കൊച്ചി:നടിയെ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ഉള്ള കുറ്റപത്രം നാളെ രാവിലെ 11 മണിയോടെ ആങ്കമാലി കോടതിയിൽ സമർപ്പിക്കും. മുഖ്യ അന്വേഷണ ഉദ്യഗസ്ഥനായ പെരുമ്പാവൂർ സി ഐ ബൈജു പൗലോസ് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായിട്ടാണ് ലഭ്യമായ വിവരം.

ദിലീപിനെതിരെ തെളിവില്ലെന്ന പ്രചരണങ്ങൾക്കിടയിലും കേസിൽ ദിലീപിനെ കുടുക്കാൻ പാകത്തിൽ തെളിവുകൾ കൈവശമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷക സംഘം. നടി ആക്രമിക്കപ്പെട്ട ശേഷം കേസിലെ മുഖ്യപ്രതി പൾസർ സുനി നടി കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതായി അന്വേഷക സംഘം കണ്ടെത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരിൽ ഒരാളെ ഈ സംഭവത്തിൽ സാക്ഷിപ്പട്ടികയിൽപ്പെടുത്തുകും ചെയ്തിരുന്നു.എന്നാൽ ഇയാൾ പിന്നീട് നിലപാട് മാറ്റിയതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇതേത്തുടർന്ന് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ സാക്ഷിപ്പട്ടികയിൽപ്പെടുത്തിയെന്നും പൾസർ സുനി സ്ഥാപനത്തിലെത്തുന്നതിന്റെ കൂടുതൽ വ്യക്തതയുള്ള സി സീ ടി വി ദൃശ്യങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ടെന്നും ഇതും കുറ്റപത്രത്തിനൊപ്പം അന്വേഷക സംഘം കോടതിയിൽ എത്തിക്കുമെന്നുമാണ് അറിയുന്നത്.

ദിലീപിനെ കുടുക്കുന്ന എട്ട് തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. മഞ്ജു വാര്യർ സാക്ഷിയായില്ലെങ്കിലും ദിലീപിനെ കുടുക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഒരു കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷൻ ആദ്യം ചെയ്യേണ്ടത് നിയമത്തിന്റെ ഭാഷയിൽ മെൻസ്റിയ തെളിയിക്കണം. മെൻസ്റിയ എന്നാൽ കുറ്റകരമായ ഉദ്ദേശം ഉണ്ടാവുക എന്നതാണ്. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്ത് എന്നതും അമേരിക്കയിലെ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങൾ മഞ്ജുവിനെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണം എന്നും ഉള്ളതാണ് ഈ വിഷയത്തിലെ പ്രധാന മെൻസ്റിയ. അത് തെളിയിക്കാൻ മഞ്ജു വാര്യരയുടെ മൊഴി അത്യാവശ്യം ആണ്. ഇതാണ് പൊലീസിന് ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പിന്മാറ്റം ദിലീപിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഇതിനിടെയിലാണ് പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ദിലീപിനെതിരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗൂഡാലോനകേസ് നിലനിൽക്കുമെന്നും നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ കേസിൽ ശിക്ഷ ഉറപ്പാണെന്നുമാണ് അന്വേഷക സംഘത്തിന്റെ അനുമാനം.മുഖ്യ പ്രതി പൾസർ സുനിയാണ് ഈ കേസിൽ ദിലീപിന്റെ കൂട്ടുപ്രതി. ഇവർ ഇരുവരും കൂടിയാലോചിച്ച് തുക ഉറപ്പിച്ച് കൃത്യം നടത്തിയെന്നാണ് പൊലീസ് വാദം. പൾസർ സുനിയുടെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നതിന് പര്യാപ്തമെന്ന് കരുതപ്പെടുന്ന സാഹചര്യത്തെളിവുകളുമാണ് ഈ കേസിൽ അന്വേഷക സംഘത്തിന്റെ കൈവശമുള്ള കച്ചിത്തുരുമ്പ്. ഇത് കോടതി എത്രത്തോളം വിശ്വാസത്തിലെടുക്കുമെന്ന് കണ്ടറിയണമെന്നാണ് നിലവിലെ സ്ഥിതി. ഈ കേസിൽ ദിലീപ് ശിക്ഷിക്കപ്പെടുന്നതിന് സാദ്ധ്യത നാമമാത്രമായിട്ടാണങ്കിലും നിലനിൽക്കുന്നത് ഈ കേസിൽ മാത്രമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സ്ഥിരം കുറ്റവാളിയായി മുദ്രകുത്തപ്പെട്ട പൾസർ സുനിയുടെ മൊഴി കോടതി വിശ്വാസത്തിലെടുക്കുമോ എന്ന ചർച്ച നിയമവൃത്തങ്ങളിൽ സജീവമാണ്.ഈ ഒരു സാഹചര്യത്തെ പ്രൊസിക്യൂഷൻ എങ്ങിനെ അഭിമൂഖികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ തുടർഭാവിയെന്നും ഇക്കൂട്ടർ വിലയിരുത്തുന്നു. കേസിൽ പൊസിക്യൂഷൻ പരാജയപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ അത് സർക്കാരിന് കനത്ത പ്രഹരമായിരിക്കുമൈന്നുറപ്പാണ്.

ലിംഗം മുറിച്ച സംഭവത്തിൽ സ്വാമി ഗംഗേശാനന്ദയെ പീഡനക്കേസിൽ കുടുക്കി നാണം കെട്ട പൊലീസ് മേധാവി ബി സന്ധ്യ ജനശ്രദ്ധ തിരിക്കാനാണ് ദിലീപിനെ അറസ്റ്റ്് ചെയ്തതെന്ന പ്രചാരണം ശക്തിപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഈ കേസ് സംമ്പന്ധിച്ച കോടതി നടപടികൾ പൊതുസമൂഹത്തിൽ ഏറെ ചർച്ചയാവാനിടയുണ്ടെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.