുണ്ണി കൊടുത്ത മൊഴി ദിലീപിനെതിരെ ഉപയോഗിച്ചേക്കും. മഞ്ജു വാര്യരും കേസിൽ സാക്ഷിയാകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ഇതുവരെ മഞ്ജു പൊലീസിന് നൽകിയിട്ടില്ല. സാക്ഷികളുടെ കാര്യത്തിൽ തീരുമാനം എടുത്ത ശേഷമേ കുറ്റപത്രം തയ്യാറാക്കാൻ കഴിയൂ. ഇതും നടപടികളെ വൈകിപ്പിക്കുന്നുണ്ട്.

ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. മൊത്തം 26 രഹസ്യമൊഴികളും ഇരുപത് സുപ്രധാന തെളിവുകളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിക്കും. നിലവിൽ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രത്തിൽ ഏഴാം പ്രതിയാക്കിയേക്കുമെന്നാണ് സൂചന. ചിലർ ദിലീപിനെ ഒന്നാം പ്രതിയാക്കണമെന്നും ആവശ്യപ്പെടുന്നു. ദിലീപിനെ പ്രതിപ്പട്ടികയിൽ എവിടെ ചേർക്കണമെന്ന കാര്യത്തിൽ തീരുമാനമാകാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇതും കുറ്റപത്രം വൈകാൻ കാരണമാണ്. നിലവിൽ കേസിൽ 11ാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തയാറാക്കുന്ന കുറ്റപത്രം പഴുതടച്ചുള്ളതാണെന്ന് ഉറപ്പാക്കാനാണ് പൊലീസ് ശ്രമം. ഇതിനായി ദിലീപിനെതിരെ പരമാവധി തെളിവുകൾ നിരത്തി ഗൂഢാലോചന തെളിയിക്കും.

കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാർ രക്ഷപ്പെടാൻ വഴിവെക്കുമെന്ന ബോധ്യം അന്വേഷണ സംഘത്തിനുണ്ട്. ഇത് സർക്കാരിന് പോലും തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കരുതലുകൾ എടുക്കുന്നത്. ദിലീപിനെതിരെ തെളിവുകൾ ഉറപ്പിക്കാനായി സമാനമായ ഉപതെളിവുകളും ശേഖരിച്ചിട്ടുണ്ട്. സുനിയുടെ അമ്മയുടെ ബാങ്ക് ബാലൻസിന്റെ വിവരങ്ങളാണ് ഏറ്റവുമൊടുവിൽ ശേഖരിച്ച തെളിവ്. പണം വന്ന വഴി കൃത്യമായി പറയാൻ സുനിയുടെ അമ്മയ്ക്കായില്ല. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കാര്യങ്ങൾ സമ്മതിക്കുകയും ചെയ്തു. ഇതും നിർണായക തെളിവായേക്കും.

കേസിലെ സുപ്രധാന തെളിവുകളിലൊന്നായ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് പൊലീസിന്റെ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. എന്നാൽ, ഫോൺ നശിപ്പിക്കപ്പെട്ടിരിക്കാമെന്നും അതിനാലാണ് കണ്ടെത്താനാവാത്തതെന്നുമുള്ള നിലപാടിലാണ് പൊലീസ്. ഫോണിന് പകരമായി നിരവധി ശാസ്ത്രീയ തെളിവുകൾ നിരത്തിയിട്ടുണ്ട്.