കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ തന്നെ. കേസിൽ അടുത്തമാസം തന്നെ അവസാനഘട്ട കുറ്റപത്രം നൽകാനും ഇതിനൊപ്പം തന്നെ കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടാനും അന്വേഷണ സംഘം തീരുമാനിച്ചു. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിനെ ഒന്നാംപ്രതി ആക്കിയേക്കുമെന്ന സൂചനകൾ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നിർണായകമായ ഒരു സാക്ഷിമൊഴി കൂടി ലഭിച്ചതായും ഇക്കാര്യം കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന്റെ നിർണായക യോഗത്തിൽ ചർച്ചചെയ്തതായുമാണ് വിവരം. കേസിൽ തെളിവുശേഖരണവും സാക്ഷിമൊഴികൾ രേഖപ്പെടുത്തലും ഏതാണ്ട് പൂർത്തിയായെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചതുകൂടി കണക്കിലെടുത്താണ് ദിലീപിന് ജാമ്യം ലഭിച്ചത്. ദിലീപ് അറസ്റ്റിലായി 90 ദിവസം പൂർത്തിയാകും മുമ്പ് കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരുന്നതെങ്കിലും 85-ാം ദിവസം ജാമ്യം ലഭിച്ചതോടെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കുറച്ചുകൂടി സാവകാശം ലഭിക്കുന്ന സ്ഥിതി ഉണ്ടായി.

ഇതോടെ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാൻ അന്തിമഘട്ടത്തിൽ കൂടുതൽ അനുബന്ധ തെളിവുകൾ കൂടി പൊലീസ് ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ നൽകിയ കുറ്റപത്രത്തിന് അനുബന്ധമായുള്ള കുറ്റപത്രം അടുത്തമാസം തന്നെ നൽകിയേക്കുമെന്നാണ് സൂചനകൾ. ഇതോടൊപ്പം നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടും. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണായക സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ ആത്മവിശ്വാസത്തിലാണ് പൊലീസും പ്രൊസിക്യഷനും.

കുറ്റംചെയ്തവർ എത്ര വലിയവനായാലും രക്ഷപ്പെടില്ലെന്ന് വ്യക്തമാക്കിയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം നടന്നതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ദേശീയ ശ്രദ്ധ നേടിയ കേസ് ആയതിനാൽ തന്നെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നത് സർക്കാരിന്റെ പ്രതിച്ഛായയേയും ബാധിക്കും. അതിനാൽ പഴുതുകളെല്ലാം അടച്ചുള്ള കുറ്റപത്രം ഒരുക്കാനാണ് ഡിജിപിയോടും അന്വേഷണ സംഘത്തോടും സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം അന്വേഷണ സംഘം കൈക്കൊണ്ടിട്ടില്ല. ഇക്കാര്യത്തിൽ അനുകൂല നിയമോപദേശമാണ് ആദ്യം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർണായക യോഗവും ചേർന്നിരുന്നു. ഇക്കാര്യത്തിൽ സെക്കന്റ് ഒപ്പീനിയൻ കൂടി തേടിയ ശേഷമേ തീരുമാനമെടുക്കൂ.

നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നുവെന്നും ഇത് കുറ്റകൃത്യത്തിൽ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കണക്കാക്കാമെന്നുമാണ് അന്വേഷണസംഘം പറയുന്നത്. കുറ്റം ചെയ്തയാളും, കുറ്റം ചെയ്യാൻ നിർബന്ധിച്ചയാളും തമ്മിൽ വ്യത്യാസമില്ലെന്നും, അതിനാൽ ദിലീപ് ഒന്നാം പ്രതിയും,പൾസർ സുനി രണ്ടാം പ്രതിയായേക്കുമെന്നും ആണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണസംഘം നിർണായക യോഗം ചേർന്നത്.

കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു തൃശൂരിൽ നിന്നും കൊച്ചിയിലേയ്ക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 23 ന് സംഭവവുമായി ബന്ധപ്പെട്ട് പൾസർ സുനി പിടിയിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്ന രീതിയിൽ പൊലീസ് അന്വേഷണം ശക്തമാകുന്നതും ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്യുന്നതും. ജൂലൈ പത്തിനാണ് ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് 85 ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ച് ദിലീപ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

നിലവിൽ പുറത്തുവന്നതിനേക്കാൾ കൂടുതൽ തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനകളാണ് പൊലീസിൽ നിന്ന ലഭിക്കുന്നത്. ക്വട്ടേഷൻ പ്രതിഫലമായി പൾസറിന്റെ വീട്ടിൽ പണം എത്തിയെന്ന് തെളിവുകൾ സഹിതം ഉറപ്പുവരുത്താനും പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്കെതിരെ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഗൂഢാലോചനയ്ക്ക് പുറമെ കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയായിരിക്കും ദിലീപിനെതിരെ കുറ്റപത്രം.

അതേസമയം, നിരപരാധിത്വം തെളിയിക്കാൻ അലിബി ചട്ടത്തെ പ്രതിഭാഗം കൂട്ടുപിടിച്ചേക്കും എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇന്ത്യൻ തെളിവുനിയമത്തിലെ 11-ാം വകുപ്പ് അനുസരിച്ചു പ്രതിക്കു നിരപരാധിത്വം തെളിയിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് അലിബി ചട്ടം . കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാനായാൽ ശിക്ഷയിൽ നിന്ന് രക്ഷനേടാം.

കേസിൽ നടൻ ദിലീപും പൾസറും തമ്മിൽ ഗൂഢാലോചന നടത്തിയതായി പൊലീസ് ഉന്നയിക്കുന്ന ദിവസങ്ങളും സ്ഥലങ്ങളും ബന്ധപ്പെടുത്തി ദിലീപ് അവിടെ ഉണ്ടായിരുന്നില്ലെന്നും ആ സമയത്ത് മറ്റൊരിടത്തായിരുന്നു എന്നും തെളിയിക്കാനായാലേ ഇതിന് സാധുത ലഭിക്കൂ. എന്നാൽ ഇതിനായി നടന്ന നീക്കങ്ങൾ പൊലീസ് പൊളിക്കുകയും ചെയ്തിരുന്നു. അതേസമയം ദിലീപിനെ രക്ഷിക്കാൻ പ്രൊസിക്യൂഷനെതിരെ പ്രതിഭാഗം അഭിഭാഷകർ എന്തെല്ലാം വാദങ്ങൾ നിരത്തിയാലും അതിനെ ചെറുക്കാനാകുമെന്ന തരത്തിൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട് അന്വേഷണ സംഘം എന്നാണ് വിവരം.

ദിലീപും പൾസറും ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് വ്യക്തമാക്കുന്ന നാലു സന്ദർഭങ്ങളാണ് പൊലീസ് കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1- 2013 മാർച്ച് 26 നും ഏപ്രിൽ ഏഴിനും എറണാകുളത്തെ ഹോട്ടൽ അബാദ് പ്ലാസയിലെ 410 ാം നമ്പർ മുറിയിൽ രാത്രി ഏഴിനും ഒൻപതിനും ഇടയിൽ. 2- 2016 നവംബർ എട്ട്: എറണാകുളം തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലെ സിനിമാ ഷൂട്ടിങ് സ്ഥലം. 3- 2016 നവംബർ 13: തൃശൂർ കിണറ്റിങ്കൽ ടെന്നിസ് ക്ലബിൽ നിർത്തിയിട്ട കാരവനു സമീപത്തുവച്ച്. 4- 2016 നവംബർ 14: തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച്.

ഇതിന് പുറമെ കുറ്റകൃത്യത്തിനുശേഷം 2017 ഏപ്രിൽ 21 ന് സുനിൽ എറണാകുളം ജില്ലാ ജയിലിനുള്ളിലെ കോയിൻ ബൂത്തിൽനിന്നു ദിലീപിന്റെ ഡ്രൈവറും സഹായിയുമായ അപ്പുണ്ണിയെ ഫോണിൽ വിളിച്ചു സംസാരിക്കുമ്പോൾ ദിലീപ് സമീപമുണ്ടായിരുന്നുവെന്നും അപ്പോഴും സുനിലും ദിലീപും ക്വട്ടേഷൻ തുക സംബന്ധിച്ച് സംസാരിച്ചു എന്നുമുള്ള വാദങ്ങളും പ്രൊസിക്യൂഷൻ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ സംഭവം നടക്കുമ്പോൾ ദിലീപും അപ്പുണ്ണിയും ഉണ്ടായിരുന്ന ലൊക്കേഷൻ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.