കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. കേസിൽ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിദേശത്തു പോകാൻ പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പൊലീസിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ ദുബായ് യാത്രയെ പ്രോസിക്യൂഷൻ എതിർക്കും. തെളിവ് നശീകരണത്തിനുള്ള യാ്ത്രയാണിതെന്ന് പൊലീസ് കോടതിയെ അറിയിക്കും.

ഗൂഢാലോചനയിൽ ദിലീപിനെയും പൾസർ സുനിയെയും മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. കുറ്റപത്രത്തിൽ മുന്നൂറിലേറെ സാക്ഷികളുണ്ട്. 450 ൽ അധികം രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും സുഹൃത്ത് നാദിർഷായും കേസിൽ പ്രതികളാകില്ല. മാനേജർ അപ്പുണ്ണിക്കെതിരേയും പൊലീസ് കുറ്റം ചുമത്തില്ല. ഈ കുറ്റപത്രത്തിലും പുനരന്വേഷണത്തിന്റെ സാധ്യത പൊലീസ് സജീവമായി നിലനിർത്തും.

ഗൂഢാലോചനയിൽ വമ്പൻ സ്രാവിന്റെ പങ്കാളിത്തമുണ്ടെന്ന സംശയം സജീവമാണ്. ഇതേ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഭാവിയിൽ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തിലും തുടരന്വേഷണം നടക്കുന്നുവെന്ന് കോടതിയെ പൊലീസ് ധരിപ്പിക്കുന്നത്. അങ്കമാലി കോടതിയിലാകും കുറ്റപത്രം നൽകുക. വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കുന്നതും പൊലീസിന്റെ ആവശ്യമായി കോടതിക്ക് മുമ്പിലെത്തും.

ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർത്താനും അന്വേഷണസംഘം തീരുമാനിച്ചു. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുള്ളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി രണ്ടാംഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. ദിലീപിനെ ഒന്നാം പ്രതിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേസിനെ അത് കൂടുതൽ സങ്കിർണമാക്കും എന്ന വിലയിരുത്തലിലാണ് എട്ടാം പ്രതിയാക്കിയത്.

നേരത്തെ ചുമത്തിയ ഗൂഢാലോചന, കൂട്ടബലാൽസംഗം തുടങ്ങിയ കുറ്റങ്ങൾ ദിലീപിനിതെരെ കുറ്റപത്രത്തിലും ചുമത്തിയിട്ടുണ്ട്. ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തൽ. സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം മൂന്നൂറോളം പേരെ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളടക്കം 450 രേഖകൾ തെളിവായി ഹാജരാക്കുന്നുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാകും രണ്ടാംഘട്ട കുറ്റപത്രം നൽകുക.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ദിലീപിനെതിരെ പൊലീസ് നിർണായക തെളിവ് കണ്ടെത്തിയതായി സൂചനയുണ്ട്‌.  ദിലീപിനെതിരായ ഗൂഢാലോചനാ കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് നടന് രക്ഷപ്പെടാൻ പഴുതില്ലാതാക്കുന്ന തെളിവ് അന്വേഷണ സംഘം കണ്ടെത്തിയത്. കഴിഞ്ഞദിവസം ദിലീപ്, അനുജൻ അനൂപ് തുടങ്ങിയവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷവും മുൻപും നടത്തിയ നീക്കത്തിലാണ് കേസിൽ പ്രധാനമായേക്കാവുന്ന തെളിവ് പൊലീസ് കണ്ടെടുത്തത്. ദിലീപിന് നടിയെ ആക്രമിച്ചതിൽ ബന്ധമുണ്ടെന്ന് കോടതിയിൽ സ്ഥാപിക്കാൻ ഇതുകൊണ്ടു സാധിച്ചേക്കുമെന്ന് പൊലീസ് കരുതന്നു.

ഗൂഢാലോചനാ കേസുകളിൽ സാഹചര്യ തെളിവുകളാണ് സാധാരണായായ പരിഗണിക്കുക. എന്നാൽ, അതിൽനിന്നും ഭിന്നമായി അന്വേഷണ സംഘത്തിന്റെ കൃത്യമായ നീക്കം ദിലീപിന് കുരുക്കാകും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിന് കുറ്റപത്രം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉയർന്ന അഭിഭാഷകർ ദിലീപിനുവേണ്ടി കോടതിയിലെത്തുമെന്നതിനാൽ ഒരു തരത്തിലുമുള്ള പഴുതുകളും ഇല്ലാതെയാകും കുറ്റപത്രം സമർപ്പിക്കുക. ഇതിനായി നിയമ വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ടെന്നാണ് വിവരം. കേസിൽ മഞ്ജു വാര്യരെ സാക്ഷിയാക്കണമെന്ന അഭിപ്രായം സജീവമാണ്.

എന്നാൽ ഇക്കാര്യത്തിൽ മഞ്ജുവിന് ചില അസൗകര്യങ്ങളുണ്ട്. അതിനാൽ ദിലീപിന്റെ മുൻ ഭാര്യയെ കേസിൽ സാക്ഷിയാക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. നാളെയോടെ ഇതിലും അന്തിമ ധാരണ വരും. അതിന് ശേഷം കുറ്റപത്രം കോടതിയിൽ നൽകും. കുറ്റപത്രത്തിലെ പിഴവുകൾ ഇല്ലാതാക്കാൻ പല തലത്തിൽ നിയമോപദേശം പൊലീസ് തേടിയിരുന്നു. അതിന് ശേഷമാണ് കുറ്റപത്രത്തിന്റെ അന്തിമ രൂപത്തിലേക്ക് വരുന്നത്. മഞ്ജുവിനെ കേസിൽ സാക്ഷിയാക്കിയില്ലെങ്കിലും ദിലീപിനെതിരായ ചാർജ്ജ് നിലനിൽക്കുമെന്നാണ് കിട്ടിയ നിയമോപദേശം. അതുകൊണ്ട് തന്നെ മഞ്ജുവിനെ സാക്ഷിയാക്കാൻ സാധ്യതയില്ല.

നേരത്തെ ദിലീപിനെ ഒന്നാം പ്രതിയായാണ് കുറ്റം പത്രം തയ്യാറാക്കിയത്. എന്നാൽ കുറ്റപത്രം അഴിച്ചു പണിയേണ്ടി വരുമെന്നതിനാൽ എട്ടാം പ്രതിയാക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി അന്തിമമായ ചില വ്യക്തതകൾ തേടി അന്വേഷണസംഘം ദിലീപിനേയും സഹോദരൻ അനൂപിനേയും ചോദ്യം ചെയ്തിരുന്നു. ദിലീപ് സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതും അന്വേഷണസംഘത്തിന്റെ പരിഗണനയിലാണ്.

നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് ദിലീപ് ഹാജരാക്കിയിരുന്നത്. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഡോക്ടറുടെയും നഴ്‌സുമാരുടെയും മൊഴിയെടുത്തിരുന്നു. അഡ്‌മിറ്റ് ആയില്ലെന്നാണ് ഇവർ മൊഴി നൽകിയത്.

ദിലീപിന് ജാമ്യ ഇളവ് നൽകരുതെന്നും പാസ്‌പോർട് വിട്ടുകൊടുക്കരുതെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടാനും പ്രോസിക്യൂഷൻ തീരുമാനിച്ചിട്ടുണ്ട്. വിദേശത്തുപോകാൻ പാസ്‌പോർട് വിട്ടുനൽകരുതെന്ന് ആവശ്യപ്പെടും. ജാമ്യത്തിലിറങ്ങിയശേഷം സാക്ഷികളെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചതും ഹൈക്കോടതിയെ അറിയിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.