കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം പൊലീസ് രണ്ട് ദിവസത്തികം കൊടുക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുറുകുമ്പോൾ നടൻ ദിലീപ് ഒന്നിലും സജീവമാകാതെ വീട്ടിൽ ഇരിപ്പാണ്. പഴയ ഇടപെടൽ നടനില്ല. ക്ഷേത്ര ദർശനത്തോട് മാത്രമാണ് താൽപ്പര്യം. ജയിലിൽ കഴിയുമ്പോൾ ദിലീപ് ശബരിമല ദർശനത്തിന് വൃതം എടുത്തിരുന്നു. ഇപ്പോഴും ഇത് തുടരുകയാണെന്നാണ് സൂചന. താടി എടുക്കാൻ ഇനിയും താരം തയ്യാറായിട്ടില്ല. ക്ഷേത്ര ദർശനം തുടരുന്നതു കൊണ്ടാണിതെന്നാണ് പുറം ലോകത്ത് ലഭിക്കുന്ന സൂചന. ദിലീപിന്റെ കമ്മാര സംഭവം സിനിമ പാതി ഷൂട്ട് ചെയ്ത അവസ്ഥയിലാണ്. ഇതിൽ നടൻ ഉടൻ സജീവമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതുവരേയും ഷൂട്ടിങ് സെറ്റിൽ താരമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വിടാതെ പിന്തുടരുന്നത് നടനെ അലട്ടുന്നുണ്ടെന്നാണ് സൂചന.

ദിലീപിനെതിരെ കൂടുതൽ കുരുക്ക് ഒരുക്കി പൊലീസ് നീങ്ങുകയാണ്. കേസിലെ പത്താം പ്രതി വിപിൻ ലാലിനെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്നലെ അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ച വിപിൻലാലിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിൽ ദിലീപിന്റെ പങ്ക് പൾസർ സുനി വിപിൻലാലിനോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണക്ക് കൂട്ടൽ. ഇതേത്തുടർന്നാണ് കൂറുമാറാതിരിക്കാൻ രഹസ്യമൊഴി രേഖപ്പെടുത്തിയത്. സഹതടവുകാരനായ പൾസർ സുനിക്ക് ജയിലിൽ വെച്ച് കത്തെഴുതി നൽകിയത് വിപിൻലാലാണ്. ഇത് ദിലീപിന് കടുത്ത തിരിച്ചടിയാണ്. വിപിൻലാൽ കത്തിനെ തുടർന്നാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്. തന്നെ പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി ദിലീപ് ഡിജിപിക്ക് പരാതി നൽകിയതും ഈ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ദിലീപിനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു സാക്ഷിമൊഴിയടക്കം മൂന്നു തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് ഇത്. അതിനിടെ മുഖ്യസാക്ഷികളിൽ ഒരാൾ മൊഴി മാറ്റിയതിന് പിന്നിൽ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണെന്ന ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയതായാണ് സൂചന. അഭിഭാഷകനും സാക്ഷിയും ആലപ്പുഴയിൽ ഒരുമിച്ചുണ്ടായിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകുന്നതിന് മുമ്പ് ഇവർ ആലപ്പുഴയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന് മുമ്പ് പൾസർ സുനിയും വിജേഷും ലക്ഷ്യയിൽ ബൈക്കിൽ വന്ന് കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചുവെന്നും ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോൾ, ഇവർ മടങ്ങിപ്പോയി എന്നും ഇയാൾ നേരത്തെ മൊഴി നൽകിയിരുന്നു. ഈ മൊഴിമാറ്റൽ കാരണമാണ് കാവ്യയേയും നാദിർഷായേയും കേസിൽ പ്രതിചേർക്കാൻ പൊലീസ് കഴിയാത്തത്.

നേരത്തെ ജയിലിൽ നിന്നും പൾസർ സുനി ദിലീപിന് അയച്ച കത്തിലും, താൻ ലക്ഷ്യയിൽ വന്നിരുന്നെന്നും, എന്നാൽ ദിലീപ് അവിടെ ഇല്ല എന്നറിഞ്ഞതിനെ തുടർന്ന് മടങ്ങിപ്പോയ കാര്യം സൂചിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിൽ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. നേരത്തെ കാവ്യമാധവന്റെ ഡ്രൈവറുടെ ഫോണിൽ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോൺ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വിവരം പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഇയാൾ മൊഴിമാറ്റാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. ഇയാൾ പ്രതീക്ഷിച്ചത് പോലെ മൊഴി മാറ്റുകയും ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിൽ ലക്ഷ്യയിൽ അന്നേദിവസം സുനിൽകുമാറോ വിജേഷോ വന്നിട്ടില്ലെന്നും താൻ കണ്ടിട്ടില്ലെന്നുമാണ് സാക്ഷി പറഞ്ഞിട്ടുള്ളത്. അതേസമയം പൾസർ സുനിയെ കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ച മറ്റൊരു പ്രതി ചാർളിയും മജിസ്ട്രേറ്റിനു മുന്നിൽ മൊഴിമാറ്റിയെന്നു സൂചനയുണ്ട്.

എന്നാൽ ഇപ്പോഴുള്ള മൊഴിമാറ്റങ്ങൾ കേസിനെ ബാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. മൊഴിമാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് മനസ്സിലാക്കി അന്വേഷണസംഘം മുൻകരുതൽ എടുത്തിരുന്നു. എല്ലാവരുടെയും മൊഴികൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. വേറെയും തെളിവുകളുണ്ട്. ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന ആരോപണം പൊളിക്കാനുള്ള തെളിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജയിലിൽ സുനിക്കു ഫോണും സിംകാർഡും എത്തിച്ചുകൊടുത്ത ഇടപ്പള്ളി സ്വദേശി വിഷ്ണു, ജയിലിലും പുറത്തും ഈ ഫോണുപയോഗിച്ച മേസ്തിരി സുനിൽ, കത്തെഴുതാൻ സഹായിച്ച സഹതടവുകാരനായ വിപിൻലാൽ എന്നിവരിൽ രണ്ടുപേരെ മാപ്പുസാക്ഷിയാക്കാനാണു നീക്കം പൊലീസ് നടത്തിയത്. സാക്ഷികളിൽ ചിലർ കൂറുമാറാൻ സാധ്യതയുണ്ടെന്നു പൊലീസ് കരുതുന്നു. നാദിർഷ, കാവ്യാമാധവൻ, സിദ്ദിഖ്, റിമി ടോമി തുടങ്ങിയ സാക്ഷികൾ വിചാരണയിൽ മൊഴിമാറ്റിയേക്കാം. മഞ്ജു വാര്യർ സാക്ഷിയാകാൻ താൽപ്പര്യക്കുറവും കാട്ടുന്നു.

കേസിൽ കൂറുമാറുന്നവരെ പ്രതിയാക്കി കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. സുനിയെ ഫോൺ വിളിക്കാൻ സഹായിച്ച കളമശേരി ക്യാമ്പിലെ അനീഷ് എന്ന പൊലീസുകാരനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം കോടതി അനുവദിക്കാത്തതിനാൽ നടന്നില്ല. കേസിൽ ഇയാളെ പ്രതിയാക്കേണ്ടതായും വന്നിട്ടുണ്ട്. പ്രതിക്കു ഫോൺ നൽകിയതു വിവരങ്ങൾ ചോർത്തി അന്വേഷണസംഘത്തിനു കൈമാറാനായിരുന്നുവെന്നാണ് അനീഷിന്റെ വാദം. പക്ഷേ പൊലീസ് ഇതു മുഖവിലയ്ക്കെടുത്തില്ല. ദിലീപിനു കേസിൽ നേരിട്ടു ബന്ധമില്ലെന്നിരിക്കേ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമാണ് ഈ കേസുമായി നടനെ ബന്ധിപ്പിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഈ തെളിവുകളെല്ലാം നടനെതിരേയാണെന്ന ഉറച്ച നിലപാടിലുമാണു പൊലീസ്. നടി മഞ്ജു വാര്യരിൽനിന്നു രണ്ടുതവണ പൊലീസ് വിവരശേഖരണം നടത്തിയെങ്കിലും സാക്ഷിയാവാൻ താൽപര്യമില്ലെന്നാണ് അവർ അറിയിച്ചത്. അതുകൊണ്ട് തന്നെ മഞ്ജുവിനെ സാക്ഷിപ്പട്ടിയിൽ ഉൾപ്പെടുത്തില്ല.

ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം നവംബർ അഞ്ച് മുതൽ ചെന്നൈയിൽ തുടങ്ങുമെന്നാണ് സൂചന. ദിലീപ് അഞ്ചിന് തന്നെ ജോയിൻ ചെയ്യുമെന്ന് സംവിധായകൻ രതീഷ് അമ്പാട്ട് അറിയിച്ചിണ്ട്. ഇതിനിടെയാണ് കുറ്റപത്രം തയ്യാറാകുന്നുവെന്ന വാർത്ത നടനെ അലോസരപ്പെടുത്തുന്നത്. കുറ്റപത്രത്തിൽ പല രഹസ്യങ്ങളുമുണ്ടെന്നാണ് സൂചന. ഇതെല്ലാം പുറത്തു വരുന്നത് ദിലീപിനെ അലോസരപ്പെടുത്തുന്നുണ്ട്. കമ്മാരസംഭവത്തിൽ ചെന്നൈയിൽ രണ്ടാഴ്ചത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. തുടർന്ന് തേനിയിലേക്ക് ഷിഫ്ട് ചെയ്യും. ചേർത്തലയിലും തിരുവനന്തപുരത്തും കമ്മാരസംഭവത്തിന്റെ രണ്ട് ദിവസത്തെ ചിത്രീകരണമുണ്ട്. ദിലീപും തമിഴ് താരം സിദ്ധാർത്ഥുമൊരുമിച്ചുള്ള രംഗങ്ങളാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. നടന്റെ മാനസികാവസ്ഥയിൽ ഷൂട്ടിങ് നടക്കുമോ എന്ന സംശയം സിനിമാ ലോകത്ത് സജീവമാണ്.

ശ്രീ ഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കമ്മാര സംഭവത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ദിലീപിനും സിദ്ധാർത്ഥിനുമൊപ്പം മുരളി ഗോപിയും ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. നമിതാ പ്രമോദാണ് നായിക. മണിക്കുട്ടനും താരനിരയിലുണ്ട്. പരസ്യചിത്രങ്ങളിലൂടെ പ്രസിദ്ധനായ സുനിൽ കെ. എസ്.ആണ് കമ്മാരസംഭവത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വേങ്ങരയിൽ നടന്ന ഉപതിരഞ്ഞെടുപ്പ് കമ്മാരസംഭവത്തിന് വേണ്ടി ചിത്രീകരിച്ചിരുന്നു. വിഷുവിനാണ് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.